ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനപരീക്ഷയായ 'നീറ്റി'ന് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി സി.ബി.എസ്.ഇ. നീക്കി. നേരത്തേ പുറപ്പെടുവിച്ച യോഗ്യതാമാനദണ്ഡം ഡല്‍ഹി ഹൈക്കോടതി സ്റ്റേചെയ്ത പശ്ചാത്തലത്തിലാണ് ബോര്‍ഡ് പുതിയ വിജ്ഞാപനമിറക്കിയത്.

അതനുസരിച്ച്, പൊതുവിഭാഗത്തില്‍പ്പെട്ട 25 വയസ്സിന് മുകളിലുള്ളവര്‍ക്കും സംവരണവിഭാഗങ്ങളിലെ 30 വയസ്സിന് മുകളിലുള്ളവര്‍ക്കും അപേക്ഷ നല്‍കാം. ഓപ്പണ്‍ സ്‌കൂളില്‍ പഠിച്ചവര്‍ക്കും ജീവശാസ്ത്രം അധികവിഷയമായി പഠിച്ചവര്‍ക്കും പ്രൈവറ്റായി പഠിച്ചവര്‍ക്കും പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം.

എന്നാല്‍, ഹൈക്കോടതിയുടെ അന്തിമവിധി അനുകൂലമായാലേ ഇവര്‍ക്ക് പരീക്ഷയെഴുതാനാകൂവെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

സി.ബി.എസ്.ഇ. നിശ്ചയിച്ച മാനദണ്ഡം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കവേ ഫെബ്രുവരി 28-നാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ചന്ദര്‍ശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിജ്ഞാപനം താത്കാലികമായി സ്റ്റേ ചെയ്തത്.

എന്നാല്‍, അപേക്ഷിക്കാനുള്ള അനുമതി പരീക്ഷയെഴുതാനുള്ള അനുവാദമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഹര്‍ജികളില്‍ ഏപ്രില്‍ ആറിനാണ് വീണ്ടും വാദം.