നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) - യു.ജി.2019-ന് വിദ്യാര്‍ഥികള്‍ അപേക്ഷിക്കുകയാണല്ലോ. നീറ്റുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് പ്രവേശനപ്പരീക്ഷാ മുന്‍ ജോയന്റ് കമ്മിഷണര്‍ ഡോ. എസ്. രാജൂകൃഷ്ണന്‍ മറുപടി നല്‍കുന്നു.

2017-ലും 2018-ലും നീറ്റ് എഴുതി. 2019-ല്‍ വീണ്ടും എഴുതാമോ?

എഴുതാം. നീറ്റ് ഇത്ര തവണയേ എഴുതാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയില്ല. 

നീറ്റില്‍, ഒ.ബി.സി. സംവരണം കിട്ടാന്‍ എന്തുചെയ്യണം. സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ കൊടുക്കണോ?

അപേക്ഷിക്കുമ്പോള്‍, കാറ്റഗറി രേഖപ്പെടുത്താന്‍ സൗകര്യം ഉണ്ട്. അവിടെ ഒ.ബി.സി. നല്‍കുക. സര്‍ട്ടിഫിക്കറ്റൊന്നും ഇപ്പോള്‍ നല്‍കേണ്ടതില്ല. പ്രവേശനം നേടുന്ന വേളയില്‍ അത് ഹാജരാക്കണം. സംവരണത്തിന് അര്‍ഹതയുണ്ടെന്ന് ഉറപ്പാക്കുക.

അപേക്ഷയുടെ കണ്‍ഫര്‍മേഷന്‍ പേജ് എടുത്തു. ഇത് എവിടേക്കെങ്കിലും അയയ്ക്കണോ? അപേക്ഷ പൂര്‍ത്തിയാക്കാന്‍ ഇനിയെന്തെങ്കിലും ചെയ്യണോ ?

കണ്‍ഫര്‍മേഷന്‍ പേജിന്റെ നാല് കോപ്പി എങ്കിലും എടുത്തു സൂക്ഷിക്കുക. അത് എവിടേക്കും അയക്കേണ്ടതില്ല. കണ്‍ഫര്‍മേഷന്‍ പേജ് പ്രിന്റ് എടുക്കുന്നതോടെ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാകും.

 അപേക്ഷിച്ചപ്പോള്‍ അപ്ലോഡ്ചെയ്ത ഫോട്ടോയില്‍ പേരില്ല. പ്രശ്‌നമുണ്ടോ?

ഫോട്ടോയില്‍ പേരു വേണമെന്ന് ഈ വര്‍ഷത്തെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ പറയുന്നില്ല. മാത്രമല്ല, ഫോട്ടോയിലോ ഒപ്പിലോ എന്തെങ്കിലും അപാകമുണ്ടെങ്കില്‍ വിവരം അപേക്ഷാര്‍ഥിയെ ഇ-മെയില്‍ /എസ്.എം.എസ്. വഴി അറിയിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകന്റെ ലോഗിന്‍ അക്കൗണ്ടിലും ആ വിവരം ഉണ്ടാകും. 

ഓപ്പണ്‍ സ്‌കൂള്‍ വഴിയാണ് പ്ലസ് ടു കഴിഞ്ഞത്. അപേക്ഷിക്കാമോ?

അപേക്ഷിക്കാം. പക്ഷേ, നിങ്ങളുടെ കാന്‍ഡിഡേച്ചര്‍ പ്രൊവിഷണല്‍ ആയിരിക്കും. ഓപ്പണ്‍ സ്‌കൂള്‍വഴി പ്ലസ് ടു കഴിഞ്ഞവരുടെ അര്‍ഹത കോടതികളുടെ പരിഗണനയിലാണ്. അതിലെ അന്തിമതീരുമാനത്തിനു വിധേയമായി മാത്രമേ നിങ്ങളുടെ അപേക്ഷയിന്മേല്‍ ഒരു തീരുമാനം ഉണ്ടാവുകയുള്ളൂ. 

മാത്തമാറ്റിക്‌സ് പ്ലസ് ടുവിന് പഠിച്ചിട്ടില്ല. കംപ്യൂട്ടര്‍ സയന്‍സാണ് പഠിച്ചത്. എനിക്ക് അപേക്ഷിക്കാമോ?

അപേക്ഷിക്കണമെങ്കില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ബയോളജി അല്ലെങ്കില്‍ ബയോടെക്നോളജിയും നിര്‍ബന്ധമായി പ്ലസ് ടു തലത്തില്‍ പഠിക്കണം. അഞ്ചാം വിഷയം മാത്തമാറ്റിക്‌സോ മറ്റേതെങ്കിലും വിഷയമോ ആകാം. മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല.

