ആലപ്പുഴ: കോളേജ് അധ്യാപക നിയമനത്തിനു യോഗ്യതയുടെയും കൂടിക്കാഴ്ചയുടെയും മാര്‍ക്കുകള്‍ കൂട്ടുന്നതിനെച്ചൊല്ലി സര്‍വകലാശാലകളില്‍ തര്‍ക്കം രൂക്ഷം. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ എയ്ഡഡ് കോളേജ് അധ്യാപകനിയമനം സ്തംഭിച്ചു.

യോഗ്യതയ്ക്കു നിഷ്‌കര്‍ഷിച്ച മാര്‍ക്കല്ല, കൂടിക്കാഴ്ചയുടെ മാര്‍ക്കാണു പ്രധാനമാക്കേണ്ടതെന്നാണ് യു.ജി.സി. നിയമം. എന്നാല്‍, രണ്ടും ഒരുമിച്ചു ചേര്‍ക്കണമെന്നാണ് കേരളത്തിലെ സര്‍വകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും നിലപാട്. ഇതനുസരിച്ച് കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ നിയമഭേദഗതി വരുത്തി. ഇതിനെതിരേ ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമനം അനിശ്ചിതത്വത്തിലായത്.

ജൂലായ് മുതല്‍ യു.ജി.സി. മാനദണ്ഡം നടപ്പാക്കണമെന്ന കര്‍ശന നിര്‍ദേശം വന്നതോടെയാണ് കലാശാലകള്‍ അധ്യാപകനിയമനത്തിനുള്ള നിയമം ഭേദഗതിചെയ്തുതുടങ്ങിയത്. യു.ജി.സി. മാര്‍ഗരേഖ പ്രകാരം സര്‍വകലാശാലാ നിയമനങ്ങള്‍ക്ക് പിഎച്ച്.ഡി. അടിസ്ഥാനയോഗ്യതയായി. എന്നാല്‍, കോളേജുകളിലേക്കുള്ള നിയമനങ്ങളുടെ അടിസ്ഥാനയോഗ്യത നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് ജയിച്ചാല്‍ മതിയെന്നതാണ്. സര്‍വകലാശാലകള്‍ കൂടിക്കാഴ്ചയുടെയും യോഗ്യതയുടെയും മാര്‍ക്ക് ഒരുമിച്ചുകൂട്ടിയാല്‍ നെറ്റ് യോഗ്യതക്കാര്‍ക്ക് നിയമനമേ കിട്ടാത്ത അവസ്ഥവരും. ഇതാണു തര്‍ക്കം മുറുകാന്‍ കാരണം.

യു.ജി.സി. നിയമപ്രകാരം അധ്യാപക നിയമനത്തിനുള്ള തിരഞ്ഞെടുപ്പു നടക്കുക രണ്ടു ഘട്ടങ്ങളിലായാണ്. രണ്ടാംഘട്ടത്തിലാണ് കൂടിക്കാഴ്ച.ഉദ്യോഗാര്‍ത്ഥിക്കു മാര്‍ക്കിടുമ്പോള്‍ ചുരുക്കപ്പട്ടികയില്‍ ലഭിച്ച മാര്‍ക്ക് പരിഗണിക്കരുതെന്നാണ് യു.ജി.സി. പറയുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിനാണ് തിരഞ്ഞെടുപ്പുപ്രക്രിയ രണ്ടായി നടത്തുന്നത്. യു.ജി.സി. ഉത്തരവു മറികടക്കാന്‍ സര്‍വകലാശാലകള്‍ക്ക് അധികാരവുമില്ല.

Content Highlights: Aided college teachers appointment stopped, UGC Guideline