കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ പറ്റി വളരെ വലിയ കൗതുകവും താത്പര്യവുമാണ് കേരളത്തിന് ഇന്നുള്ളതെന്ന് റിട്ട ഐ.എ.എസ് ഓഫീസറും ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറുമായ കെ.ജയകുമാര്‍. പി.എസ്.സി പരീക്ഷയും കെ.എ.എസിലേക്കുള്ള വിജയവഴികളും എന്ന വിഷയത്തില്‍ മാതൃഭൂമിയുടെ നേതൃത്വത്തില്‍ നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ നിലനിന്നിരുന്ന ട്രാവന്‍കൂര്‍ സിവില്‍ സര്‍വീസുമായി സാമ്യമുള്ളതാണിത്. എന്നാല്‍ ഐക്യകേരളം വന്നപ്പോള്‍ അത് നിന്നു. കേരളത്തിന്റെ പ്രശ്‌നങ്ങളെ ഗാഢമായി പഠിക്കാന്‍ കഴിയുന്ന ഒരു സിവില്‍ സര്‍വീസ് ശാഖയാണ് കെ.എ.എസ് എന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 105 പേരാണ് കെ.എ.എസ് സര്‍വീസിന്റെ ആദ്യ ബാച്ചില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഫോറസ്റ്റ് സര്‍വീസ്, ആള്‍ ഇന്ത്യാ സര്‍വീസ്, ഐ.പി.എസ് പോലെയുള്ളവ ഉള്ളപ്പോള്‍ എന്തിനാണ് കെ.എ.എസ് എന്ന ചോദ്യം ഉയര്‍ന്നേക്കാം. കേരളത്തിന്റെ തനത് പാരമ്പര്യവും പ്രശ്‌നങ്ങളും മനസിലാക്കിയ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനും മുതല്‍ക്കൂട്ടാണ്. പലപ്പോഴും ഐ.എ.എസ് ഓഫീസേഴ്‌സ് ഷോര്‍ട്ടേജ് ആണ് കേരളത്തിന്. പലപ്പോഴും നല്ല ഉദ്യോഗസ്ഥര്‍ക്ക് മൂന്നും നാലും ചാര്‍ജ് നല്‍കും. പലപ്പോഴും എല്ലാ ചുമതലകളും വഹിക്കാന്‍ അവര്‍ക്ക് കഴിയില്ല. പ്രൊഫണലിസം ഭരണ രംഗത്തുണ്ടായില്ലെങ്കില്‍ ഭരണക്കൂടം പഴയ ഭാഷയിലും സമൂഹം പുതിയ ഭാഷയിലും സംസാരിക്കും.

ഐ.എ.എസിനൊപ്പം തന്നെ നില്‍ക്കുന്ന പ്രൊഫഷണല്‍ അഡ്മിനിസ്‌ട്രേറ്റഴ്‌സാണ് കെ.എ.എസ്. കേരളത്തിന്റെ ചരിത്രത്തെ പറ്റി പൂര്‍ണ ബോധ്യമുള്ളവരെയാണ് കെ.എ.എസിന് ആവശ്യം. കെ.എ.എസിലാദ്യം ലക്ഷക്കണക്കിന് പേര്‍ പരീക്ഷ എഴുതിയെങ്കിലും 105 പേര് മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതിന്റെ അര്‍ത്ഥം കെ.എ.എസ് എന്നത് മാറ്റര്‍ ഓഫ് സെലക്ഷന്‍ അല്ല, റിഷക്ഷന്‍ ആണെന്നതാണ്. യൂ വാണ്ട് ദി ബെസ്റ്റ് എന്നതിന് തന്നെയാണ് ഭരണക്കൂടം പ്രാധാന്യം നല്‍കുന്നത്.  ബാക്കിയുള്ളവര്‍  മോശക്കാരല്ല, ഇതില്‍ പെട്ടില്ലാ എന്നേയുള്ളൂ. ഞാന്‍ ഇത്ര അളവ് പഠിച്ചു, അത് കൊണ്ട് 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുമെന്ന് പ്ലസ് ടു അപ്രോച്ച് അല്ല കെ.എ.എസിനാവശ്യം.

Content Highlights: webinar on psc exam and shortcuts to win kas