കോഴിക്കോട്: സംസ്ഥാനത്ത് 1596 പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാധ്യാപകരുടെ നിയമനം വൈകുന്നു. 2597 എല്‍.പി.യും 873 യു.പി.യും അടക്കം 3470 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ പകുതിയെണ്ണത്തിലും പ്രധാനാധ്യാപകരില്ല. 2020'21 അധ്യായന വര്‍ഷത്തില്‍ പ്രധാനാധ്യാപക നിയമനം നടന്നിട്ടില്ല.

50 വയസ്സുപൂര്‍ത്തിയായ അധ്യാപകര്‍ക്ക് ഒന്നാമത്തെ പ്രൊമോഷനായ ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് നിയമനം നല്‍കുന്നതിന് ടെസ്റ്റ് യോഗ്യത ആവശ്യമില്ലെന്ന നിയമമാണ് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നത്. ഇതിനെതിരേ ടെസ്റ്റ് യോഗ്യത നേടിയ ഒരു വിഭാഗം അധ്യാപകര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. 

പ്രധാനാധ്യാപക നിയമനത്തിന് ടെസ്റ്റ് യോഗ്യത ആവശ്യമാണെന്ന് ട്രിബ്യൂണല്‍ ഉത്തരവിറക്കി. ഇതിനെതിരേ മറ്റൊരുവിഭാഗം അധ്യാപകര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ നിലവിലുളള സ്ഥിതി തുടരാനായിരുന്നു താത്കാലിക വിധി. അതുകൊണ്ട് നിലവിലുള്ള സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ പ്രധാനാധ്യാപകരായി നിയമിക്കുന്നതില്‍ തടസ്സമൊന്നുമില്ലെന്ന് ഒരുവിഭാഗം അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

50 വയസ്സ് കഴിഞ്ഞവര്‍ക്ക് ടെസ്റ്റ് യോഗ്യത നിര്‍ബന്ധമല്ലെന്ന കെ.ഇ.ആറിലെ വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 2021 മാര്‍ച്ച് മാസം പ്രധാനാധ്യാപക നിയമനത്തിനായി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ ടെസ്റ്റ് യോഗ്യത നേടിയവര്‍ അഡിമിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ വീണ്ടും സമീപിച്ചു.

ട്രിബ്യൂണല്‍ സര്‍ക്കാര്‍ ഉത്തരവ് ഓഗസ്റ്റ് 31 വരെ സ്റ്റേ ചെയ്തു. അതുകൊണ്ടാണ് നിയമനം വൈകുന്നതെന്നാണ് വിദ്യാഭ്യാസ അധികൃതര്‍ പറയുന്നത്.

1997നും അതിനുമുമ്പും പ്രൈമറി സ്‌കൂള്‍ അധ്യാപകരായി നിയമിതരായവര്‍ക്കാണ് അര്‍ഹിക്കുന്ന പ്രൊമോഷന്‍ ലഭിക്കാതെ പോകുന്നത്. 24 വര്‍ഷത്തിലധികം സ്‌കൂള്‍ അധ്യാപകരായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് സര്‍വീസിനിടയില്‍ കിട്ടുന്ന ഏക പ്രൊമോഷനാണ് പ്രൈമറി പ്രധാനാധ്യാപക തസ്തിക.

Content Highlights: 1596 Government primary schools working without Headmasters, School education