''രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ നമുക്കറിയാം, അന്നദാതാക്കളാണ്, എന്നാല്‍ വേണ്ടത്ര അംഗീകാരം അവര്‍ക്ക് ലഭിക്കുന്നില്ല. എന്റെ പഠനം കൊണ്ട് അവര്‍ക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകണം. എങ്കില്‍ മാത്രമേ എന്റെ ലക്ഷ്യം പൂര്‍ത്തിയാകൂ''- ദ ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് ലഭിച്ച ഗോപിക ഭാസി എന്ന പെണ്‍കുട്ടിയുടെ വാക്കുകളാണിത്.
തൃശ്ശൂര്‍ അഞ്ഞൂരിലുള്ള ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയാണ് ഗോപിക. അച്ഛന്‍ കൊറ്റന്‍തറയില്‍ ഭാസി, അമ്മ ബിന്ദു. രണ്ടു അനുജത്തിമാരും ഉണ്ട്. ഇന്ത്യയിലെ 800 വിദ്യാര്‍ഥിനികളില്‍ നിന്നാണ് ഗോപികയെ അംഗീകാരം തേടിയെത്തിയത്. 95 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ സാക്ഷാല്‍ ഷാരൂഖ് ഖാനും ലാ ട്രോബ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ജോണ്‍ ബാംബ്രിയും ചേര്‍ന്ന് ഗോപികയ്ക്ക് സമ്മാനിച്ചു. ഗോപികയുടെ കഠിനാധ്വാനത്തെയും അര്‍പ്പണ ബോധത്തെയും പ്രശംസിക്കാനും ഷാരൂഖ് മറന്നില്ല.
''സ്വപ്‌ന തുല്യമാണ് ഈ സ്‌കോളര്‍ഷിപ്പ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. വലിയ ഉത്തരവാദിത്തമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി''- ഗോപിക പറഞ്ഞു തുടങ്ങുകയാണ്.
ഗവേഷണം തുടങ്ങിയത് ആനകളെക്കുറിച്ച്
തൃശ്ശൂർ കേരളവര്‍മ കോളേജിലാണ് ഞാന്‍ ഡിഗ്രി പഠിച്ചത്. അതിന് ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ സൈക്കോളജി പഠിക്കാന്‍ പോയി. അപ്പോഴാണ് അവിടെ വെള്ളപ്പൊക്കം വരുന്നത്. പിന്നീട് ഞാന്‍ അത് അവസാനിപ്പിച്ച് നാട്ടിക എസ്.എന്‍ കോളേജില്‍ എം.എസ്.സി സുവോളജി ചെയ്തു. എം.സ്.സിയുടെ ഭാഗമായി ഞാന്‍ ആനകളെക്കുറിച്ച് ഒരു പ്രൊജക്ട് ചെയ്തു. ആനയുടെ ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയകളെക്കുറിച്ചുള്ള ഒരു പഠനമായിരുന്നു അത്. മിക്ക ആനകളും വയറിന് അസുഖം വന്നിട്ടാണ് ചെരിയുന്നത്. അതെങ്ങനെ നമുക്ക് കുറയ്ക്കാം എന്നതായിരുന്നു എന്റെ പഠനം.
കൃഷിയെ സ്‌നേഹിക്കുന്ന കുടുംബം
കൃഷിയോട് ആഭിമുഖ്യമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ മുത്തശ്ശൻ അധ്യാപകനും കര്‍ഷകനുമായിരുന്നു. അച്ഛന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെങ്കിലും കൃഷി ചെയ്യുന്നു. വീട്ടില്‍ അത്യവശ്യം കോഴിയും പച്ചക്കറിയുമൊക്കെ ഉണ്ട്. ഞാന്‍ ഒരു എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം വരെ നെല്ലൊക്കെ ധാരാളം ഉണ്ടായിരുന്നു. ചാണകം മെഴുകിയ മുറ്റത്ത് പണിക്കാര്‍ വന്ന് നെല്ലൊക്കെ ശരിയാക്കും. അത് കണ്ട് വളര്‍ന്നത് കൊണ്ടായിരിക്കണം കൃഷിയോട് എനിക്ക് താല്‍പര്യം തോന്നിയത്.
സ്‌കോളര്‍ഷിപ്പിനായുള്ള അലച്ചില്‍...
