aicteതിരുവനന്തപുരം: എല്ലാ എന്‍ജിനീയറിങ് കോളേജുകളിലും ഭിന്നശേഷിക്കാര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.).

ചക്രക്കസേര വേണ്ടവര്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, കേള്‍വികാഴ്ച ശക്തി കുറഞ്ഞവര്‍, പഠനബുദ്ധിമുട്ടുള്ളവര്‍, അപകടത്തില്‍പ്പെട്ട് താത്കാലികമായി ബുദ്ധിമുട്ടുന്നവര്‍ എന്നിവര്‍ക്കായി കോളേജുകളില്‍ സ്ഥിരംസംവിധാനം ഒരുക്കണം. 

ശാരീരിക ബുദ്ധിമുട്ടനുഭവിച്ച് സാങ്കേതിക വിദ്യാഭ്യാസ പഠനം നടത്തുന്നവര്‍ എത്രയെന്ന കണക്ക് അഖിലേന്ത്യാ കൗണ്‍സിലിന്റെ പക്കലില്ല. അടുത്തവര്‍ഷം മുതല്‍ കോളേജ് പ്രവേശനസമയത്തുതന്നെ ഇങ്ങനെയുള്ള കുട്ടികളുടെ രജിസ്റ്റര്‍ സൂക്ഷിക്കണം. 

മറ്റ് നിര്‍ദേശങ്ങള്‍

  • റാമ്പുകള്‍, ലിഫ്റ്റ്, പടികള്‍, കൈപ്പിടികള്‍, പ്രവേശനകവാടം, വാതിലുകള്‍, വരാന്ത, ശൗചാലയം, ക്ലാസ് മുറി, കോണ്‍ഫറന്‍സ് ഹാള്‍, ഭക്ഷണശാല, ഹോസ്റ്റല്‍ തുടങ്ങിയ ഇടങ്ങള്‍ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സുഗമമായി കടന്നുചെല്ലാവുന്ന രീതിയിലാകണം.
  • ചക്രക്കസേരകള്‍ കടക്കാവുന്നത്ര വീതി വാതിലുകള്‍ക്കുണ്ടാകണം. കുത്തനെയുള്ള പടികയറുന്നതിന് പകരം ചക്രക്കസേരകള്‍ ഉപയോഗിക്കുന്നതിനാണ് റാമ്പ്.
  • ലിഫ്റ്റിന്റെ സ്വിച്ച് ഇരുന്നുകൊണ്ടുതന്നെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധമാകണം.
  • ക്ലാസ് മുറികളില്‍ രണ്ടുമുതല്‍ അഞ്ചുശതമാനം വരെയുള്ള സീറ്റുകള്‍ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് അനുയോജ്യമാംവിധം ക്രമീകരിക്കണം. 
  • ലാബുകളിലുംപ്രത്യേക സൗകര്യം ഒരുക്കണം. 
  • ഹോസ്റ്റലിലേക്ക് കയറാന്‍ റാമ്പ് വേണം. 
  • രണ്ടുശതമാനം മുറികള്‍ ഇവര്‍ക്കായി മാറ്റിയിടണം. 
  • ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുവാഹനങ്ങള്‍ ക്രമീകരിക്കണം. 
  • അത്യാഹിതമുണ്ടായാല്‍ ചക്രക്കസേരയിലും മറ്റും രക്ഷപ്പെടാന്‍ പ്രത്യേകപാതയും ഒരുക്കണം.
  • ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ കാമ്പസിലേക്ക് വന്നാല്‍ സഹായം വാഗ്ദാനം ചെയ്യാം. എന്നാല്‍, അവരത് സ്വീകരിച്ചാല്‍ മാത്രമേ ഒപ്പം നടന്ന് സഹായിക്കാവൂ.