Anand Kumarറ്റനോട്ടത്തില്‍ ഒരു പാരലല്‍ കോളേജ് അധ്യാപകന്‍, അല്ലെങ്കില്‍ ഒരു യു.പി. സ്‌കൂള്‍ മാഷ്. ആ മനുഷ്യനെ കണ്ടാല്‍ അതിലപ്പുറം ആര്‍ക്കും ഒന്നും തോന്നില്ല. എന്നാല്‍ മുഴുക്കൈയന്‍ ഷര്‍ട്ടും സാധാരണ പാന്റ്സും വിലകുറഞ്ഞ ചെരിപ്പുമിട്ട് കുട്ടികള്‍ക്കിടയില്‍ നില്‍ക്കുന്ന ഈ മനുഷ്യന്‍ ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമപോലും അഭിനന്ദിച്ച 'സൂപ്പര്‍-30' എന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ അമരക്കാരന്‍. 

എല്ലാ വര്‍ഷവും ബിഹാറിലെ ദരിദ്രരായ 30 വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിച്ച് ഐ.ഐ.ടി. പ്രവേശനവും അതുവഴി വിശാലമായ ലോകവും സമ്മാനിക്കുന്ന അവരുടെ ദൈവമാണ് ആനന്ദ് കുമാര്‍. 'സൂപ്പര്‍-30' എന്ന മാന്ത്രികസംഖ്യയിലേക്ക് ഇനി കേരളത്തിലെ കുട്ടികള്‍ക്കും അവസരം നല്‍കുമെന്ന് ആനന്ദ് കുമാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മാതൃഭൂമി കണ്ണൂരില്‍ സംഘടിപ്പിച്ച ആസ്പയര്‍ ദേശീയ വിദ്യാഭ്യാസ പ്രദര്‍ശനത്തിനെത്തിയ ആനന്ദ് കുമാര്‍ മാതൃഭൂമി 'തൊഴില്‍വാര്‍ത്ത'യുമായി സംസാരിച്ചപ്പോള്‍. 

? എന്താണീ സൂപ്പര്‍ 30 

- ബിഹാറിലെ തീര്‍ത്തും ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഒരു സംവിധാനം. രാമാനുജം സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സിന്റെ കീഴില്‍ 2002 ലാണ് ഞാനിത് സ്ഥാപിക്കുന്നത്. തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് താമസവും ഭക്ഷണവും പഠനോപകരണങ്ങളും മികച്ച ക്ലാസും സൗജന്യമായി നല്‍കി അവരെ ഐ.ഐ.ടി. പോലുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.

? ഇക്കാലയളവുവരെ എത്ര വിദ്യാര്‍ഥികളെ ഐ.ഐ.ടി. പ്രവേശനത്തിന് പ്രാപ്തരാക്കി

- 390 വിദ്യാര്‍ഥികളില്‍ 333 പേര്‍ ഐ.ഐ.ടി യില്‍ പ്രവേശനം നേടി. ബാക്കിയുള്ളവര്‍ക്ക് രാജ്യത്തെ പ്രസിദ്ധമായ മറ്റ് സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചു. കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ പലരും നാട്ടിലും വിദേശത്തുമായി മികച്ച ജോലി ചെയ്തുകൊണ്ടിരിക്കുന്നു.

? എന്താണ് ഇങ്ങനെയൊരു ആശയത്തിനു പിന്നില്‍ 

- ഞാന്‍ വളരെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളാണ്. അച്ഛന്‍ പോസ്റ്റല്‍വകുപ്പില്‍ അക്കൗണ്ട്സ് ഓഫീസറായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു. കണക്ക് അധ്യാപകനാവാനായിരുന്നു എനിക്ക് ആഗ്രഹം. പിന്നീട് ശാസ്ത്രജ്ഞനാകാന്‍ കൊതിച്ചു. ബിരുദം നേടി പുറത്തുവന്നപ്പോള്‍ പല വഴികളും അന്വേഷിച്ചു.

