ഹരിപ്പാട്: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂലായ് ആദ്യം പ്രസിദ്ധപ്പെടുത്തും. ഇതുവരെയും പ്രവേശനം ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ പുതുക്കണം. ജൂൺ 29 മുതലാണ് ഇതിനുള്ള അവസരം.

മുഖ്യ അലോട്ട്‌മെന്റിനുശേഷം ഒഴിവുള്ള 50,083 മെറിറ്റ് സീറ്റുകളിലേക്കാണ്, സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുക. ആറ് ജില്ലകളിൽ വർധിപ്പിച്ച 10 ശതമാനം സീറ്റുകൾ ഉൾപ്പെടെയാണിത്. കായികതാരങ്ങൾക്കുള്ള 4,896 സീറ്റുകൾ മിച്ചമുണ്ട്.

വിവിധ വിഭാഗങ്ങളിലായി 2,87,479 കുട്ടികൾ പ്ലസ് വൺ പ്രവേശനം നേടിയിട്ടുണ്ട്. ഇതിൽ 2,48,081 സീറ്റുകൾ ഏകജാലകം വഴിയുള്ള മെറിറ്റിലാണ്. സ്പോർട്സ് ക്വാട്ടയിൽ 4,526 കായികതാരങ്ങൾക്ക് പ്രവേശനം ലഭിച്ചു. മറ്റ് വിഭാഗങ്ങളിലെ പ്രവേശനനില: കമ്യൂണിറ്റി മെറിറ്റ്-14,577, മാനേജ്‌മെന്റ് ക്വാട്ട-13,036, അൺ എയിഡഡ്-7,259.

ഏകജാലകം വഴിയുള്ള മുഖ്യ അലോട്ട്‌മെന്റിൽ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാനുള്ള അപേക്ഷകൾ തിങ്കളാഴ്ച രണ്ടുവരെ നൽകാം. ആദ്യ ഓപ്ഷനിൽതന്നെ പ്രവേശനം ലഭിച്ചവർക്ക് ഇതിന് അനുവാദമില്ല.

ആറ് ജില്ലകളിൽ കൂടുന്നത് 13,923 സീറ്റുകൾ

സർക്കാർ ഉത്തരവുപ്രകാരം പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി വർധിപ്പിച്ചത് 13,923 സീറ്റുകൾ. ഏകജാലകം വഴിയുള്ള പൊതു മെറിറ്റ്, മാനേജ്‌മെന്റ്, കമ്യൂണിറ്റി വിഭാഗങ്ങളിലാണ് സീറ്റുകൾ കൂടുന്നത്. ഇതോടെ ഈ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ക്ലാസുകളിൽ 65 കുട്ടികൾ വീതമാകും. 50 പേരാണ് ഒരു ക്ലാസിൽ വേണ്ടത്. ആറു ജില്ലകളിൽ വർധിപ്പിച്ച സീറ്റുകൾ:

പാലക്കാട്- 2407

കോഴിക്കോട്- 2900

മലപ്പുറം- 4083

വയനാട്-788

കണ്ണൂർ- 2527

കാസർകോട്- 1218