കോഴിക്കോട്: പാട്ടും നൃത്തവും കഥയും കവിതയും പ്രസംഗവുമൊക്കെ ഒന്നുകൂടി പഠിച്ചുറപ്പിക്കുകയാണ് കുട്ടികള്‍. പുത്തന്‍ അധ്യയനവര്‍ഷത്തിന് തുടക്കമാവുന്ന ചൊവ്വാഴ്ച പ്രവേശനോത്സവത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്താനുള്ള ഒരുക്കമാണ്. കൂട്ടുകാരെയൊന്നും നേരില്‍ കാണാനാവില്ലെങ്കിലും ഓണ്‍ലൈനില്‍ പ്രകടനം ഉഷാറാക്കാനുള്ള തിരക്കിലാണ് വീടുകളില്‍ കുട്ടികള്‍.

ഓണ്‍ലൈനില്‍ വീണ്ടുമൊരധ്യയനവര്‍ഷത്തിനാണ് ചൊവ്വാഴ്ച തുടക്കമാവുന്നത്. സംസ്ഥാനതലത്തിലും സ്‌കൂള്‍, ക്ലാസ് തലങ്ങളിലുമുള്ള പ്രവേശനോത്സവത്തിനുപുറമേ, വീടുകളിലും പ്രവേശനോത്സവമുണ്ടെന്നതാണ് ഇത്തവണത്തെ കൗതുകം.

എല്ലാം ഓണ്‍ലൈനില്‍ത്തന്നെ. പുതിയ കുട്ടികളെ സ്വാഗതംചെയ്തുകൊണ്ട് മുതിര്‍ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ക്കാണ് പ്രാമുഖ്യം.

സ്‌കൂള്‍തലത്തില്‍ ഈ പരിപാടികള്‍ക്കായുള്ള ആസൂത്രണം ദിവസങ്ങള്‍ക്കുമുമ്പേ തുടങ്ങി. വീടുകളില്‍ കലാപ്രകടനങ്ങള്‍ ചിത്രീകരിച്ച് സ്‌കൂള്‍ ഗ്രൂപ്പുകളിലേക്ക് അയയ്ക്കുന്നതിന്റെ തിരക്കാണ്. ചൊവ്വാഴ്ച സംസ്ഥാനതല പരിപാടി കഴിഞ്ഞാല്‍ ഓരോ സ്‌കൂള്‍തലത്തിലും ഓണ്‍ലൈന്‍ പ്രവേശനോത്സവമുണ്ടാകും.

ജില്ലയിലെ മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികള്‍, കളക്ടര്‍, ഡി.ഡി.ഇ. മുതലുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സന്ദേശങ്ങള്‍ ഓണ്‍ലൈനായി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ ഉള്‍പ്പെടുത്തും.

വീടുകളിലെ പ്രവേശനോത്സവത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഓണ്‍ലൈന്‍ ആശംസകള്‍, മധുരവിതരണം, സകുടുംബം വിക്ടേഴ്സ് ചാനല്‍ കാണല്‍, കലാപരിപാടികളുടെ അവതരണം തുടങ്ങിയവയൊക്കെയാണ് നിര്‍ദേശിക്കപ്പെട്ടത്.

Content Highlights: Another academic year starts online, Covid-19