'ഈ സമയവും കടന്നു പോകും' അക്ബര്‍ ചക്രവര്‍ത്തിക്കു മുന്നില്‍ ബീര്‍ബല്‍ എഴുതിയ വാചകമാണിത്. മെഡിക്കല്‍ - എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ എഴുതാനൊരുങ്ങുന്നവര്‍  ഓര്‍ത്തിരിക്കേണ്ട വാചകവും ഇതുതന്നെയാണ്.

മെഡിക്കല്‍- എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളുടെ  അവസാനഘട്ട ഒരുക്കത്തിനിടെ അപ്രതിക്ഷിതമായെത്തിയ കോവിഡ് 19 വിദ്യാര്‍ഥികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്. കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പടെ പഠനകേന്ദ്രങ്ങള്‍ എല്ലാം അടച്ച സാഹചര്യത്തില്‍ നാളുകളായി പിന്തുടര്‍ന്ന പഠനരീതികള്‍ എല്ലാം താളംതെറ്റിയിരിക്കുന്നു.

രോഗഭീതിയുടെ നിഴലില്‍ പരീക്ഷ തീയതികള്‍ താത്കാലികമായി മാറ്റിവെയ്‌ക്കേണ്ടി വന്നെങ്കിലും ഈ സമയത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കുട്ടികളും അവരെ പ്രോത്സാഹിപ്പിക്കുവാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം. പഠിച്ച പാഠങ്ങള്‍ ആവര്‍ത്തിച്ച് വായിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും ഈ ദിവസങ്ങള്‍ ഉപയോഗിക്കണം. ചിട്ടയായ പഠനത്തിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ്. ഇപ്പോള്‍ എല്ലാവരും വീട്ടിലുള്ള ദിവസമാണ്. പുറത്തേക്ക് ആര്‍ക്കും പോകാന്‍ കഴിയില്ല. നിങ്ങളെ തേടി ബന്ധുക്കളോ  സുഹൃത്തുക്കളോ എത്തുകയുമില്ല. സ്വസ്ഥതയോടെ കൊറോണ പ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് നിങ്ങള്‍ക്ക് പഠിക്കാം.

പരീക്ഷ മാറ്റിവെച്ചതിനാല്‍  പുതിയ തീയതി വന്ന ശേഷം ഗൗരവകരമായി പഠിച്ചെഴുതി ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കാമെന്നൊരു മിഥ്യാധാരണ കുട്ടികളില്‍ പലരും വെച്ചുപുലര്‍ത്താറുണ്ട്. ഇത് തെറ്റാണെന്ന് ആദ്യം മനസ്സിലാക്കണം. ഇതൊരിക്കലും സാധ്യമല്ലെന്ന് മാത്രമല്ല, ചിട്ടയായ പഠനത്തിലൂടെ, നിരന്തര പരിശ്രമത്തിലൂടെ മാത്രമേ ലക്ഷ്യത്തിലെത്താന്‍ കഴിയുവെന്ന സത്യം മനസ്സിലാക്കുകയും വേണം .

'ചിട്ടയായ പഠനം' (Systematic Study) എന്നത് കാലങ്ങളിലൂടെ സ്വായത്തെമാക്കേണ്ട ഒന്നാണ്. അല്ലാതെ പെട്ടെന്നൊരുദിനം പഠനത്തിന്റെ അസാധാരണഭാരം ഏറ്റെടുക്കാന്‍ നമ്മുടെ തലച്ചോറിനെ പ്രേരിപ്പിക്കുന്നത് ബുദ്ധിശൂന്യതയാണ്. പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളും വ്യക്തതയോടെ ഹൃദിസ്ഥമാക്കുക. മുന്നറിയിപ്പുകളധികമൊന്നുമില്ലാതെ, ഒരുപക്ഷേ നീട്ടിവച്ച മത്സര പരീക്ഷ പെട്ടെന്ന് നടത്താന്‍ സര്‍ക്കാര്‍ തിരുമാനിച്ചാല്‍, ഇതുവരെയുള്ള നമ്മുടെ അധ്വാനം പാഴായിപ്പോകരുത്. ദുരന്തകാലത്തിനുശേഷം വിദ്യാര്‍ഥികള്‍ പരീക്ഷാകാലത്തെ നേരിടാനും തയ്യാറെടുക്കണം.

