ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന 'കണ്‍സോളിഡേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എക്‌സലന്‍സ് (സി.യു.ആര്‍.ഐ.ഇ.) ഇന്‍ വിമന്‍ യൂണിവേഴ്‌സിറ്റീസ്' പദ്ധതിപ്രകാരമുള്ള സഹായധനത്തിന് വനിതാ പി.ജി. കോളേജുകള്‍ക്ക് അപേക്ഷിക്കാം. ശാസ്ത്ര, സാങ്കേതിക വകുപ്പുകളില്‍ പുതിയതും ആവിര്‍ഭവിക്കുന്നതുമായ മേഖലകളില്‍ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിഭകളെ അവിടേക്ക് ആകര്‍ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മൂന്നുവര്‍ഷത്തേക്ക് പരമാവധി ഒന്നരക്കോടി രൂപ ലഭിക്കും.

ഗവേഷണവും അധ്യാപനവുമായി ബന്ധപ്പെട്ട ലബോറട്ടറികള്‍, സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, നിലവിലുള്ള സൗകര്യങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുക, സോഫ്റ്റ്‌വേര്‍, ഡേറ്റാ ബേസ് ഉള്‍പ്പെടെയുള്ള നെറ്റ് വര്‍ക്കിങ്, കംപ്യൂട്ടേഷണല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ജേണലുകള്‍ ഒഴികെയുള്ള ശാസ്ത്രഗ്രന്ഥങ്ങള്‍ വാങ്ങുക, നിലവിലുള്ളതും പുതുതായി ഉള്ളതുമായ സൗകര്യങ്ങള്‍ പരിപാലിക്കുക/ മെച്ചപ്പെടുത്തുക തുടങ്ങിയവയ്ക്ക് സഹായം പ്രയോജനപ്പെടുത്താം. വ്യക്തിഗത ഗവേഷണ വികസന നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ല. പദ്ധതിപ്രകാരമുള്ള സഹായം സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉപയോഗപ്പെടുത്തേണ്ടത്.

കോളേജിനെ മൊത്തത്തില്‍ പരിഗണിച്ചാകും സഹായം അനുവദിക്കുക. മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന അധ്യാപന ഗവേഷണ മികവ് തെളിയിക്കപ്പെട്ട പോസ്റ്റ് ഗ്രാജ്വേറ്റ് സയന്‍സ് വകുപ്പുകളുള്ള, കുറഞ്ഞത് നാക് ബി. ഗ്രേഡ് എങ്കിലും നേടിയ കോളേജുകള്‍ക്ക് അപേക്ഷിക്കാം.

വിവരങ്ങള്‍ക്ക്: dst.gov.in

അവസാന തീയതി: ജനുവരി 10.

Content Highlights: 1.5 crore grant to women PG colleges