1994-ല്‍ കേംബ്രിജ് സര്‍വകലാശാലയില്‍ ഉന്നതപഠനത്തിന്  അവസരം ലഭിച്ചു. പണം വലിയ പ്രശ്നമായിരുന്നു. വര്‍ഷത്തില്‍ ആറ് ലക്ഷം രൂപ വേണം. അതോടെ അത് മുടങ്ങി. ഒടുവില്‍ തോന്നി എനിക്കുതന്നെ കോച്ചിങ് സെന്റര്‍ തുടങ്ങിയാലെന്താ എന്ന്. അങ്ങനെ 'രാമാനുജം സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ്' എന്ന ട്യൂഷന്‍ സെന്റര്‍ തുടങ്ങി.

ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക്  സ്വപ്നം മാത്രമാണ് ഐ.ഐ.ടി. പ്രവേശനം. അത് അവര്‍ക്ക് നേടിക്കൊടുക്കണമെന്നത് വാശിയായിരുന്നു. കഴിവുണ്ടായിട്ടും അതിന് സാധിക്കാത്ത വിദ്യാര്‍ഥികളെ ആ ലക്ഷ്യത്തിലേക്ക് എത്തിക്കാനായാണ് ഞാന്‍ പിന്നീട് സൂപ്പര്‍ 30 കോച്ചിങ് സെന്റര്‍ തുടങ്ങിയത്. 

? എങ്ങനെയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. എന്താണ് മാനദണ്ഡം

- തീര്‍ത്തും ദരിദ്രമായ കുടുംബങ്ങളിലെ വിദ്യാര്‍ഥികളെയാണ് ഞാന്‍ ലക്ഷ്യമിടുന്നത്. എന്റെ വിദ്യാര്‍ഥികളില്‍ റോഡരികില്‍ കിടന്നുറങ്ങുന്നവരുടെ മക്കളുണ്ട്. റിക്ഷവലിക്കുന്ന, തട്ടുകട നടത്തുന്ന, വീട്ടുവേല ചെയ്യുന്ന, ഷൂ പോളീഷ് ചെയ്യുന്ന അച്ഛനമ്മമാരുടെ മക്കളാണ് എന്റെ വിദ്യാര്‍ഥികള്‍. അവരുടെ മികവ് തിരിച്ചറിയാന്‍ ലളിതമായ ചില ചോദ്യങ്ങള്‍ ചോദിക്കും. പരീക്ഷ നടത്തും. അതില്‍ പ്രാഗല്ഭ്യം തെളിയിക്കുന്നവരെയാണ് സൂപ്പര്‍ 30- ലേക്ക് തിരഞ്ഞെടുക്കുക. 

? വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം, താമസം, ഭക്ഷണം. ഇതിനൊക്കെയുള്ള ഫണ്ട് എങ്ങനെ? ആരെങ്കിലും സഹായ വാഗ്ദാനവുമായി വന്നിരുന്നോ?

- ഓരോ വര്‍ഷവും 25-28 കുട്ടികള്‍ ഐ.ഐ.ടി. പ്രവേശനം നേടാന്‍ തുടങ്ങിയപ്പോള്‍ പലര്‍ക്കും മനസ്സിലായി ഇത് തമാശയല്ലെന്ന്. ബിഹാര്‍ മുഖ്യമന്ത്രി എന്ത് സഹായവും നല്‍കാമെന്ന് പറഞ്ഞു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം സഹായിക്കാമെന്നേറ്റു. പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്ങും നരേന്ദ്ര മോദിയും സഹായം വാഗ്ദാനം ചെയ്തു.

എനിക്ക് നിങ്ങളുടെയൊക്കെ സ്നേഹം മാത്രം മതിയെന്ന് ഞാന്‍ പറഞ്ഞു. മുകേഷ് അംബാനിയെപോലുള്ള ബിസിനസ്സുകാരും കോച്ചിങ് സെന്ററിന് ഭൗതികസൗകര്യങ്ങള്‍ ഒരുക്കിത്തരാമെന്ന് പറഞ്ഞു. ആത്മവിശ്വാസവും അധ്വാനിക്കാനുള്ള മനസ്സുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതിലേറെ ഭൗതികസൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞു.

