ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനിയും തമിഴ് കവിയുമായിരുന്ന സുബ്രഹ്‌മണ്യ ഭാരതിയുടെ പേരില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠന വിഭാഗം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുബ്രഹ്‌മണ്യ ഭാരതി ചെയര്‍ പ്രഖ്യാപിച്ചത്. സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയിലാവും ഈ ചെയര്‍ പ്രവര്‍ത്തിക്കുക.

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ മുന്നോട്ടുവെച്ച ഏക ഭാരതം ശ്രേഷ്ഠഭാരതം എന്ന ആശയം തന്നെയാണ് സുബ്രഹ്‌മണ്യ ഭാരതിയുടെ രചനകളില്‍ പ്രതിഫലിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സര്‍വകലാശാലയില്‍ ഹിന്ദു പഠനത്തിനായി പുതിയ പി.ജി. കോഴ്സ് തുടങ്ങാനും അധികൃതര്‍ തീരുമാനിച്ചു. ഈ കോഴ്സില്‍ സൈന്യത്തിലെ വനിതാപ്രാതിനിധ്യം, യുദ്ധതന്ത്രം ആവിഷ്‌കരിക്കലും നിര്‍വഹണവും യുദ്ധകല, സൈനികവിന്യാസം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കാനാണ് തീരുമാനം. എം.എ. ഹിന്ദു സ്റ്റഡീസ് എന്ന പേരിലാണ് പുതിയ കോഴ്സ്. ആദ്യബാച്ചില്‍ 40 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും.

രാജ്യത്തെ ആദ്യസമ്പൂര്‍ണ ഹിന്ദു പഠനമായിരിക്കും ഈ കോഴ്സെന്നാണ് അവകാശവാദം. വേദിക് രചനകളിലുള്ള പ്രതിരോധപാഠങ്ങള്‍ വര്‍ത്തമാന ഇന്ത്യയിലെ വെല്ലുവിളികളെ നേരിടാന്‍ എങ്ങനെ സഹായിക്കുമെന്ന അന്വേഷണമാണ് മിലിട്ടറി പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സര്‍വകലാശാലാ വൃത്തങ്ങള്‍ വ്യക്തമാക്കി.

content highlights: ‘Hindu Studies’ to to start in BHU, teach about women in military and art of war