കോവിഡ് വ്യാപനത്തെത്തുതുടര്‍ന്ന് വിവിധ സ്ഥാപനങ്ങളിലെ ചില പ്രധാന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടിയിട്ടുണ്ട്. ചില പ്രധാന പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു.

ജെ.ഇ.ഇ. അഡ്വാന്‍സ്ഡ്: ജൂലായ് മൂന്നിന് നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ഐ.ഐ.ടി. പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട്. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹത നേടുന്നവരെ കണ്ടെത്തുന്നത് ജെ.ഇ.ഇ. മെയിന്‍ ബി.ഇ./ബി.ടെക്. പേപ്പര്‍ റാങ്ക് അടിസ്ഥാനമാക്കിയായതിനാല്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്തേണ്ടിയിരുന്ന ജെ.ഇ.ഇ. മെയിന്‍ പൂര്‍ത്തിയായ ശേഷമേ അഡ്വാന്‍സ്ഡ് നടക്കുകയുള്ളൂ. വെബ് സൈറ്റ്: http://jeeadv.ac.in, https://jeemain.nta.nic.in

നാറ്റ: 2021-22 വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്.) പ്രവേശനത്തിനായി കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (സി.ഒ.എ.) നടത്തുന്ന അഭിരുചി പരീക്ഷയായ നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) രണ്ടാം പരീക്ഷയ്ക്ക് ജൂണ്‍ 30 രാത്രി 11.59 വരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യ പരീക്ഷ ഇതിനകം നടത്തിയിരുന്നു. ജൂണ്‍ 12-ന് നടത്താനിരുന്ന രണ്ടാംപരീക്ഷ ജൂലായ് 11 ലേക്ക് മാറ്റി. വെബ്‌സൈറ്റ്: www.nata.in

നെസ്റ്റ്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നൈസര്‍- ഭുവനേശ്വര്‍), സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (സി.ഇ.ബി.എസ്.- മുംബൈ) എന്നീ സ്ഥാപനങ്ങളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് (നെസ്റ്റ്) ജൂലായ് 15 രാത്രി 11.55 വരെ അപേക്ഷിക്കാം. ജൂണ്‍ 14-നു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന പരീക്ഷ മാറ്റി?െവച്ചു. പുതിയ തീയതി പിന്നീട്. വെബ്‌സൈറ്റ്: https://www.nestexam.in

എ.ഐ.എല്‍.ഇ.ടി: ന്യൂഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ നിയമ ബിരുദ, പി.ജി., പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റിന് (എ.ഐ.എല്‍.ഇ.ടി.) അപേക്ഷിക്കാനുള്ള സമയം ജൂണ്‍ 25 വരെ നീട്ടി. ജൂണ്‍ 20-ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട്. വെബ്‌സൈറ്റ്: http://nludelhi.ac.in

ആര്‍.എ.കെ. കോളേജ് ഓഫ് നഴ്‌സിങ്: ന്യൂഡല്‍ഹിയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്‌സിങ്ങിലെ എം.എസ്സി. നഴ്‌സിങ് പ്രോഗ്രാം പ്രവേശനത്തിന് ജൂണ്‍ 14 വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ജൂണ്‍ 13-ന് നടത്താനിരുന്ന പ്രവേശന പരീക്ഷ 27-ലേക്ക് മാറ്റി. പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് 250 രൂപയാണ്. വെബ്‌സൈറ്റ്: www.rakcon.com

ബിറ്റ്‌സാറ്റ്: ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്) പിലാനി, ഹൈദരാബാദ്, ഗോവ കേന്ദ്രങ്ങളിലെ ആദ്യ ഡിഗ്രി ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ബിറ്റ്‌സ് അഡ്മിഷന്‍ ടെസ്റ്റിന് (ബിറ്റ്‌സാറ്റ്) അപേക്ഷിക്കാനുള്ള സമയം ജൂണ്‍ 30 വൈകീട്ട് അഞ്ചുവരെ നീട്ടി. ജൂണ്‍ 24 മുതല്‍ 29 വരെ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ബിറ്റ്‌സാറ്റ് ഓണ്‍ലൈന്‍ ടെസ്റ്റ് മാറ്റിവെച്ചു. ജൂലായ്, ഓഗസ്റ്റ് മാസത്തില്‍ ഇതു നടത്തിയേക്കാം. വെബ്‌സൈറ്റ്: https://www.bitsadmission.com

കാറ്റ്: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ 'കാറ്റ്' ജൂലായ് 16, 17, 18 തീയതികളില്‍ നടത്തും. സര്‍വകലാശാലാ അഡ്മിഷന്‍ പോര്‍ട്ടല്‍: https://admissions.cusat.ac.in

Content Highlights:Application date extended for various courses