ട്യൂഷന്‍ സെന്ററില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് കോച്ചിങ് സെന്റര്‍ നടത്താന്‍ ഉപയോഗിക്കുന്നത്. ഒരാളില്‍ നിന്നും ചില്ലിപ്പൈസ വാങ്ങുന്നില്ല. ഇപ്പോള്‍ ബിഹാര്‍ മുഖ്യമന്ത്രി ഇവിടത്തെ ഓരോ കുട്ടിക്കും 50,000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്.

? എങ്ങനെയാണ് പഠനരീതി 

- മുപ്പത് കുട്ടികളും ഞങ്ങളുടെ കൂടെയാണ് താമസിക്കുക. എന്റെ ഭാര്യ, സഹോദരന്‍ എന്നിവരെല്ലാവരും സ്വന്തം അനിയന്‍മാരെപ്പോലെ അവരെ നോക്കും. എന്റെ അമ്മ അവര്‍ക്ക് ഭക്ഷണമുണ്ടാക്കും. ഒരേ ഭക്ഷണം കഴിച്ച് ഒരേ സ്ഥലത്ത് ഉറങ്ങി... അവരുടെ ഓരോ പ്രശ്നവും ഞങ്ങളുടെത് കൂടിയാവും. ഈ ശ്രദ്ധ നല്‍കാന്‍ പ്രയാസമായതുകൊണ്ടാണ് ഞങ്ങള്‍ മറ്റൊരു സംസ്ഥാനത്തും ബ്രാഞ്ചുകള്‍ തുടങ്ങാത്തത്. 

ആദ്യ വര്‍ഷം മുപ്പത് കുട്ടികളില്‍ 18 പേര്‍ ഐ.ഐ.ടിയില്‍ പ്രവേശനം നേടി. മറ്റുള്ളവര്‍ മറ്റ് പ്രൊഫഷണല്‍ കോഴ്സുകളിലും. അതോടെ അടുത്ത വര്‍ഷം കുട്ടികളുടെ അപേക്ഷ കൂടുതലായി. പിന്നെ ഞാന്‍ എഴുത്തു പരീക്ഷ വെച്ചു. അതില്‍ വിജയിക്കുന്നവരെ പരിശീലനത്തിന് തിരഞ്ഞെടുക്കാന്‍ തുടങ്ങി.

അടുത്ത വര്‍ഷം മുപ്പതില്‍ 22 പേര്‍ പ്രവേശനം നേടി. അതിനടുത്ത വര്‍ഷം 26, പിന്നെ 28. അങ്ങനെ എണ്ണം കൂടിക്കൂടി വരുന്നു. ഈ സ്ഥാപനം വഴി ഐ.ഐ.ടി. പ്രവേശ  നം നേടിയവര്‍ തന്നെ ഇവിടെ പിന്നീട് അധ്യാപകരായി വരുന്നു.

? സൂപ്പര്‍ 30 വികസിപ്പിക്കേണ്ടേ, കേരളത്തിലെ കുട്ടികളെക്കൂടി പരിഗണിച്ചുകൂടേ

- തീര്‍ച്ചയായും, അക്കാര്യം ആലോചിക്കുന്നുണ്ട്. കുറേ വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ നിന്ന് അതിനുള്ള ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട്. കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. കേരളത്തില്‍ നിന്ന് അടുത്ത വര്‍ഷം മുതല്‍ തന്നെ മാതൃഭൂമിയുമായി സഹകരിച്ച് അഞ്ചോ പത്തോ കുട്ടികളെ തിരഞ്ഞെടുക്കും. ഇവരെ രണ്ടു വര്‍ഷത്തിനു ശേഷം ഐ.ഐ.ടി. പ്രവേശനം നേടിക്കൊടുത്ത് ഞാന്‍ തന്നെ കേരളത്തില്‍ കൊണ്ടുവരും. കേരളം വിദ്യാഭ്യാസ മേഖലയില്‍ സ്വപ്നതുല്യമായ നേട്ടം കൈവരിച്ച നാടാണ്. ഇവിടത്തെ കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍ എനിക്ക് സന്തോഷമേയുള്ളൂ.

