ഹരിപ്പാട്: മലബാർ മേഖലയിലെ സ്കൂളുകളിലേക്ക് തെക്കൻ ജില്ലകളിലെ പതിനഞ്ചോളം പ്ലസ്‌വൺ ബാച്ചുകൾ മാറ്റും. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും. 65 സീറ്റുകളാണ് ഒരു ബാച്ചിലുള്ളത്. ഒരുകുട്ടിപോലും ചേരാത്ത ബാച്ചുകളാണ് മാറ്റുന്നത്. കഴിഞ്ഞ അധ്യയനവർഷം എട്ടു ബാച്ചുകൾ മാറ്റിയിരുന്നു.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി നിലവിൽ ഇരുപതോളം ബാച്ചുകളിലാണ് ഒരാൾപോലും ചേരാത്തത്. അടുത്തദിവസങ്ങളിൽ നടക്കുന്ന സ്കൂൾ മാറ്റം, സ്പോട്ട് അഡ്മിഷൻ എന്നിവയിലൂടെ ഇതിൽ ചില സ്കൂളുകളിൽ കുട്ടികൾ എത്തിയേക്കാമെന്നാണ് ഹയർസെക്കൻഡറി വകുപ്പ് പ്രതീക്ഷിക്കുന്നത്. അതിനാലാണ് മാറ്റാനുള്ള പട്ടികയിൽ 15 ബാച്ചുകൾ നിർദേശിക്കപ്പെട്ടത്.

സ്‌പോട്ട് അലോട്ട്‌മെന്റ് 18-ന്; അപേക്ഷ 17-ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അലോട്ട്‌മെന്റ് 18-ന് നടത്തും. അപേക്ഷ പുതുക്കിയിട്ടും ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് സീറ്റൊഴിവുള്ള സ്കൂളുകളിൽ നേരിട്ട് ചേരാവുന്ന വിധത്തിൽ സ്പോട്ട് അഡ്മിഷനാണ് നടത്തുന്നത്.

ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 17 -ന് ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുപരിശോധിച്ച് സീറ്റൊഴിവുള്ള സ്കൂളുകളിലേക്കുള്ള ഓപ്ഷനുകൾ ചേർത്ത്, നേരത്തേ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് ഹാജരാക്കിയ സ്കൂളിലാണ് അപേക്ഷ നൽകേണ്ടത്.

സ്കൂൾ മാറ്റം; അപേക്ഷ ഇന്നുകൂടി

നിലവിൽ മെറിറ്റ്, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം നേടിയവർക്ക് സംസ്ഥാനത്ത് സീറ്റൊഴിവുള്ള ഏത് സ്കൂളിലേക്കും മാറാവുന്ന വിധത്തിലെ സ്കൂൾ, കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. വെള്ളിയാഴ്ച മൂന്നുവരെയാണ് ഇതിനവസരം.

Content Highlights: Plus One Admission, Plus One Allotment, Higher Secondary Single Window Admission, Plus One Seat Allocation