11-ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍-അമേരിക്കന്‍ വംശജ. നടാഷ പെറിയെന്ന വിദ്യാര്‍ഥിനിയാണ് ഈ നേട്ടം കൊയ്തിരിക്കുന്നത്. അമേരിക്കന്‍ കോളേജ് പ്രവേശനത്തിനായി നടത്തുന്ന സ്‌കോളാസ്റ്റിക് അസൈസ്‌മെന്റ് ടെസ്റ്റ്, അമേരിക്കന്‍ കോളേജ് ടെസ്റ്റിങ്ങ് (സാറ്റ്, എ.സി.ടി) എന്നിവയ്ക്ക് സമാനമായ പരീക്ഷയില്‍ നടത്തിയ മികച്ച പ്രകടനമാണ് ഈ മിടുക്കിയെ ബഹുമതിക്ക് അര്‍ഹമാക്കിയത്. 

ജോണ്‍ ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്‍ഡഡ് യൂത്താണ് (സി.ടി.വൈ) പരീക്ഷ നടത്തിയത്. നിലവില്‍ ന്യൂ ജഴ്‌സിയിലെ തെല്‍മ എല്‍ സാന്‍ഡ്‌മെയര്‍ എലിമെന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് നടാഷ. 84 രാജ്യങ്ങളില്‍ നിന്നായി നടാഷയുള്‍പ്പെടെ 19,000-ത്തോളം വിദ്യാര്‍ഥികളാണ് 2020-21-ല്‍ സി.ടി.വൈ പരീക്ഷയില്‍ വിജയിച്ചത്. പരീക്ഷയില്‍ 'ഹൈ ഓണര്‍ അവാര്‍ഡി'നാണ് ഈ മിടുക്കി അര്‍ഹയായത്. 

അഞ്ചാം ഗ്രേഡില്‍ പഠിക്കുമ്പോഴാണ് നടാഷ പരീക്ഷയെഴുതിയത്. വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്ലാസ്സുകളെക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള ചോദ്യങ്ങളാകും ഈ പരീക്ഷയില്‍ ചോദിക്കുക. ഈ നേട്ടം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് പ്രചോദനമാകുമെന്ന് നടാഷ പറഞ്ഞു. ഡൂഡിലിങ്ങും ജെ.ആര്‍.ആര്‍ ടോള്‍കീന്‍സ് നോവലുകളും വായിച്ചാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ തനിക്കായതെന്നും ഈ മിടുക്കി വ്യക്തമാക്കി. 

ഹൈ ഓണര്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ജോണ്‍ ഹോപ്കിന്‍സ് സി.ടി.വൈയുടെ ഓണ്‍ലൈന്‍ സമ്മര്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഓരോ വര്‍ഷവും 15,500-ലധികം വിദ്യാര്‍ഥികളാണ് ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാറുള്ളത്. 

Content Highlights: 11-year old Indian-American girl declared one of brightest students in world, CTY