ഗതാഗത, സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉബര്‍ ടെക്‌നോളജീസ് 'ഉബര്‍ ഹാക്ക് ടാഗ്' ഓണ്‍ലൈന്‍ കോഡിങ് മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. വര്‍ക്കിങ് പ്രൊഫഷണലുകള്‍, ഫുള്‍ ടൈം ബി.ഇ./ബി.ടെക്, എം.ഇ./എം.ടെക്. എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.
പരമാവധി മൂന്നുപേര്‍ അടങ്ങുന്നതാകണം ടീം. ഒരു കാമ്പസില്‍ നിന്ന് എത്ര ടീമിനും മത്സരിക്കാം. ക്രോസ് കോളേജ്, ക്രോസ് ഓര്‍ഗനൈസേഷന്‍ ടീമായും മത്സരിക്കാം. ആദ്യഘട്ടത്തില്‍ അടിസ്ഥാന കോഡിങ് കഴിവുകള്‍ പരീക്ഷിക്കപ്പെടും. 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ റൗണ്ടില്‍ ടീമിനെ പ്രതിനിധീകരിച്ച് ഒരാള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഫെബ്രുവരി 27 വൈകീട്ട് ആറുമണി മുതല്‍ 6.50 വരെ നടത്തുന്ന ഈ ഓണ്‍ലൈന്‍ റൗണ്ടില്‍ പങ്കെടുക്കാന്‍ https://dare2compete.com ലെ സ്ലൈഡറിലെ 'ഉബര്‍ ഹാക്ക് ടാഗ്' മത്സരലിങ്കില്‍ക്കൂടി ഫെബ്രുവരി 26 രാത്രി 11.59നകം രജിസ്റ്റര്‍ചെയ്യണം.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് മാര്‍ച്ച് ഒന്നിനും ഏഴിനും ഇടയില്‍ നടത്തുന്ന പ്രോട്ടോടൈപ്പിങ് റൗണ്ടിലും അതില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഗ്രാന്റ് ഫൈനല്‍ റൗണ്ടിലും (മാര്‍ച്ച് 29) പങ്കെടുക്കാം. മത്സരഘടനയുടെ വിശദാംശങ്ങള്‍ പ്രോഗ്രാം ലിങ്കിലുണ്ട്. പ്രൊഫഷണല്‍ വിഭാഗത്തില്‍ രണ്ടുലക്ഷം രൂപ, ഒരു ലക്ഷം രൂപ, 50,000 രൂപയുടെയും വിദ്യാര്‍ഥിവിഭാഗത്തില്‍ 1,20,000 രൂപ, 60,000 രൂപ, 30,000 രൂപയുടെയും സമ്മാനങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Content Highlights: Uber hack tag online coding competition, register now