ന്യൂഡൽഹി: എൻജിനിയറിങ് കോഴ്സുകൾക്ക് അംഗീകാരം നൽകുമ്പോൾ എ.ഐ.സി.ടി.ഇ. നിർദേശിച്ചതിനെക്കാൾ നിലവാര മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സർവകലാശാലകൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. സർവകലാശാലകൾക്ക് അധിക നിബന്ധനകൾ വെക്കാനാവില്ലെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല നൽകിയ അപ്പീലിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. എ.ഐ.സി.ടി.ഇ.യുടെ മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ സർവകലാശാലകൾക്ക് സാധിക്കില്ലെങ്കിലും കൂടുതൽ കർശനമാക്കാമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് എന്ന പുതിയ കോഴ്സിന്റെ അംഗീകാരത്തിനായി എറണാകുളത്തെ ജയ്ഭാരത് കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് എൻജിനീയറിങ് സമർപ്പിച്ച അപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദേശിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി. എ.ഐ.സി.ടി.ഇ.യുടെ നിയന്ത്രണ, അംഗീകാര നടപടിക്രമങ്ങളുടെ കൈപുസ്തകത്തിൽ ചട്ടങ്ങളെല്ലാം പറയുന്നുണ്ട്. അതിനാൽ അധിക നിബന്ധന വെക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

എ.ഐ.സി.ടി.ഇ.ക്ക് അപേക്ഷ നൽകുന്നതിനൊപ്പം അഫിലിയേഷനുവേണ്ടി സർവകലാശാലയ്ക്കും കോളജ് അപേക്ഷ നൽകിയിരുന്നു. എ.ഐ.സി.ടി.ഇ.യുടെ അനുമതി ലഭിക്കുകയും ചെയ്തു. ഈ സമയം സംസ്ഥാനത്തെ സ്വാശ്രയ എൻജിനിയറിങ് കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് കൂടുന്നതായി വിദഗ്ധസംഘം കണ്ടെത്തി. 2015-'16-ൽ ആകെയുള്ള 58,165 സീറ്റുകളിൽ 19,468 എണ്ണം ഒഴിഞ്ഞുകിടന്നു. തുടർവർഷങ്ങളിലും കൂടിവന്നു. ഈ പശ്ചാത്തലത്തിൽ പുതിയ സ്വാശ്രയ എൻജിനിയറിങ് കോഴ്സുകൾക്ക് അനുമതി നൽകുന്നതിന് സംസ്ഥാനസർക്കാർ കൂടുതൽ നിബന്ധനകൾ വെച്ചുകൊണ്ട് ഉത്തരവിറക്കി. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേയാണ് സർവകലാശാല സുപ്രീംകോടതിയെ സമീപിച്ചത്.

1997-ന് മുൻപ് അയൽസംസ്ഥാനങ്ങളിൽ സ്വാശ്രയ എൻജിനിയറിങ് കോളജുകൾ കൂണുപോലെ മുളച്ചുപൊങ്ങുമ്പോഴും കേരളത്തിൽ 15 എണ്ണം മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രണ്ടു ദശാബ്ദത്തിനിടെ കേരളത്തിലും സ്വാശ്രയ എൻജിനിയറിങ് കോളജുകളുടെ എണ്ണം വർധിച്ചു. ഇപ്പോൾ 149 എൻജിനിയറിങ് കോളജുകളിലായി 47,420 സീറ്റുണ്ട്.

Content Highlights: Affiliation to engineering colleges, universities can impose additional conditions says supreme court