ന്യൂഡൽഹി: ഈ ലോക്ക്ഡൗൺ കാലത്ത് കേന്ദ്ര ഓൺലൈൻ പഠന പ്ലാറ്റ്ഫോമായ സ്വയം മൂക്കിലൂടെ പഠിക്കുന്നവർ 26 ലക്ഷമെന്ന് മാനവവിഭവശേഷി മന്ത്രാലയം. 574 കോഴ്സുകളാണ് വിദ്യാർഥികൾ പഠിക്കുന്നത്. സ്വയം, സ്വയംപ്രഭ പ്ലാറ്റ്ഫോമുകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേഷ് പൊക്രിയാൽ നിശാങ്ക് നടത്തിയ യോഗത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്. നിലവിൽ 1,902 കോഴ്സുകളാണ് സ്വയത്തിൽ ലഭ്യമാകുന്നത്.

1,900 മൂക് കോഴ്സുകളും സ്വയം പ്രഭ ചാനലിലെ 60,000 വിഡിയോകളും പത്ത് പ്രാദേശിക ഭാഷകളിലേക്ക് ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടുതൽ കുട്ടികൾ പഠിക്കുന്ന കോഴ്സുകളാകും ആദ്യം ലഭ്യമാക്കുക.

സ്വയം കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ക്രെഡിറ്റ് നൽകുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർദേശം നൽകാൻ യു.ജി.സിയേയും എ.ഐ.സിടി.ഇയേയും ചുമതലപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഓൺലൈനായും ഓഫ്ലൈനായും കോഴ്സുകൾ പൂർത്തിയാക്കാൻ വിദ്യാർഥികളെ ഇത് സഹായിക്കും. കൂടാതെ ഓൺലൈൻ, വിദൂര കോഴ്സുകൾ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്കായുള്ള മാർഗനിർദേശം തയ്യാറാക്കാനും യു.ജി.സിയെ യോഗം ചുമതലപ്പെടുത്തി.

Content Highlights: 26 lakh students are studying in SWAYAM MOOC says HRD Ministry