ഇപ്പോള്‍ നാടൊന്നാകെ ഒരു പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്.അനാവശ്യമായ മാനസിക പിരിമുറുക്കം ആര്‍ക്കും വേണ്ട. കൃത്യമായി ഉറങ്ങി, ഉണര്‍ന്ന് ചിട്ടയോടെ പഠനം തുടരണം.24 മണിക്കുറും വീട്ടിലുള്ളതിനാല്‍ ഇതിനിടെ ആവശ്യത്തിന് ടി.വി. ഉള്‍പ്പെടെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാം. ഇപ്പോള്‍ കൊറോണയാണെന്ന് കരുതി പഠനത്തിന് അവധി നല്‍കുന്നത് ശരിയായ രീതിയല്ല. ഈ കൊറോണക്കാലത്തെ ഒരു പ്രത്യേക പഠനാനുഭവകാലമാക്കി മാറ്റി വിജയത്തെ കൈപിടിയിലൊതുക്കണം. 

ചിട്ടയായ പഠനത്തിന് അഞ്ച് വഴികള്‍

  • അതിരാവിലെ ഉണരുകയും കൂടുതല്‍ പാഠങ്ങള്‍ പഠിച്ചുതീര്‍ക്കുകയും ചെയ്യണം. നമ്മുടെ 'ബ്രെയിന്‍' ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് ഒരു ദിവസത്തിന്റെ ഈ ആദ്യ മണിക്കൂറുകളിലാണെന്ന് ഓര്‍മിക്കണം. ഒരു ദിവസത്തെ മൊത്തം പഠനസമയം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.
  • പകല്‍ സമയങ്ങളില്‍ പഠിക്കാതെ രാത്രിയുടെ അവസാന മണിക്കുറുകളില്‍ പഠിക്കാനിരിക്കുന്നത് ശരിയായ രീതിയല്ല. നിര്‍ബന്ധമായും ഉറക്കത്തി നും വിശ്രമത്തിനുമായി ഈ സമയം മാറ്റിവയ്ക്കണം.
  • പ്ലസ്ടു വിദ്യാര്‍ഥികള്‍ ശേഷിക്കുന്ന ബോര്‍ഡ് എക്‌സാമുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, പ്രവേശനപരീക്ഷകളുടെ പഠനത്തിനും പ്രാധാന്യം നല്‍കണം. വിവിധ പ്രവേശനപരീക്ഷകളുടെ മാതൃകാപരീക്ഷകളെഴുതി പരിശീലിക്കാന്‍ ഇക്കൂട്ടര്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • മാതൃകാപരീക്ഷകള്‍ എഴുതുന്നവര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഏറ്റവും കുറവ് സമയത്തിനുള്ളില്‍ എന്ന രീതി പിന്‍തുടരുക. മാതൃകാ ചോദ്യപേപ്പറുകള്‍ ഗൂഗിളിലും പ്രമുഖ കോച്ചിങ് സെന്ററുകളുടെ വെബ്‌സൈറ്റുകളിലും ലഭ്യമാണ്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം.
  • ചെറിയ അശ്രദ്ധകൊണ്ടുമാത്രം കഴിഞ്ഞവര്‍ഷം ഉയര്‍ന്ന മാര്‍ക്ക് നഷ്ടമായവരാണ് ഈ വര്‍ഷം റിപ്പീറ്റ് ചെയ്യുന്നത്. റിവിഷന്റെ കാര്യത്തില്‍ ഇവര്‍ പ്രത്യകം ശ്രദ്ധിക്കണം. എന്‍.സി.ഇ.ആര്‍.ടി. ഉള്‍പ്പെടെ ലഭ്യമായ എല്ലാ സ്റ്റഡി മെറ്റീരിയലുകളും ഇവര്‍ നല്ല രീതിയില്‍ പഠനവിധേയമാക്കണം.

(റിജു ആന്‍ഡ് പി .എസ് .കെ. ക്ലാസ്സസ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Utilise lockdown period for studies to get better ranks in entrance exams