കായംകുളം: ഉത്തരക്കടലാസുകള്‍ കത്തിനശിച്ച വിദ്യാര്‍ഥികള്‍ക്കുവേണ്ടി കേരള സര്‍വകലാശാല വീണ്ടും പരീക്ഷ നടത്തും. ബി.എസ് സി. രസതന്ത്രം ഒന്നാംസെമസ്റ്റര്‍ പരീക്ഷയുടെ 30 ഉത്തരക്കടലാസുകളാണ് കായംകുളം എം.എസ്.എം.കോളേജിലെ അധ്യാപിക ആര്‍.അനുവിന്റെ വീട്ടില്‍വെച്ച് കത്തിനശിച്ചത്. പോലീസിന്റെ എഫ്.ഐ.ആര്‍.സഹിതം റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.

തുടര്‍നടപടികളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സിന്‍ഡിക്കേറ്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ്. അതിനായി റിപ്പോര്‍ട്ട് ഉടന്‍തന്നെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നല്‍കും. ഏത് കോളേജിലെ കുട്ടികളുടെ ഉത്തരക്കടലാസാണ് നശിച്ചതെന്ന് കണ്ടെത്തി എത്രയുംവേഗം പരീക്ഷ നടത്തി മറ്റ് കുട്ടികള്‍ക്കൊപ്പം ഫലം പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എന്‍.ഗോപകുമാര്‍ പറഞ്ഞു.

ടേബിള്‍ ലാമ്പ് ഉത്തരക്കടലാസുകള്‍ക്ക് മുകളില്‍ വെച്ചിട്ട് ആഹാരം കഴിക്കാന്‍പോയെന്നും മടങ്ങിയെത്തിയപ്പോള്‍ ഉത്തരക്കടലാസുകള്‍ കത്തിക്കരിഞ്ഞു കിടക്കുകയായിരുന്നെന്നും അധ്യാപിക അനു പറഞ്ഞു.

വിശദമായ അന്വേഷണം നടത്തും

ഉത്തരക്കടലാസുകള്‍ കത്തിനശിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്.ബാബുജാന്‍, എ.അജികുമാര്‍ എന്നിവര്‍ പറഞ്ഞു. ബന്ധപ്പെട്ട അധ്യാപികയെ സര്‍വകലാശാല നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം കേള്‍ക്കും. തുടര്‍ന്നായിരിക്കും വിശദമായ അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍വകലാശാലയുടെ അന്തിമ നടപടിയെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു.

Content Highlights: Answer sheet burnt; Reexamination for 30 students, Kerala University