ന്യൂഡല്‍ഹി: എന്‍ജിനീയറിങ് ഉള്‍പ്പടെ വിവിധ സാങ്കേതിക കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ ഇന്റേണ്‍ഷിപ്പിന്റെ സമയമാണിപ്പോള്‍. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് സ്ഥാപനങ്ങളില്‍ പോയുള്ള ഇന്റേണ്‍ഷിപ്പില്‍നിന്നും വിദ്യാര്‍ഥികളെ ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (എ.ഐ.സി.ടി.ഇ) രംഗത്ത്.

വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍നിന്ന് ജോലി ചെയ്യാന്‍ കഴിയുന്ന ഇന്റേണ്‍ഷിപ്പ് നല്‍കാന്‍ എ.ഐ.സി.ടി.ഇ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. നിരവധി വിദ്യാര്‍ഥികള്‍ ഈ തീരുമാനത്തിനെതിരെ ആശങ്ക ഉന്നയിച്ചതിനുപിന്നാലെ, നിലവിലെ സാഹചര്യത്തില്‍ എ.ഐ.സി.ടി.ഇ. നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് നയം പാലിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ട്വീറ്റ് ചെയ്തു.

സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റ് നടപടികളും പാലിക്കാന്‍ എ.ഐ. സി.ടി.ഇ. സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. തിരുമാനത്തോട് വിദ്യാര്‍ഥികളില്‍നിന്നും എ.ഐ. സി.ടി.ഇ.ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഇന്റേണ്‍ഷിപ്പുകള്‍ തങ്ങളുടെ കരിയറിന് വളരെ പ്രധാനമാണെന്നും ഇന്റേണ്‍ഷിപ്പ് റദ്ദാക്കരുതെന്ന് എ.ഐ.സി.ടി.ഇയോട് അഭ്യര്‍ഥിക്കുന്നതായും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. ഇന്റേണ്‍ഷിപ്പിന്റെ കാലാവധി കൊറോണ ഭീഷണി അകലുന്നതുവരെ നീട്ടിനല്‍കണമെന്നും അവര്‍ പറയുന്നു.

Content Highlights: AICTE Asks Students Not to Take Summer Internships in Other Organisations