ന്യൂഡല്‍ഹി: ജീവനക്കാര്‍ക്കെല്ലാം കൃത്യസമയത്ത് ശമ്പളം നല്‍കണമെന്ന് സ്വാശ്രയ എന്‍ജിനീയറിങ്, ടെക്‌നിക്കല്‍ കോളേജുകളോട് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ). മാര്‍ച്ച് മുതലുള്ള ശമ്പളം കിട്ടിയിട്ടില്ലെന്ന് പല സ്ഥാപനങ്ങളിലെ ജീവനക്കാരും പരാതി ഉന്നയിച്ചതോടെയാണ് ഇത്തരമൊരു മുന്നറിയിപ്പുമായി എ.ഐ.സി.ടി.ഇ മുന്നോട്ട് വന്നത്. 

രാജ്യം നേരിടുന്നത് വലിയൊരു പ്രതിസന്ധിയെയാണെന്നും ഈ ഘട്ടത്തില്‍ ശമ്പളം നല്‍കാതിരിക്കുന്നത് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ദി വ്യക്തമാക്കി. എത്രയും വേഗം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കണണെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ചില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും പല സ്ഥാപനങ്ങളിലും ഓണ്‍ലൈനായി ക്ലാസ്സുകളും പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ ഫീസടയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നേരത്തെ എ.ഐ.സി.ടി.ഇ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ലോക്ക്ഡൗണ്‍ കാലത്തെ പിരിച്ചു വിടലുകളും ശമ്പളം വെട്ടിക്കുറയ്ക്കലും അസാധുവാക്കുമെന്നും എ.ഐ.സി.ടി.ഇ അറിയിച്ചു. 

Content Highlights: AICTE Directs Engineering Colleges, Tech Institutes To Pay Salaries On Time, Lockdown, Corona Virus