ചെന്നൈ: തമിഴ്നാട്ടിൽ വിദ്യാർഥികളില്ലാത്തതിനാൽ 30 എൻജിനിയറിങ് കോളേജുകൾ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളാക്കിമാറ്റണമെന്ന് മാനേജ്‌മെന്റുകളുടെ അഭ്യർഥന. അടുത്ത അധ്യയനവർഷത്തോടെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളാക്കാൻ നടപടികളെടുക്കണമെന്ന് അഭ്യർഥിച്ച് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനാണ് ഇവർ അപേക്ഷ അയച്ചത്. ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കാൻ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കോയമ്പത്തൂർ, ചെന്നൈ, സേലം, നാമക്കൽ എന്നിവിടങ്ങളിൽനിന്നുള്ള കോളേജുകൾ അപേക്ഷിച്ചിട്ടുണ്ട്.

വിദ്യാർഥികളില്ലാത്തതിനാൽ 2017 മുതൽ തമിഴ്‌നാട്ടിൽ എൻജിനിയറിങ് കോളേജുകളുകൾ പൂട്ടുന്നുണ്ട്. 2017-ൽ 597 കോളേജുകളുണ്ടായിരുന്നസ്ഥാനത്ത് ഇപ്പോൾ 537 എണ്ണമാണുള്ളത്. ആർട്‌സ് ആൻഡ് സയൻസ് കോഴ്‌സുകൾ പഠിക്കാനുള്ള വിദ്യാർഥികളുടെ താത്പര്യവും വർധിച്ചുവരുന്നുണ്ട്. ഈ വിഭാഗത്തിൽ പുതിയ കോളേജുകൾ ആരംഭിക്കാൻ 50 അപേക്ഷകൾ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്.

ആർട്‌സ് ആൻഡ് സയൻസ് കോളേജ് നഗരത്തിൽ ആരംഭിക്കണമെങ്കിൽ രണ്ടേക്കറും മുനിസിപ്പാലിറ്റിയിൽ മൂന്നേക്കറും പഞ്ചായത്തിൽ അഞ്ചേക്കറും ഭൂമി വേണം. നിലവിലുള്ള എൻജിനിയറിങ് കോളേജുകൾ ആർട്സ്‌ ആൻഡ് സയൻസ് കോളേജുകളാക്കിമാറ്റാനും ഇതേ വ്യവസ്ഥകൾ പാലിച്ചിരിക്കണം. അതോടൊപ്പം ഓൾ ഇന്ത്യൻ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെ(എ.ഐ.സി.ടി.ഇ.) സമ്മതപത്രവും സമർപ്പിക്കണം. വിവിധ വകുപ്പുകളിൽനിന്നായി 16 സമ്മതപത്രങ്ങൾ വേറെയും വേണം.

ആർട്‌സ് ആൻഡ് സയൻസ് കോളേജുകളായി മാറ്റിക്കഴിഞ്ഞാൽ അവിടെ കൊമേഴ്‌സ്, കംപ്യൂട്ടർ കോഴ്‌സുകൾ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഈ കോഴ്‌സുകൾക്ക് ചേരാൻ ഒട്ടേറെ വിദ്യാർഥികളുണ്ടായിരുന്നു. നിലവിൽ ആർട്‌സ് ആൻഡ് സയൻസ് വിഭാഗത്തിൽ 114 സർക്കാർ കോളേജുകൾ, 139 എയ്ഡഡ് കോളേജുകൾ, 514 സ്വയംഭരണ കോളേജുകൾ എന്നിവയാണ് തമിഴ്നാട്ടിലുള്ളത്.

Content Highlights: 30 Engineering Colleges in Tamil Nadu requests conversion into Arts College due to lack of students