കേരളത്തിലെ 101 സര്‍ക്കാര്‍/എയ്ഡഡ്, 94 സ്വാശ്രയ, ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (ടി.ടി.ഐ.) നടത്തുന്ന, രണ്ടു വര്‍ഷത്തെ (നാല് സെമസ്റ്റര്‍) ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ (ഡി.എല്‍.എഡ്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഡി.എല്‍.എഡ്. എന്നത്, തുടക്കത്തില്‍ ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റ് (ടി.ടി.സി.) എന്ന പേരിലും പിന്നീട് ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ (ഡി.എഡ്.) എന്ന പേരിലും അറിയപ്പെട്ടിരുന്ന കോഴ്‌സാണ്. ലോവര്‍ പ്രൈമറി/അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ അധ്യാപകരാന്‍ വിദ്യാഭ്യാസയോഗ്യത, കെ.ടെറ്റ് യോഗ്യത, മറ്റു യോഗ്യതകള്‍ എന്നിവയ്‌ക്കൊപ്പം വേണ്ട നിര്‍ബന്ധ യോഗ്യതയാണിത്.

യോഗ്യത

50 ശതമാനം മാര്‍ക്കോടെ (ഒ.ബി.സി. - 45 ശതമാനം, പട്ടിക വിഭാഗം - പാസ്) കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷ ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാരൊഴികെ മൂന്ന് ചാന്‍സില്‍ കൂടുതല്‍ എടുത്ത് (സേവ് എ ഇയര്‍, ചാന്‍സ് ആയി പരിഗണിക്കും) യോഗ്യതാ പരീക്ഷ ജയിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. പ്രായം 2021 ജൂലായ് ഒന്നിന് 17-ല്‍ താഴെയോ 33-നു മുകളിലോ ആകരുത്. ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും വര്‍ഷത്തെ ഇളവ് ഉയര്‍ന്ന പ്രായപരിധിയില്‍ ലഭിക്കും.

അപേക്ഷ

മൊത്തം സീറ്റില്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് സ്ട്രീമുകള്‍ക്ക് യഥാക്രമം 40 ശതമാനം, 40 ശതമാനം, 20 ശതമാനം സീറ്റ് അനുവദിക്കും. ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഒരു വിജ്ഞാപനവും സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് മറ്റൊരു വിജ്ഞാപനവുമാണ് ഇറക്കിയിട്ടുള്ളത്. ഇവ education.kerala.gov.in ല്‍ ഉണ്ട് (അനൗണ്‍സ്മെന്റ്‌സ് ലിങ്ക്). 'ഓരോ വിഭാഗത്തിലെയും സ്ഥാപനങ്ങളുടെ പട്ടികയും അപേക്ഷാഫോറവും വിജ്ഞാപനങ്ങളിലുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റ് ഓപ്പണ്‍ മെറിറ്റും 50 ശതമാനം മാനേജ്‌മെന്റ് സീറ്റുമാണ്.

ഗവണ്‍മെന്റ്/എയ്ഡഡ് വിഭാഗത്തിലും സ്വാശ്രയ വിഭാഗത്തിലും ഒന്നു വീതം റവന്യൂ ജില്ലയിലേക്കേ ഒരാള്‍ക്ക് അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്ന റവന്യൂ ജില്ലയില്‍ പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങള്‍, മുന്‍ഗണന നിശ്ചയിച്ച് അപേക്ഷയില്‍ നല്‍കണം. അപേക്ഷാഫീസ്, ഗവണ്‍മെന്റ്/എയ്ഡഡ് വിഭാഗത്തിലേക്ക് അഞ്ച് രൂപയും സ്വാശ്രയ വിഭാഗത്തിലേക്ക് 100 രൂപയുമാണ്. പട്ടിക വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. പ്രവേശനംതേടുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. വിലാസം വിജ്ഞാപനത്തിലുണ്ട്.

ഇരു വിഭാഗങ്ങളിലെയും മാനേജ്‌മെന്റ്‌ സീറ്റുകളിലേക്കു പരിഗണിക്കപ്പെടാന്‍ ബന്ധപ്പെട്ട സ്ഥാപനത്തിലേക്ക് ഫീസടച്ച്, അപേക്ഷ നല്‍കണം. ഗവ./എയ്ഡഡ് വിഭാഗ മാനേജ്‌മെന്റ് അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട റവന്യൂ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നല്‍കണം. രണ്ടിലും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 23. സംവരണം, തിരഞ്ഞെടുപ്പുരീതി തുടങ്ങിയവ വിജ്ഞാപനത്തില്‍ ലഭിക്കും.

Content Highlights:applications invited for diploma in elementary education