ന്യൂഡല്‍ഹി: സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂലായില്‍ ആരംഭിക്കേണ്ട അക്കാദമിക് സെഷനുകള്‍ കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബറില്‍ തുടങ്ങാമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) നിയോഗിച്ച പാനലിന്റെ നിര്‍ദേശം. എന്നാല്‍ യുജിസി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവിലെ സഹചര്യങ്ങള്‍ പരിഗണിക്കാന്‍ രണ്ട് സമിതികളെ നിയോഗിച്ചതായി യുജിസി വ്യക്തമാക്കി.

പുതിയ അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആര്‍.സി. കുഹാദിന്റെ നേതൃത്വത്തിലുള്ള സമിതിയും ഇഗ്‌നോ വൈസ് ചാന്‍സലര്‍ നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സമിതി ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും നിര്‍ണായക  റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ച യുജിസിക്ക് സമര്‍പ്പിച്ചു. 


രണ്ടും റിപ്പോര്‍ട്ടുകളും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്തയാഴ്ചക്കുള്ളില്‍ പുതിയ അധ്യയന വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്കുള്ള നടപടികള്‍ക്ക് രൂപം നല്‍കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. യോഗ്യതാപരീക്ഷകളും പ്രവേശന പരീക്ഷകളും മാറ്റിവെച്ചതും അധ്യയന വര്‍ഷം തുടങ്ങുന്നതിന് തടസമാകും.

മാറ്റിവെച്ച പരീക്ഷകള്‍ ഉള്‍പ്പടെ ഓണ്‍ലൈനായി നടത്തുന്ന കാര്യം സര്‍വകലാശാലകള്‍ പരിഗണിക്കണമെന്ന് യുജിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ഓണ്‍ലൈന്‍ പരീക്ഷ നടത്താനായേക്കില്ല. പലയിടത്തും വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. ഇത് പ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണമാക്കുന്നുണ്ട്.

Content Highlights: Academic session in varsities can start from September: UGC Pannel Recommendation