എം.എസ്.സി പൂര്‍ത്തിയാക്കിയതിന് ശേഷം ജോലി ചെയ്യാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി രാജീവ് ഗാന്ധി സെന്‍ര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അഭിമുഖത്തിന് പോയി. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛന് സുഖമില്ലാതാകുന്നത്. അതെന്നെ പ്രതിസന്ധിയിലാക്കി. ഒന്നരവര്‍ഷത്തോളം എനിക്ക് കാര്യമായി എനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നിരുന്നാലും ഒരുപാട് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിച്ചു. ആനിമല്‍ സ്റ്റഡീസിലായിരുന്നു എനിക്ക് താല്‍പര്യം. ഒരുപാട് വിദേശ സര്‍വ്വകലാശാലകളില്‍ അതുമായി ബന്ധപ്പെട്ട കോഴ്‌സുകളുണ്ട്. അതെല്ലാം ഞാന്‍ നോക്കി വച്ചിരുന്നു. 2018 ജൂലായ് മുതല്‍ ഞാന്‍ അയച്ച അപേക്ഷകള്‍ക്ക് യാതൊരു കണക്കുമില്ല. അതിനിടയിലാണ് ഷാരൂഖ് ഖാന്റെ പേരിലുള്ള ലാ ട്രോബ് യൂണിവേഴ്‌സിറ്റിയുടെ സ്‌കോളര്‍ഷിപ്പ് എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അതിനിടെ ഞാന്‍ ബാംഗ്ലൂരില്‍ ഒരു റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലികമായി ജോലിക്ക് കയറിയിരുന്നു.
ലാ ട്രോബിലേക്കുള്ള അപേക്ഷ....
ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഷാരൂഖ് ഖാന്റെ പേരില്‍ ലാ ത്രോബ് യൂണിവേഴ്‌സിറ്റി നല്‍കുന്ന ഒരു സ്‌കോളര്‍ഷിപ്പാണിത്. ഷാരൂഖ് ഖാന്റെ പേരിലുള്ള ഒരു ട്രസ്റ്റാണ് ഇതിനായുള്ള ഫണ്ട് നല്‍കുന്നത്. എഞ്ചിനീയറിങ്, മെഡിക്കല്‍, മൈക്രോബയോളജി, ലൈഫ് സയന്‍സ് അങ്ങനെ ഏത് മേഖലയിലുള്ള പെണ്‍കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇതിനായി അപേക്ഷിക്കുന്നത്. യാതൊരു പ്രതീക്ഷയുമില്ലാതെയാണ് ഞാന്‍ അപേക്ഷിച്ചത്. ഓഗസ്റ്റില്‍ ഒരു അഭിമുഖം ഉണ്ടായിരുന്നു. അത് പാസായി. പിന്നീട് ഡിസംബറില്‍ വീണ്ടും ഒരു അഭിമുഖം നടത്തി. ഡിസംബര്‍ അവസാനത്തില്‍ ഒരു മെയില്‍ വന്നു. ക്ഷമിക്കണം, നിങ്ങളെ തിരഞ്ഞെടുത്തിട്ടില്ല എന്നാണ് അതില്‍ എഴുതിയിരുന്നത്. അപ്പോള്‍ എന്റെ പ്രതീക്ഷയെല്ലാം അസ്തമിച്ചിരുന്നു. ഒരു ആഴ്ചയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എനിക്കൊരു മെയില്‍ വന്നു. നിങ്ങള്‍ തയ്യാറാണെങ്കില്‍ ഒരു അഭിമുഖത്തില്‍ കൂടി പങ്കെടുക്കൂ എന്നായിരുന്നു മെയിലിന്റെ ഉള്ളടക്കം. അങ്ങനെ ഒരു അഭിമുഖത്തില്‍ കൂടി പങ്കെടുത്തു. ബാംഗ്ലൂരിലെ ജോലിയുമായി മുന്നോട്ട് പോകുകയായിരുന്നു അപ്പോള്‍ ഞാന്‍.
അപ്രതീക്ഷിതമായിരുന്നു ആ സന്ദേശം...
