ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ കേരളത്തിൽ ആൺകുട്ടികളിൽ ഒന്നാമതെത്തിയ ശ്രീഹരി പഠനരീതി വിശദീകരിക്കുന്നു

 

Sreehari‘‘അഞ്ചുമണിക്കൂർ സ്കൂളിലെ ക്ലാസ്, മൂന്നുമണിക്കൂർ എൻട്രൻസ് പരിശീലനകേന്ദ്രത്തിലെ ക്ലാസ്, പിന്നെ മൂന്നുമണിക്കൂർ സ്വയം പഠനം. എന്റെ പഠനരീതി ഇങ്ങനെയായിരുന്നു’’ -ജെ.ഇ.ഇ. (ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ പരീക്ഷയിൽ കേരളത്തിൽ മികച്ച വിജയം (സ്കോർ: 99.99) നേടിയ തൃശ്ശൂർ സ്വദേശി സി. ശ്രീഹരിയുടെ പഠനരീതി സിമ്പിളാണ്.

വെല്ലുവിളി

പത്താംക്ലാസുവരെയുള്ളതിൽനിന്ന് വ്യത്യസ്തമായി രണ്ടുവർഷം ഓൺലൈനിൽമാത്രമായി പഠനമെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഓരോ ദിവസത്തെയും ക്ലാസുകൾ കൃത്യമായി അതേദിവസംതന്നെ പഠിച്ചതാണ് ഗുണമായത്. ഇതിനെല്ലാമപ്പുറം പ്രത്യേക പഠനരീതിയൊന്നും പിന്തുടർന്നിരുന്നില്ല

സ്കൂളിലെ ഓൺലൈൻ ക്ലാസുകളെല്ലാം മുടങ്ങാതെ പങ്കെടുത്തു. ഓൺലൈൻ ക്ലാസുകൾ ആദ്യമെല്ലാം ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ, പതുക്കെപ്പതുക്കെ പുതിയ പഠനരീതിയുമായി ഇണങ്ങി. എൻട്രൻസ് പരിശീലനകേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന സ്റ്റഡിമെറ്റീരിയൽ പിന്തുടർന്നു. പരിശീലനങ്ങളിലും പരീക്ഷകളിലും പങ്കെടുത്തു.

സമ്മർദമില്ലാതെ

സമ്മർദത്തിനടിപ്പെടാതെ ആസ്വദിച്ച് പഠിച്ചതാണ് ഗുണകരമായത്. ഹൈസ്കൂൾക്ലാസിൽ പഠിക്കുമ്പോൾ അണ്ടർ-14 ജില്ലാ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ രണ്ടുവർഷം അതിൽനിന്നുമാത്രമാണ് വിട്ടുനിന്നത് -ശ്രീഹരിയുടെ മുഖത്ത് ആത്മവിശ്വാസം.

ജെ.ഇ.ഇ. മെയിൻ രണ്ട്, മൂന്ന് സെഷനുകളിലും കേരളത്തിൽ ശ്രീഹരി മുന്നിലായിരുന്നു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലേക്കുള്ള പ്രവേശനപരീക്ഷയിൽ 142-ാം റാങ്ക് ലഭിച്ചു. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണിപ്പോൾ. അതിലെ സ്കോർകൂടി അറിഞ്ഞശേഷമേ ഏതുമേഖലവേണമെന്ന് തീരുമാനിക്കൂ -ശ്രീഹരി തന്റെ നിലപാട് വ്യക്തമാക്കി.

 

Content Highlights: Interview with Sreehari JEE Main rank holder in kerala