തിരുവനന്തപുരം: എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല 2021-22  അധ്യയന വര്‍ഷത്തേക്കുള്ള അഫിലിയേഷനായി സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പുതിയ സ്ഥാപനങ്ങള്‍ക്കും അഫിലിയേഷന്‍ പുതുക്കുന്നതിനായി നിലവിലുളള സ്ഥാപനങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. എഞ്ചിനീയറിംഗ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, എംബിഎ, എംസിഎ, ഡിസൈന്‍, ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി എന്നിവയില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  അപേക്ഷകള്‍ ഓണ്‍ലൈനായി സര്‍വകലാശാലാ വെബ്‌സൈറ്റ് (www.ktu.edu.in) മുഖേനയാണ്  സമര്‍പ്പിക്കേണ്ടത്. 

പുതിയ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്ന എല്ലാ സ്ഥാപനങ്ങളും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ പുറപ്പെടുവിച്ച 2021-22 ലെ  അപ്പ്രൂവല്‍ പ്രോസസ്സ് ഹാന്‍ഡ്ബുക്കിലെ വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. നിലവിലുള്ള പ്രോഗ്രാമുകള്‍ക്ക് കീഴില്‍ പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എന്‍ബിഎ അക്രഡിറ്റേഷനുള്ള കോഴ്സുകള്‍  ഉണ്ടായിരിക്കണം. 

എ.ഐ.സി.ടി യുടെയും  മറ്റ് റെഗുലേറ്ററി ബോഡികളുടെയും  അംഗീകാരത്തിന്റെയും സര്‍വകലാശാലയുടെ വിദഗ്ധ പരിശോധന സമിതികളുടെ റിപോര്‍ട്ടിന്റെയും  അടിസ്ഥാനത്തിലായിരിക്കും പുതിയ കോഴ്സുകള്‍ക്കും അധിക സീറ്റുകള്‍ക്കും സര്‍വകലാശാല അംഗീകാരം നല്‍കുക.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന്റെയും പ്രോസസ്സിംഗ് ഫീസ് ഓണ്‍ലൈനായി അടക്കേണ്ടതിന്റെയും അവസാന തീയതി ജൂലൈ എട്ടാണ്. 50,000 രൂപ പിഴയോടെ കൂടി  ജൂലൈ 10 വരെയും  അപേക്ഷ സമര്‍പ്പിക്കാം. അഫിലിയേഷന്‍ ഫീസ് ജൂലൈ 31 വരെ അടയ്ക്കാം

കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ് www.ktu.edu.in

Content Highlights:APJ ABDUL KALAM TECHNOLOGICAL UNIVERSITY Invites application for affiliation