അതിനിടെ അപ്രതീക്ഷിതമായി ഒരു മെയില്‍ ലഭിച്ചു. ദ ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പിന് നിങ്ങളെ തിരഞ്ഞെടുത്തു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. 800 കുട്ടികളില്‍ നിന്നാണ് എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്, എനിക്കത് വിശ്വസിക്കാനായില്ല. സ്‌കോളര്‍ഷിപ്പ് കിട്ടിയ വിവരം ഔദ്യോഗികമായി അവര്‍ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്ത് വിടുന്നത് വരെ നമ്മള്‍ അത് രഹസ്യമാക്കി വയ്ക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചിരുന്നു. തേനീച്ചകളുമായി ബന്ധപ്പെട്ട പഠനത്തില്‍ ഗവേഷണം ചെയ്യാനാണ് എനിക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാന്റെ വാക്കുകള്‍ നല്‍കിയ ഊര്‍ജ്ജം...
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല ഷാരൂഖ് ഖാനുമായുള്ള കൂടികാഴ്ച. അദ്ദേഹത്തോട് എനിക്ക് അളവില്ലാത്ത നന്ദിയുണ്ട്. വിദ്യാഭ്യാസത്തിന് ഏറെ പ്രധാന്യം നല്‍കുന്ന വ്യക്തിയാണ് ഷാരൂഖ് ഖാന്‍. അച്ഛനെയും അമ്മയെയും കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ കുട്ടികളും പുറത്താണ് പഠിക്കുന്നത്. നമ്മുടെ ചിറകിന്റെ കീഴില്‍ നില്‍ക്കാതെ അവരെ പറക്കാന്‍ പ്രേരിപ്പിക്കണം. ഗോപികയ്ക്ക് കിട്ടാവുന്നതില്‍ ഏറ്റവും നല്ല അവസരമാണിത്. ആ വാക്കുകള്‍ നല്‍കിയ സന്തോഷം വളരെ വലുതാണ്.
വളരെ ഡൗണ്‍ ടു എര്‍ത്താണ് ഷാരൂഖ് ഖാന്‍. ഇത്ര വലിയ നടനാണെന്ന് നമുക്ക് അദ്ദേഹത്തോട് പെരുമാറുമ്പോള്‍ തോന്നില്ല. കോട്ടിട്ടു തരുമ്പോള്‍ എന്റെ മുടി കുടുങ്ങിപ്പോയിരുന്നു. എന്തു ചെയ്യണം എന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് അദ്ദേഹം വന്ന് എന്നെ സഹായിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു അത്.
തളര്‍ത്തിയവരോട് പരാതിയില്ല
''പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് ഇരിക്കുകയാണോ കല്യാണം കഴിച്ച് വിടണം'' തുടങ്ങിയ ഡയലോഗുകള്‍ എന്റെ അച്ഛനും അമ്മയും സ്ഥിരമായി കേട്ടിരുന്നു. എന്നാല്‍ അവര്‍ അത് കാര്യമായി എടുത്തില്ല. കട്ടയ്ക്ക് പിന്തുണയുമായി എനിക്കൊപ്പം ഉണ്ടായിരുന്നു. അവരില്ലായിരുന്നു എങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. കുത്തുവാക്കുകള്‍ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരോട് പരാതിയില്ല, സ്‌നേഹം മാത്രം. മാതാപിക്കള്‍ക്കും അതുപോലെ തന്നെ എന്റെ അധ്യാപകര്‍ക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.

ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്
എനിക്കിതൊരു തുടക്കം മാത്രമാണ്. ഇത്രയും വലിയ തുക സ്‌കോളര്‍ഷിപ്പായി നല്‍കുമ്പോള്‍ എനിക്ക് മേലുള്ള ഉത്തരവാദിത്തം വളരെ വലുതാണ്. മൂന്നര വര്‍ഷത്തിനുള്ളില്‍ ഞാന്‍ തിസീസ് സമര്‍പ്പിച്ച് പി.എച്ച്.ഡി നേടണം. ആ ലക്ഷ്യം നേടിയെടുത്താല്‍ മാത്രമേ എന്നില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് അഭിമാനിക്കാനാകൂ. അവിടെയും തീര്‍ന്നില്ല, എന്റെ പഠനം കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടാകണം. രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ നമുക്കറിയാം. അന്നം നല്‍കുന്ന ജോലിയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ വേണ്ടത്ര അംഗീകാരങ്ങളും സഹായങ്ങളും അവര്‍ക്ക് ലഭിക്കുന്നില്ല. എങ്കില്‍ മാത്രമേ ഞാന്‍ ലക്ഷ്യത്തില്‍ എത്തുകയുള്ളൂ.
Content Highlights: Gopika Kottantharayil Bhasi Interview The Shah Rukh Khan La Trobe University PhD Scholarship girl