? സൂപ്പര്‍ 30 ഇപ്പോള്‍ ലോകം ശ്രദ്ധിക്കുന്ന  പദ്ധതിയാണ്. എന്തെങ്കിലും അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടോ?

- ഞങ്ങളുടെത് നിസ്വാര്‍ഥമായ പ്രവര്‍ത്തനമാണ്. പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനമല്ലാതെ വേറൊരു ലക്ഷ്യമില്ല. അതുകൊണ്ടു തന്നെ അംഗീകാരങ്ങളുടെ പിറകെ പോവാറുമില്ല. എന്നാലും ലോകം ഞങ്ങളെ കാണുന്നു. ടൈംസ് മാഗസിന്‍ 2010 ല്‍ സൂപ്പര്‍ 30-നെ ഏഷ്യയിലെ ഏറ്റവും മികച്ച സ്ഥാപനമായി അംഗീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രത്യേക ദൂതന്‍ റഷാദ് ഹുസൈന്‍ ഒബാമയുടെ ഉപഹാരം ഞങ്ങള്‍ക്ക് സമര്‍പ്പിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാണ് സൂപ്പര്‍ 30 എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ലോകത്തിലെത്തന്നെ നാല് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായാണ് ന്യൂസ് വീക്ക് മാഗസിന്‍ സൂപ്പര്‍ 30 നെ തിരഞ്ഞെടുത്തത്.

ബിഹാര്‍ സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ മൗലാനാ അബുള്‍ കലാം ആസാദ് ശിക്ഷക് പുരസ്‌കാരവും 2010-ല്‍ എനിക്ക് ലഭിച്ചു. അതിനു ശേഷവും ചെറുതും വലുതുമായ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സൂപ്പര്‍ 30-ന് കിട്ടിയിട്ടുണ്ട്.

? എന്താണ് അങ്ങയുടെ സ്വപ്നം 

- സൂപ്പര്‍ 30നെ സൂപ്പര്‍ 100, പിന്നെ സൂപ്പര്‍ 500 ആക്കുക എന്നതാണ് ലക്ഷ്യം, സ്വപ്നം. എനിക്കറിയാം, കഠിനാധ്വാനം ചെയ്താല്‍ അതിന് സാധിക്കും. കുടുംബം എന്റെ പിന്നിലുണ്ട്. പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ കൂടെയുണ്ട്. ഇത് വികസിപ്പിക്കാന്‍ മാതൃഭൂമി പോലുള്ള സ്ഥാപനങ്ങളുടെ പിന്തുണയും വേണം. 

? സൂപ്പര്‍ 30-ന് എന്തെങ്കിലും വെല്ലുവിളികളുണ്ടായിരുന്നോ 

- സൗജന്യ കോച്ചിങ് നല്‍കിയാല്‍ എന്‍ട്രന്‍സ് പരിശീലന സെന്റര്‍ മാഫിയ വെറുതെയിരിക്കുമോ? കോടികള്‍ മറിയുന്ന വലിയൊരു ബിസിനസ് മേഖലയാണത്. സൂപ്പര്‍ 30 നിര്‍ത്തണമെന്ന് പലരും ആവശ്യപ്പെട്ടു. ഭീഷണിക്കത്തുകളും ഫോണുകളും വന്നു. പലതവണ എനിക്കുനേരെ വധശ്രമമുണ്ടായി. എന്റെ സുഹൃത്തുക്കള്‍ക്ക് മാരകമായി പരിക്കേറ്റു. അതിനുശേഷം എനിക്ക് ബിഹാറില്‍ പോലീസ് സംരക്ഷണമുണ്ട്.

