തൃശ്ശൂര്‍: ഹയര്‍ സെക്കന്‍ഡറിക്ക് വീണ്ടും സീറ്റ് വര്‍ധിപ്പിച്ചതോടെ ചില  സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ കുട്ടികള്‍ തിങ്ങിനിറയും. അതേസമയം,  ചിലയിടങ്ങളിലെ ക്ലാസുകള്‍ കൂടുതല്‍ കാലിയാവുകയും ചെയ്യും. 

തീരുമാനം അശാസ്ത്രീയമെന്ന ആക്ഷേപം ആദ്യദിനംതന്നെ ഉയര്‍ന്നുകഴിഞ്ഞു. പുതിയ തീരുമാനപ്രകാരം 65 കുട്ടികളെവരെ പ്ലസ്വണ്‍ ക്ലാസില്‍ പ്രവേശിപ്പിക്കാം. ഇത്രയും കുട്ടികളെ ഉള്‍ക്കൊള്ളാനുള്ള ഭൗതികസാഹചര്യങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

എസ്.എസ്.എല്‍.സി. ജയിച്ച ഒരു കുട്ടിക്കുപോലും പ്ലസ്വണ്ണിന് പ്രവേശനം കിട്ടാതെ പോകരുതെന്ന കാഴ്ചപ്പാടിലാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രണ്ടുഘട്ടമായി 30 ശതമാനം സീറ്റാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും സീറ്റ് വര്‍ധന നടപ്പാക്കാന്‍ ബാധ്യസ്ഥമാണ്. നഗരകേന്ദ്രീകൃതമായ വന്‍കിട സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്ക്   ഇതുമൂലം ഉണ്ടാവും. ഗ്രാമീണ സ്‌കൂളുകളിലും നഗരങ്ങളില്‍ത്തന്നെ രണ്ടാംനിരയിലുള്ള സ്‌കൂളുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാനിടയുണ്ട്. 

ക്ലാസ്മുറികള്‍ തിങ്ങിനിറയും  

30 അടി നീളവും 20 അടി വീതിയുമുള്ള ക്ലാസ്മുറികളാണ് ഹയര്‍  സെക്കന്‍ഡറി സ്‌കൂളുകളില്‍ വേണ്ടത്. ഈ ക്ലാസുകള്‍ 40 കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യം മുന്നില്‍ക്കണ്ടുള്ളതാണ്. സംസ്ഥാനത്ത് പുതുതായി പണിത ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികള്‍ 50 ശതമാനമേ വരൂ. ബാക്കിയുള്ള സ്ഥലങ്ങളില്‍ ഹൈസ്‌കൂളുകളിലെ 20x20 അടി വിസ്തീര്‍ണമുള്ള ക്ലാസ് മുറികളാണ്. നിലവിലുള്ള സ്ഥിതിയില്‍പോലും  കുട്ടികളെ കുത്തിനിറയ്ക്കുമ്പോഴാണ് കുട്ടികളുടെ എണ്ണം 65 ആകുന്നത്. ഒരു ബെഞ്ചില്‍ ഏഴുപേരെ വരെ ഇരുത്തേണ്ടിവരുമെന്ന് ചില സ്‌കൂളുകാര്‍ ആശങ്കപ്പെടുന്നുണ്ട്.

നേരിടുന്ന മറ്റ് പ്രശ്നങ്ങള്‍ 

  •  അധ്യാപകന് വ്യക്തിഗതശ്രദ്ധയ്ക്കുള്ള അവസരം കുറയും
  •  ലാബില്‍ കുട്ടികള്‍ക്ക് വേണ്ടത്ര സൗകര്യമുണ്ടാവില്ല
  •  ശൗചാലയങ്ങള്‍ കുട്ടികളുടെ എണ്ണത്തിന് പര്യാപ്തമാവില്ല
  •  പരീക്ഷയ്ക്ക് സീറ്റ് ക്രമീകരിക്കാന്‍ പ്രയാസമാവും

ഭൗതികസൗകര്യങ്ങള്‍ ഒരുക്കണം 

പ്ലസ്വണ്‍ ക്ലാസുകളില്‍ ക്രമാതീതമായി സീറ്റുകള്‍ കൂട്ടുമ്പോള്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടാവരുത്. വേണ്ടത്ര ഭൗതികസൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും വേണം. 
 -പി. സുരേഷ് (ചെയര്‍മാന്‍, സംസ്ഥാന ബാലാവകാശ കമ്മിഷന്‍)

Content Highlights: Plus One Admission, Additional Hike in HS Seats