ന്യൂഡല്‍ഹി: പുതിയ വിദ്യാഭ്യാസനയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വളരെക്കുറവാണെന്നും ഇത് രാജ്യത്തിന്റെ നയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതവിദ്യാഭ്യാസത്തെ പരിഷ്‌കരിക്കുന്നതില്‍ പുതിയ വിദ്യാഭ്യാസനയത്തിനുള്ള പങ്ക് എന്ന വിഷയത്തില്‍ വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 

നാലു വര്‍ഷത്തിലേറെ സമയമെടുത്താണ് പുതിയനയത്തിന് രൂപംനല്‍കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരട് നയത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാന്‍ സമയം നല്‍കിയിരുന്നു. രണ്ട് ലക്ഷത്തിലേറെ നിര്‍ദേശങ്ങളാണ് സര്‍ക്കാരിന് ലഭിച്ചതെന്നും ഇതെല്ലാം പരിഗണിച്ചാണ് അന്തിമ നയരൂപീകരണത്തിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ പുരോഗതിയില്‍ വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസനയത്തിനും നിര്‍ണായക പങ്കാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയ്ക്ക് ആവശ്യമായ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളെക്കൂടി പരിഗണിച്ചാണ് പുതിയനയം സ്വീകരിച്ചിട്ടുള്ളത്. പ്രായോഗിക പരിശീലനം വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നതതോടെ ആഗോള തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഇന്ത്യന്‍ യുവജനങ്ങള്‍ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: ‘Not Government’s But The Country’s’: PM Modi On National Education Policy