കൊച്ചി: ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും മറ്റ് ആറ് എയിംസുകളിലും നടത്തുന്ന എംബിബിഎസ് കോഴ്സിന് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി 23, വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി www.aiimsexams.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. 

രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളില്‍ മേയ് 28 ഞായറാഴ്ച എയിംസ് എന്‍ട്രന്‍സ് പരീക്ഷ നടത്തും. ഓണ്‍ലൈന്‍ രീതിയില്‍ മാത്രമേ പരീക്ഷ നടത്തുകയുള്ളൂ. രാവിലെ 9 മുതല്‍ 12.30 വരെയും വൈകീട്ട് 3 മുതല്‍ 6.30 വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിട്ടാണ് എന്‍ട്രന്‍സ് നടത്തുക. 

പന്ത്രണ്ടാം ക്ലാസില്‍ അഥാവാ അതിന്റെ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളോടെ മൊത്തം 60% മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കും ഇപ്പോള്‍ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി/ ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക് മതിയാകും. ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസ് 1000 രൂപയും SC/ST വിഭാഗക്കാര്‍ക്ക് 800 രൂപയുമാണ്. ഭിന്നശേഷിക്കാരെ അപേക്ഷാഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

ന്യൂഡല്‍ഹിക്ക് പുറമേ, പട്ന, ഭോപാല്‍, ജോധ്പൂര്‍, ഭൂവനേശ്വര്‍, ഋഷികേശ്, റായ്പൂര്‍ എന്നിവിടങ്ങളിലുള്ള എയിംസുകളില്‍ എംബിബിഎസ് പ്രവേശനത്തിന് ഒരൊറ്റ അപേക്ഷ മതിയാകും. വിശദമായ പ്രോസ്പെക്ടസിനും അപേക്ഷാസമര്‍പ്പണത്തിനും www.aiimsexams.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.