കോട്ടയം: മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ 18 ഗവേഷണകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന അക്കാദമിയ കോംപ്ലക്‌സിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വഹിക്കും. ഗവേഷണം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് അക്കാദമിയ കോംപ്ലക്‌സിന്റെ ലക്ഷ്യം.

സര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇതിനുള്ള കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വത്തില്‍ നടന്ന കോട്ടയം സമ്പൂര്‍ണ സാക്ഷരത യജ്ഞത്തിന്റെ വാര്‍ഷികാഘോഷവും അദ്ദേഹം ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ സാബു തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി ഡോ.കെ.ടി.ജലീല്‍ അധ്യക്ഷത വഹിക്കും.

എട്ടുനിലകളിലായി 1.10 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടം 34.42 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചത്. 

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കുള്ള ഡയറക്ടറേറ്റ് ഉദ്ഘാടനം നാളെ 

എം.ജി. സര്‍വകലാശാലയില്‍ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. 1.45-ന് ഡി.എ.എസ്.പി. അങ്കണത്തില്‍ മന്ത്രി ഡോ. കെ.ടി.ജലീല്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിക്കും.

തൊഴിലധിഷ്ഠിത, ന്യൂജനറേഷന്‍ അപ്ലൈഡ് ഹ്രസ്വകാല പാര്‍ട്ട്‌ടൈം സര്‍ട്ടിഫിക്കറ്റ്, പി.ജി. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി. ഡിപ്ലോമ കോഴ്സുകളാണ് ഇവിടെ ആരംഭിക്കുന്നത്. ഇത്തരം കോഴ്‌സ് തുടങ്ങുന്ന കേരളത്തിലെ ആദ്യ സര്‍വകലാശാലയാണ് എം.ജി. എട്ട് പഠനവകുപ്പുമായും അഞ്ച് ഗവേഷണകേന്ദ്രവുമായും സഹകരിച്ചാണിത്. 

ഉയര്‍ന്ന പ്രായപരിധിയില്ലാതെ എല്ലാവര്‍ക്കും പഠിക്കാനാകുന്ന വിധത്തിലാണ് റഗുലര്‍-പാര്‍ട്ട്ടൈം ഓണ്‍ കാമ്പസ് പ്രോഗ്രാമുകള്‍. ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്കു പഠിക്കുന്നവര്‍ക്കും ചേരാം. അവധിദിവസങ്ങളിലും വൈകീട്ടുമാണ് ക്ലാസുകള്‍. നാല് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. പ്രൊഫ. കെ.എന്‍.രാജ് സെന്റര്‍ കെട്ടിടത്തിലാണ് ഇതിനു സൗകര്യമൊരുക്കിയിട്ടുള്ളത്.

Content Highlights: Academia Complex in MG University will be Inaugurated Tomorrow