കൊച്ചി: എറണാകുളം, ആലപ്പുഴ ജില്ലകളിലെ എയ്‌ഡഡ് കോളേജ് അധ്യാപകർക്ക് ശമ്പള വർധന ലഭിക്കുന്നില്ല. മാർച്ച് മുതൽ മറ്റ് ജില്ലകളിലെ എയ്‌ഡഡ് കോളേജ് അധ്യാപകർക്ക് പുതുക്കിയ ശമ്പളം നൽകിത്തുടങ്ങി. കുടിശ്ശിക അടക്കം പലയിടത്തും നൽകുന്നുമുണ്ട്. എന്നാൽ ഉദ്യോഗസ്ഥരില്ലെന്നും മറ്റുമുള്ള കാരണങ്ങൾ പറഞ്ഞ് ആലപ്പുഴ, എറണാകുളം ജില്ലകളിലെ അധ്യാപകർക്ക് പുതുക്കിയ ശമ്പളം നൽകാതെ പിടിച്ചു വെച്ചിരിക്കുകയാണ്.

എറണാകുളം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിനു കീഴിൽ വരുന്ന എറണാകുളത്തെ 28 കോളേജുകളിലും ആലപ്പുഴയിലെ അഞ്ച് കോളേജുകളിലുമുള്ള അധ്യാപകരാണ് പ്രശ്നം നേരിടുന്നത്.

മാർച്ചിലെ ശമ്പളം മുതൽ വർധിപ്പിച്ച് നൽകുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. മാർച്ചിൽ തന്നെ ഫയലുകൾ കോളേജുകൾ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, എറണാകുളത്തെ ഓഫീസിൽ ഇവ പരിശോധിക്കുകയോ ഫയലുകൾ നീക്കുകയോ ചെയ്തില്ല.

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല, ഉദ്യോഗസ്ഥർക്ക് കോവിഡാണ് എന്നിങ്ങനെ പല കാര്യങ്ങളാണ് നടപടി വൈകാൻ കാരണമായി പറയുന്നത്. മേയ് മാസത്തിൽ ലോക്ഡൗൺ ആണെന്നുള്ള ന്യായവും. ഏപ്രിൽ ആറിന് ശേഷം എറണാകുളം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസ് പൂർണമായി പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം.

ഗവ. ജീവനക്കാർക്കും സ്കൂൾ അധ്യാപകർക്കും പുതുക്കിയ ശമ്പളം ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച് നൽകുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തു. കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്കരണം 2016-ൽ വന്നതാണ്. 2021 ഫെബ്രുവരിയിൽ അവസാന ഉത്തരവ് ഇറങ്ങുകയും ചെയ്തു. എന്നാൽ, മാസങ്ങൾ കഴിയുമ്പോഴും ശമ്പള വർധന ലഭിക്കുന്നില്ല.

ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തുന്നത്.

Content Highlights: Aided college teachers salary is pending