ഇന്ന് സൂപ്പര്‍ 30 ന്റെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഈ അമരക്കാരന്‍ ലോകത്തെ പ്രധാന സര്‍വകലാശാലകളിലെല്ലാം ക്ലാസെടുക്കാന്‍ പോകുന്നുണ്ട്. കേംബ്രിജ് സര്‍വകലാശാലയില്‍ അവസരം കിട്ടാതെ പോയ പട്നക്കാരനായ ഈ കണക്കധ്യാപകന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഇന്ന് അമേരിക്കയിലും റഷ്യയിലും ചൈനയിലുമെല്ലാം മിടുക്കരായ വിദ്യാര്‍ഥികള്‍ കാതുകൂര്‍പ്പിക്കുന്നു. ദേശീയവും അന്തര്‍ദേശീയവുമായ മാത്തമാറ്റിക്സ് ജേണലുകളില്‍ ആനന്ദ് കുമാറിന്റെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. 

അറിയാം ആനന്ദ് കുമാറിനെ

ബിഹാറിലെ പട്നയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ പോസ്റ്റല്‍ വകുപ്പിലെ അക്കൗണ്ട്സ് ഓഫീസറായിരുന്നു. അമ്മ ജയന്തി ദേവി വീട്ടമ്മ, രണ്ട് സഹോദരങ്ങള്‍. ചെറുപ്പത്തിലേ കണക്കിനോട് അതിയായ താത്പര്യമായിരുന്നു ആനന്ദ് കുമാറിന്. ശാസ്ത്രജ്ഞനാവാനായിരുന്നു മോഹം. 

വീട്ടുകാര്‍ ആനന്ദിനെ അടുത്തുള്ള ഒരു റേഡിയോ മെക്കാനിക് കടയില്‍ കൊണ്ടുനിര്‍ത്തി. അവിടെ കൂടുതല്‍ സമയം ചെലവഴിച്ചതിന്റെ ഭാഗമായി ഒമ്പതാം ക്ലാസില്‍ കണക്കിന് തോറ്റു. അതോടെ വാശിയായി, ഇനി കണക്കുതന്നെയാണ് തന്റെ ജീവിതമെന്ന് തീരുമാനിച്ചു. പട്ന സര്‍വകലാശാലയില്‍ നിന്ന് 1993 ല്‍ ബി.എസ്സി. മാത്തമാറ്റിക്സ് പാസായി. കേംബ്രിജ് സര്‍വകലാശാലയില്‍ ചേരാന്‍ അവസരം ലഭിച്ചെങ്കിലും വര്‍ഷം ആറുലക്ഷം രൂപ ചെലവുവരുന്നതിനാല്‍ ഒഴിവാക്കി.

പിന്നെയാണ് 'രാമാനുജന്‍ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ്' തുടങ്ങുന്നത്. അതിനു ശേഷം ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് ഐ.ഐ.ടി. പ്രവേശനത്തിന് സഹായിക്കുന്ന 'സൂപ്പര്‍ 30' തുടങ്ങി. ഒരു വര്‍ഷം മുപ്പത് കുട്ടികളെ തിരഞ്ഞെടുത്ത് അവരെ ഐ.ഐ.ടി. പ്രവേശനത്തിന് പ്രാപ്തരാക്കുന്ന പരിശീലനം നല്‍കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

ഇതു വഴി ഒട്ടേറെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ സൗജന്യമായി പഠിച്ച് ഐ.ഐ.ടി. പ്രവേശനം നേടി. ഇന്ന് ആരില്‍ നിന്നും  സംഭാവന വാങ്ങാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെത്തന്നെ ഏറ്റവും മികച്ച സ്ഥാപനമാണ് സൂപ്പര്‍ 30. 

ഓഫീസ് വിലാസം:-രാമാനുജന്‍ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ്, നയാ തോല, കുംഹ്രാര്‍, പട്ന-800 020.
പോസ്റ്റല്‍ വിലാസം: രാമാനുജന്‍ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ്, ശാന്തി കുടീര്‍, ചാന്ദ്പുര്‍ ബേല, പട്ന 800 020.

ഇ-മെയില്‍ -  mail@super30.org