കോഴിക്കോട്: കോവിഡിന്റെ ആശങ്കയ്ക്കിടയില്‍ തുടങ്ങിയ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്(ജെ.ഇ.ഇ.) എത്തിയത് 60 ശതമാനം കുട്ടികള്‍. ജില്ലയിലെ ഒന്‍പത് പരീക്ഷാകേന്ദ്രങ്ങളില്‍ 1192 പേരില്‍ 714 കുട്ടികളാണ് എത്തിയത്. രാവിലെയും ഉച്ചയ്ക്കും പരീക്ഷ ഉണ്ടായിരുന്നു. ഒന്‍പതുമുതല്‍ 12 വരെയും മൂന്നുമുതല്‍ ആറുവരെയുമായിരുന്നു സമയം. മൂന്നുവിഷയങ്ങളിലെ പരീക്ഷയായിരുന്നു ആദ്യദിനം ഉണ്ടായത്. ബി ആര്‍ക്ക് പരീക്ഷയായിരുന്നു രാവിലെ. ഉച്ചയ്ക്ക് ഇതിനുപുറമെ ബി ആര്‍ക്ക് പ്ലാനിങ്ങും ബി പ്ലാനിങ്ങുമാണ് നടത്തിയത്. ഓണ്‍ലൈനായിട്ടായിരുന്നു പരീക്ഷ.
കോവിഡ് മുന്‍കരുതലുകളെല്ലാം പാലിച്ചായിരുന്നു പരീക്ഷ. സുരക്ഷാപരിശോധനയും നടത്തി. കോവിഡില്ലെന്ന് സ്വയംസാക്ഷ്യപ്പെടുത്തിയ രേഖകളുമായാണ് കുട്ടികളെത്തിയത്. 596 പേരില്‍ 340 കുട്ടികളാണ് രാവിലെ എത്തിയത്. ഉച്ചയ്ക്ക് 374 പേരും എത്തി.

ആശങ്കയോടെയാണ് എത്തിയതെങ്കിലും പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് കുട്ടികള്‍ പറഞ്ഞത്. ''പരീക്ഷ എളുപ്പമായിരുന്നു. സുരക്ഷാസംവിധാനങ്ങളെല്ലാം പാലിച്ചു. എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു.''- ഫറോക്കില്‍ നിന്നെത്തി നടക്കാവ് ഹോളിക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷയെഴുതിയ ഐഷ നസ പറഞ്ഞു. നടക്കാവ് ഹോളിക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജ്, ഉള്ളിയേരി എം.ഡിറ്റ്, അയോണ്‍ ഡിജിറ്റല്‍, മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്, റിയോടെക്, കുറ്റിക്കാട്ടൂര്‍ സെന്റോസ്, ഫറോക്ക് സ്‌കൈഹൈ ഇന്‍ഫോടെക്, മാസ്ട്രോ റെഡ് ഓണ്‍ലൈന്‍ എന്നിവിടങ്ങളിലായിരുന്നു പരീക്ഷ. അടുത്ത ദിവസം ബി.ടെക് പരീക്ഷ നടക്കും.
Content Highlights: 60 percent candidates attented JEE Main in Kozhikode