തിരുവനന്തപുരം: ബി.ടെക്. പരീക്ഷയ്ക്കുള്ള ഇയര്‍ ഔട്ട് സംവിധാനം പൂര്‍ണമായി ഒഴിവാക്കണമെന്ന നിര്‍ബന്ധത്തില്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കി. തിങ്കളാഴ്ചയും സാങ്കേതിക സര്‍വകലാശാലാ ആസ്ഥാനം വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. അധികൃതരെ ഓഫീസില്‍ കയറാന്‍ അനുവദിച്ചില്ല. പ്രശ്‌നപരിഹാരത്തിനായി ബുധനാഴ്ച സര്‍വകലാശാല വിദ്യാര്‍ഥിസംഘടനകളുടെ യോഗം വിളിച്ചു.

അതിനിടെ വൈസ് ചാന്‍സലര്‍ കുഞ്ചേറിയ പി. ഐസക് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വി.സി. നേരത്തേ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വി.സി.യെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചത്. എന്‍ജിനീയറിങ് പഠനത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനുള്ള പരിഷ്‌കാരമാണ് ഇയര്‍ ഔട്ട് എന്ന് വി.സി. ഗവര്‍ണറെ അറിയിച്ചു. ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രികൂടി പങ്കെടുക്കട്ടെയെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇയര്‍ ഔട്ട് നടപ്പാക്കിയതിലൂടെ നാലാം സെമസ്റ്ററിലേക്കും ആറാം സെമസ്റ്ററിലേക്കും പ്രവേശിക്കാന്‍ നിശ്ചിത ക്രെഡിറ്റ് ഇല്ലാത്തവരായി എണ്ണായിരത്തോളം വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് ഒരു സപ്ലിമെന്ററി പരീക്ഷ കൂടി അധികമായി നടത്താമെന്ന നിര്‍ദേശമാണ് സര്‍വകലാശാല മുന്നോട്ടുവെയ്ക്കുന്നത്.
 
ഇതുകൊണ്ട് കാര്യമായ പ്രയോജനം ഇല്ലെന്നാണ് അനുഭവം. നേരത്തെ രണ്ടാം സെമസ്റ്ററില്‍ നിശ്ചിത ക്രെഡിറ്റ് ലഭിക്കാത്തവര്‍ 2400 പേരുണ്ടായിരുന്നു. ഇവര്‍ക്ക് അഞ്ചുപ്രാവശ്യം അതേപരീക്ഷ എഴുതാന്‍ അവസരം കിട്ടിയിട്ടും നിശ്ചിത ക്രെഡിറ്റ് ലഭിച്ചത് 300 പേര്‍ക്കുമാത്രമായിരുന്നു. നിശ്ചിത ക്രെഡിറ്റ് ലഭിക്കാതെ സെമസ്റ്ററുകള്‍ പിന്നിടുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ഇയര്‍ ഔട്ട് സംവിധാനം

നാലാം സെമസ്റ്ററിലേക്ക് പ്രവേശിക്കാന്‍ രണ്ടാം സെമസ്റ്ററിലെയും ആറാം സെമസ്റ്ററിലേക്ക് പ്രവേശിക്കാന്‍ നാലാം സെമസ്റ്ററിലെയും പരീക്ഷകള്‍ക്ക് നിശ്ചിത ക്രെഡിറ്റ് വേണം. ഇല്ലെങ്കില്‍ നിശ്ചിത ക്രെഡിറ്റ് ലഭിക്കാന്‍ അടുത്ത ബാച്ചിനൊപ്പം പരീക്ഷയെഴുതണമെന്നതാണ് ഇയര്‍ ഔട്ട് സംവിധാനം. കഴിഞ്ഞവര്‍ഷമാണ് പരിഷ്‌കാരം നിലവില്‍ വന്നത്. അന്നുതന്നെ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് ക്രെഡിറ്റുകളുടെ എണ്ണം കുറച്ചുനല്‍കി. ക്രെഡിറ്റ് കണക്കാക്കുന്ന സെമസ്റ്റര്‍ മാറ്റി സാവകാശം നല്‍കി.

നിലവില്‍ രണ്ടാം സെമസ്റ്ററില്‍ 45 -ല്‍ 26 -ഉം നാലാം സെമസ്റ്ററില്‍ 94-ല്‍ 71 -ഉം ക്രെഡിറ്റ് വേണം. ജയിക്കാത്ത പേപ്പറുകള്‍ പിന്നീട് എഴുതിയെടുക്കാന്‍ കഴിയാതെ ബി.ടെക്. പഠനം പൂര്‍ത്തിയാക്കി ഭാവിനഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഇയര്‍ ഔട്ട് സംവിധാനം. എന്‍ജിനീയറിങ് അഭിരുചിയില്ലാത്തവര്‍ നേരത്തേ കോഴ്‌സ് വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുന്നതിലൂടെ അവര്‍ക്ക് ഗുണകരമാകുമെന്നാണ് അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.