നാഷ്ണല്‍ ജിയോഗ്രാഫിക് ബീ മത്സരത്തില്‍ മലയാളി  വിദ്യാര്‍ഥി ജേതാവ്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശിയായ മുരളിയുടെ മകന്‍ ഋഷി നായര്‍ (12)  ആണ് ലോകശ്രദ്ധയാകര്‍ഷിച്ച വിജയം കരസ്ഥമാക്കിയത്. ഫ്‌ളോറിഡയിലെ വില്ല്യംസ് മാഗ്നെറ്റ് മിഡില്‍ സ്‌കൂളില്‍  ആറാം ക്ലാസ്  വിദ്യാര്‍ഥിയാണ് ഋഷി നായര്‍.

സമയം കിട്ടുമ്പോഴെല്ലാം ജിയോഗ്രഫി പഠിക്കുകയാണ് ഋഷിയുടെ വിനോദം. മത്സരത്തിന്റെ അവസാനം നേരിട്ട ചോദ്യത്തിലൂടെയാണ് ഒപ്പമുണ്ടായ മത്സരാര്‍ത്ഥികളെ പിന്‍ന്തള്ളി ഋഷി ഒന്നാമതെത്തിയത്. 34 ലക്ഷത്തോളം രൂപയാണ് ഋഷിക്ക് സമ്മാനത്തുകയായി ലഭിക്കുക. കൂടാതെ നാഷണല്‍ ജിയോഗ്രാഫിക്ക് സൊസൈറ്റിയില്‍ ആജീവനാന്തമെമ്പര്‍ഷിപ്പും ലഭിക്കും.

തെക്കുകിഴക്ക് അലാസ്‌കയില്‍ നടത്തുന്ന സാഹസിക യാത്രയുടെ മുഴുവന്‍ ചിലവും വിജയിയായതോടെ ഋഷിയ്ക്ക് ലഭിക്കും. ജോഗ്രഫിയില്‍ വിജയം നേടി, അടുത്തതായി കണക്കിലും സയന്‍സിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഋഷി പറയുന്നു. 2014ല്‍ ആണ് ഋഷി അവസാനമായി കേരളത്തില്‍ വന്നുപോയത്.

മാതൃഭൂമി ഓണ്‍ലൈന് ഇ-മെയില്‍ വഴി ഋഷി നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

എന്തായിരുന്നു വിജയിയാപ്പോഴുള്ള ഋഷിയുടെ പ്രതികരണം?

ഞാന്‍ കസേരയില്‍ നിന്നെഴുന്നേറ്റ് ചാടി. സ്റ്റേജിന്റെ അവസാനം വരെ ഓടി, സന്തോഷത്തോടെ കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി, പിന്നെ അച്ഛനെ പോയി കെട്ടിപ്പിടിച്ചു. 

മലയാളിയായ ഋഷിനേടിയ വിജയം, എല്ലാമലയാളികള്‍ക്കും അഭിമാനം നല്‍കുന്നതാണ്. പതിവായി കേരളത്തില്‍ വരാറുണ്ടോ?

അതെ, എനിക്ക് കേരളത്തില്‍ വരുന്നത് ഒരുപാട് ഇഷ്ടമാണ്, അവസാന യാത്ര 2014 ജൂലൈയില്‍ ആയിരുന്നു. അന്ന് സ്വദേശമായ പാലക്കാടും, ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രവുമൊക്കെ സന്ദര്‍ശിച്ചു. 

 മത്സരത്തിനുവേണ്ടി  പ്രത്യേക തയാറെടുപ്പുകളെന്തെങ്കിലും നടത്തിയിരുന്നോ?

4 മുതല്‍ 8 ഗ്രേഡ് വരെയുള്ള തലങ്ങളിലെ കുട്ടികളാണ്  നാഷണല്‍ ജിയോഗ്രാഫിക് ബി മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒന്നാം ക്ലാസുമുതല്‍ തന്നെ ഞാന്‍ ജിയോഗ്രാഫി പഠിക്കാന്‍ തുടങ്ങിയിരുന്നു, അവസാന വര്‍ഷങ്ങളില്‍ കഠിനമായി പരിശ്രമിച്ചു. പക്ഷേ മത്സരത്തിനിടയില്‍ വിജയത്തെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. 

ക്ലാസിലെ ടോപ്പര്‍ ആയിരുന്നോ? വിജയിച്ചപ്പോള്‍ എന്തായിരുന്നു കൂട്ടുകാരുടെ പ്രതികരണം?

അതെ, ഞാന്‍ ക്ലാസില്‍ ഒന്നാമതാണ്. മത്സരം കഴിഞ്ഞ് തിരിച്ച് സകൂളിലേക്ക് എത്തിയപ്പോള്‍ സുഹൃത്തുക്കളെല്ലാം എന്നെ അഭിനന്ദിച്ചു.

എല്ലാ ബി​ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കുന്നത് ഇന്ത്യന്‍ - അമേരിക്കന്‍ വിദ്യാര്‍ത്ഥികളാണ് എന്താണതിന് കാരണം.?

കഠിനാധ്വാനം, മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ പ്രോത്സാഹനം 

മലയാളിയായിട്ടാണല്ലോ ജനനം, മാതൃഭാഷ സംസാരിക്കുമോ? കേരളത്തിന്റെ സംസ്‌കാരവും ഭാഷയുമൊക്കെ ഋഷിയെ പരിശീലിപ്പിക്കാറുണ്ടോ? 

വീട്ടില്‍ അച്ഛനും അമ്മയും മലയാളമാണ് സംസാരിക്കുന്നത്. എനിക്ക് കുറച്ച് മലയാളം  വാക്കുകള്‍ അറിയാം. ഞാന്‍ വിഷുക്കണി കാണാറുണ്ട്, ഓണസദ്യ കഴിച്ചിട്ടുണ്ട്. ഭഗവതി സേവയും, വിദ്യാരംഭം പൂജയുമൊക്കെ കണ്ടിട്ടുണ്ട്. 

ജ്യോഗ്രഫിക്കു പുറമെ മറ്റെന്തൊക്കെയാണ് ഇഷ്ടം?

ഞാന്‍ കര്‍ണാട്ടിക് സംഗീതം പഠിക്കുന്നുണ്ട്.  വയലിനില്‍ കര്‍ണാട്ടിക് സംഗീതം വായിക്കാനും അറിയാം.