ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ.) പരീക്ഷ ബാലികേറാമലയാണോ? അല്ലെന്ന് മാളവിക ആർ. കൃഷ്ണൻ പറയും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന സി.എ. (ഓൾഡ് സ്‌കീം) പരീക്ഷയിൽ രണ്ടാം റാങ്കുകാരിയാണ് മാളവിക. രണ്ടുതവണ പരാജയപ്പെട്ടവൾ. അർപ്പണബോധമുള്ള മനസ്സും ചിട്ടയായ പഠനവും ഈ നേട്ടത്തിലെത്തിച്ചുവെന്ന് മാളവിക പറയുന്നു. 

തയ്യാറെടുപ്പ് 

പഠിക്കാനുള്ള മാനസിക തയ്യാറെടുപ്പാണ് ആദ്യം നടത്തിയത്. ടെൻഷൻ മാറ്റിവെച്ച് മനസ്സ് ശാന്തമാക്കി. രാവിലെ ആറിന് എഴുന്നേൽക്കും. രാത്രി 12-ന് ഉറങ്ങും. ഇതിനിടയിലുള്ള 10 മണിക്കൂറോളമാണ് പഠനം. ഉറക്കമിളച്ചും പഠിക്കില്ല. കാണാപാഠം പഠിക്കില്ല. ആശയം മനസ്സിലാക്കി പഠിക്കും. ടൈംടേബിൾ തയ്യാറാക്കി വിഷയങ്ങൾക്ക് തുല്യപരിഗണന നൽകി. എളുപ്പമാണെന്ന് കരുതി ഒരുവിഷയവും അവഗണിച്ചില്ല. വീട്ടുകാരോടൊപ്പം സംസാരിക്കാനും സമയം കണ്ടെത്തിയിരുന്നു. 

റിവിഷൻ മുഖ്യം 

പരീക്ഷയ്ക്കുമുമ്പ് മൂന്നുതവണ റിവിഷൻ പൂർത്തിയാക്കി. ലോ പോലുള്ള വിഷയങ്ങളിലെ ‘കീവേഡുകൾ’ പഠിച്ചു. പഴയ ചോദ്യപ്പേപ്പറുകളും ഓൺലൈൻ ചോദ്യോത്തരങ്ങളും പരിശീലിച്ചു. ഫോർമുലകൾ എഴുതിപ്പഠിച്ചു. 
ഫിനാൻഷ്യൽ റിപ്പോർട്ടിങ്, സ്ട്രാറ്റജിക് ഫിനാൻഷ്യൽ മാനേജ്മെന്റ്, അഡ്വാൻസ് മാനേജ്മെന്റ് അക്കൗണ്ട്‌സ് പോലുള്ളവ കണക്കുമായി ബന്ധപ്പെട്ടതാണ്. അറിയാവുന്ന ചോദ്യങ്ങൾക്ക് ആദ്യവും അല്ലാത്തവയ്ക്ക് അവസാനവും ഉത്തരം എഴുതി. ഓഡിറ്റിങ്, ലോ, ഇൻഫർമേഷൻ സിസ്റ്റം ഓഫ് കൺട്രോൾ ഓഡിറ്റ്, ഇൻകം ടാക്സ്, ഇൻഡയറക്ട് ടാക്സ് പോലുള്ളവ തിയറി സംബന്ധമായ വിഷയങ്ങളാണ്. ഈ വിഷയങ്ങളിൽ ഓർമയാണ്‌ തുണച്ചത്. 

വിജയിക്കണമെന്ന വാശി 

പാലക്കാട് ആലത്തൂർ നെല്ലിയംകുന്നിൽ സുദർശനിയിൽ കെ. രാധാകൃഷ്ണന്റെയും ജയാരാധാകൃഷ്ണന്റെയും മകളാണ് മാളവിക. 10-ാം ക്ലാസ് മുതൽക്കേ സി.എ. മോഹം മനസ്സിലുണ്ട്. പ്ലസ്ടു കഴിഞ്ഞ് പരിശീലനം തുടങ്ങിയെങ്കിലും ഡിഗ്രിക്ക് പ്രവേശനം കിട്ടിയതോടെ കോച്ചിങ് പൂർത്തിയാക്കിയില്ല. പിന്നീട് രണ്ടുതവണ പരീക്ഷയെഴുതിയെങ്കിലും പരാജയപ്പെട്ടു. വിജയിക്കണമെന്ന വാശി വിജയത്തിലെത്തിച്ചു. സഹോദരൻ: മൃദുൽ രാധാകൃഷ്ണൻ.

 

 Content Highlights: Second rank holder Malavika R Krishnan shares tips for CA studies