ലാ, കായിക മത്സരങ്ങള്‍ കഴിഞ്ഞു, ക്രിസ്മസും പുതുവത്സരവും കടന്നു പോയി. സ്‌കൂളുകളില്‍ ഇനി വരാനിരിക്കുന്നത് പരീക്ഷാക്കാലമാണ്.  മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും ഉയര്‍ന്ന മാര്‍ക്ക് നേടാനായില്ലെന്ന പരാതിയുമായി വരുന്നവര്‍ എല്ലാവര്‍ഷവുമുണ്ടാകും. മിക്കപ്പോഴും തയ്യാറെടുപ്പുകള്‍ക്കപ്പുറം പരീക്ഷയോട് പുലര്‍ത്തുന്ന സമീപനമാണ് മാര്‍ക്ക് നേടുന്നതിനെ സ്വാധീനിക്കുക. പരീക്ഷാ ഹാളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ എളുപ്പമാണ്.

പേടി മാറ്റിവെച്ച് ശാന്തത കൈവരിക്കുക

പരീക്ഷയെ എപ്പോഴും ധൈര്യപൂര്‍വം നേരിടുകയെന്നതാണ് പരീക്ഷാര്‍ഥി ചെയ്യേണ്ട ആദ്യത്തെ കാര്യം. പരീക്ഷാ ഹാളില്‍ അല്‍പം നേരത്തെ എത്തി അനാവശ്യ ചിന്തകളെ മാറ്റിവെച്ച് സാധാരണമായ മനോനിലയില്‍ വേണം എഴുതിത്തുടങ്ങാന്‍. കൂള്‍ ഓഫ് ടൈം ഇതിനായി ഉപയോഗിക്കാം. ബുദ്ധിമുട്ടേറിയ പരീക്ഷയാണെങ്കില്‍പ്പോലും ജയിക്കാനാകുമെന്ന വിശ്വാസം മനസില്‍ ഉറപ്പിക്കുക. 

ചോദ്യങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചു മനസിലാക്കുക

ചോദ്യങ്ങള്‍ മുഴുവനായി വായിച്ചുനോക്കാതെ ഉത്തരമെഴുതുന്നവരുണ്ട്. ഇത് മിക്കപ്പോഴും കൃത്യമായ ഉത്തരമെഴുതാന്‍ പരീക്ഷാര്‍ഥിയെ സഹായിക്കില്ലെന്ന് മാത്രമല്ല തെറ്റുത്തരങ്ങളിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. ചോദ്യം വ്യക്തമായി മനസിലാക്കാനായില്ലെങ്കില്‍ വീണ്ടും ആവര്‍ത്തിച്ച് വായിച്ചുനോക്കുന്നത് നന്നാവും. 

വളഞ്ഞ വഴികളിലൂടെ ചോദ്യങ്ങളുന്നയിക്കുന്ന രീതി പുതിയകാലത്തെ എല്ലാ പരീക്ഷകളിലും സ്വീകരിച്ചു വരുന്നുണ്ട്. നേരിട്ടുള്ള ചോദ്യങ്ങള്‍ എല്ലായ്‌പ്പോഴും പ്രതീക്ഷിക്കരുതെന്ന് സാരം. നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ മാത്രം ഉത്തരമായി നല്‍കുന്നത് നല്ല സമീപനമാണ്. ബന്ധമില്ലാത്ത കാര്യങ്ങള്‍ എഴുതി നല്‍കുന്നത് മൂല്യനിര്‍ണയം നടത്തുമ്പോള്‍ മോശം ഇംപ്രഷന്‍ ഉണ്ടാക്കാനിടയാകും.  

ടൈം പ്ലാന്‍ ചെയ്യുക

ഓരോ പരീക്ഷയ്ക്കും അനുവദിച്ചിട്ടുള്ള സമയം എത്രയാണെന്ന് നേരത്തേതന്നെ വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ ചോദ്യത്തിനും മാര്‍ക്കിന് അനുസൃതമായി സമയം നല്‍കുന്നതും നല്ലതാണ്. ഉദാഹരണത്തിന് ഒന്നര മണിക്കൂര്‍ സമയവും 40 മാര്‍ക്കുമുള്ള പരീക്ഷയില്‍ നാല് മാര്‍ക്കിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പത്തില്‍ ഒന്ന് സമയം വിനിയോഗിക്കുകയെന്നത് നല്ല തീരുമാനമായിരിക്കും. അതായത് നാല് മാര്‍ക്കിന്റെ ഉത്തരം എഴുതാന്‍ പരമാവധി ഒന്‍പത് മിനുട്ട്. അല്‍പം മാറ്റം വന്നെന്നു കരുതി പരിഭ്രമിക്കേണ്ട കാര്യമില്ല, പിന്നീടുള്ള ഉത്തരങ്ങളെഴുതുമ്പോള്‍ ഇക്കാര്യം ഓര്‍ത്തുവെച്ചാല്‍മതി. 

പ്രധാന കാര്യങ്ങള്‍ ഹൈലൈറ്റ് ചെയ്യുക

മൂല്യനിര്‍ണയം പലപ്പോഴും വേഗത്തിലാവാറുണ്ട്. പരീക്ഷാര്‍ഥികള്‍ എഴുതുന്ന ഉപന്ന്യാസങ്ങളും മറ്റും മുഴുവനായി വായിക്കാനുള്ള ക്ഷമ എല്ലായ്‌പ്പോഴും അധ്യാപകര്‍ പുലര്‍ത്തണമെന്നില്ല. ഇവിടെയാണ് പ്രധാന കാര്യങ്ങള്‍ എടുത്തുകാണിക്കേണ്ട ആവശ്യകതയേറുന്നത്. പ്രധാനപ്പെട്ട വരികള്‍ അടിവരയിട്ടുവെക്കുകയോ പ്രത്യേകം ബോക്‌സിലാക്കുകയോ ചെയ്യാം. ഇതിനായി പെന്‍സില്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഹൈലൈറ്റ് ചെയ്യുമ്പോള്‍ വൃത്തിയായി ചെയ്യാന്‍ ശ്രദ്ധിക്കുക. ഉത്തരക്കടലാസ് കാണാന്‍ വൃത്തിയുണ്ടെങ്കില്‍ മൂല്യനിര്‍ണയം നടത്തുന്നവര്‍ കൂടുതല്‍ വായിക്കാന്‍ ഇഷ്ടപ്പെടുമെന്ന കാര്യം ഓര്‍ത്തുവെക്കുക.

Content Highlights: Gear up for the exam time, Tips to score higher marks in exams