ന്യൂഡല്‍ഹി: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ 54 ശതമാനം മാതാപിതാക്കളും സ്വന്തം കുട്ടികള്‍ അധ്യാപകരായി കാണാന്‍ ആഗ്രഹിക്കുന്നതായി പഠന റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ വര്‍ക്കി ഫൗണ്ടേഷന്‍ പുറത്തിറക്കിയ 2018ലെ ഗ്ലോബല്‍ ടീച്ചേഴ്സ് സ്റ്റാറ്റസ് ഇന്‍ഡക്‌സില്‍ (ജി.ടി.എസ്.ഐ) ആണ് രസകരമായ ഈ വിവരമുള്ളത്. ചൈനയില്‍ 50 ശതമാനം മാതാപിതാക്കളും  ബ്രിട്ടനില്‍ 23 ശതമാനം മാതാപിതാക്കളാണ് കുട്ടികളെ അധ്യാപകരാകാന്‍ പ്രോത്സാഹിപ്പിക്കുന്നത്. 35 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡക്‌സ് തയ്യാറാക്കിയിട്ടുള്ളത്. 

വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി നിരവധി പഠനങ്ങളാണ് ഫൗണ്ടേഷന്‍ നടത്തിയിട്ടുള്ളത്. അധ്യാപകരെ ബഹുമാനിക്കുന്ന കാര്യത്തില്‍ ചൈനയാണ് മുന്‍പന്തിയില്‍(81%). ഉഗാണ്ട രണ്ടാമതും(79%) ഇന്ത്യ മൂന്നാമതുമാണ്.   77 ശതമാനം വിദ്യാര്‍ഥികള്‍ അധ്യാപകരെ ബഹുമാനിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 35 രാജ്യങ്ങളില്‍ ആകെ 36 ശതമാനം വിദ്യാര്‍ഥികളാണ് അധ്യാപകരെ ബഹുമാനിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്.

image

35 രാജ്യങ്ങളില്‍ 28 രാജ്യങ്ങളിലെ അധ്യാപകര്‍ക്കും താഴ്ന്ന ശമ്പളമാണ് ലഭിക്കുന്നതെന്നും ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നു. അധ്യാപക നിലവാരത്തില്‍ ചൈന ഒന്നാമതും ബ്രസീല്‍ അവസാന സ്ഥാനത്തുമാണ്. ഇന്ത്യ എട്ടാമതാണ്. വിദ്യാഭ്യാസരീതിയില്‍ പത്തില്‍ 7.1 നേടി ഇന്ത്യ നാലാമതെത്തി. 8 മാര്‍ക്ക് നേടിയ ഫിന്‍ലാന്‍ഡാണ് ഒന്നാമത്. സ്വിറ്റ്‌സര്‍ലന്‍ഡും സിംഗപ്പൂരുമാണ് തൊട്ടുപിന്നില്‍.