കേരളത്തില്‍ ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍ കോഴ്സിന് ചേരാനാണ് ആഗ്രഹം. ഐ.സി.എ.ആര്‍. നടത്തുന്ന അഗ്രിക്കള്‍ച്ചര്‍ പ്രവേശനപ്പരീക്ഷ എഴുതിയാല്‍ മതിയോ?

2018ല്‍ ഐ.സി.എ.ആര്‍. അഗ്രിക്കള്‍ച്ചര്‍ പ്രവേശനപ്പരീക്ഷ വഴി കേരളത്തില്‍ ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍ ഉള്‍പ്പെടെയുള്ള കോഴ്സുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റിലേക്കു മാത്രമാണ് പ്രവേശനം നടത്തിയത്. ബാക്കി സീറ്റില്‍ കേരളത്തിലെ എന്‍ട്രന്‍സ് കമ്മിഷണറാണ് അലോട്ട്മെന്റ് നടത്തിയത്. കേരളത്തിലെ അപേക്ഷകരുടെ നീറ്റ് റാങ്ക് പരിഗണിച്ച്. അതിനാല്‍ ബഹുഭൂരിപക്ഷം സീറ്റിനും നീറ്റ് ബാധകമായിരുന്നു. ഈ വര്‍ഷവും ഇതേ രീതി തുടരാനാണ് സാധ്യത. അതിനാല്‍ നീറ്റ് എഴുതുക.

നീറ്റ് ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ പരീക്ഷയാണോ?

അല്ല. 2019-ലെ നീറ്റ് ഓഫ് ലൈന്‍ രീതിയിലാകും. പേപ്പര്‍/ പേന രീതിയില്‍. ചോദ്യങ്ങളടങ്ങുന്ന ലഘുപുസ്തകം പരീക്ഷാര്‍ഥിക്കു നല്‍കും. ഉത്തരം, ബോള്‍ പോയന്റ് പേന ഉപയോഗിച്ച് ഒ.എം.ആര്‍. ഷീറ്റില്‍ രേഖപ്പെടുത്തണം. പേന പരീക്ഷാകേന്ദ്രത്തില്‍നിന്നും നല്‍കും.

എ.എഫ്.എം.സി.യിലേക്ക് ഇപ്പോള്‍ അപേക്ഷിക്കണോ?

 വേണ്ട. നീറ്റ് യു.ജി. ഫലം വന്നശേഷം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി അലോട്ട്മെന്റ് നടപടി ആരംഭിക്കുമ്പോള്‍ എ.എഫ്.എം.സി.യിലേക്ക് ചോയ്സ് നല്‍കാന്‍ അവസരം കിട്ടും. അപ്പോള്‍ കൊടുത്താല്‍ മതി

നീറ്റിന്റെ അപേക്ഷയ്‌ക്കൊപ്പം കേരള പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കണോ?

ഇപ്പോള്‍ നീറ്റിനുമാത്രം അപേക്ഷിച്ചാല്‍ മതി. പ്രവേശനപരീക്ഷാ കമ്മിഷണര്‍, 2019-ലെ മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോള്‍ (ജനുവരി/ഫെബ്രുവരി മാസത്തില്‍ ഇതു പ്രതീക്ഷിക്കാം) തീര്‍ച്ചയായും അപേക്ഷിക്കണം. എന്നാലേ, നീറ്റ് റാങ്കുണ്ടെങ്കിലും പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍വഴി നികത്തുന്ന സീറ്റിലേക്ക് പരിഗണിക്കൂ.

കേരളീയനാണ്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലും അലിഗഢ് മുസ്ലിം സര്‍വകലാശാലയിലും കേരളീയര്‍ക്ക് സീറ്റുണ്ടോ

 കേരളീയര്‍ക്കായില്ല. പക്ഷേ, അഖിലേന്ത്യാതലത്തില്‍ നികത്തുന്ന സീറ്റുകള്‍ ഉണ്ടാകും. ആ സീറ്റുകളിലേക്ക് കേരളീയര്‍ക്കും ചോയ്സ് കൊടുക്കാം. ഇപ്പോഴല്ല എം.സി.സി. കൗണ്‍സലിങ് തുടങ്ങുമ്പോള്‍

എന്‍.ആര്‍.ഐ. ആണ്. എന്‍.ആര്‍.ഐ. ക്കാര്‍ നീറ്റ് എഴുതണോ

വേണം. നിര്‍ബന്ധമാണ്

എം.ബി.ബി.എസ്. മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷിക്കാന്‍ നീറ്റ് വേണോ, കോളേജിലേക്ക് വേറെ അപേക്ഷ കൊടുക്കണോ?

മാനേജ്മെന്റ്, ന്യൂനപക്ഷ സീറ്റുകള്‍ക്കും നീറ്റ് യു.ജി. നിര്‍ബന്ധമാണ്. അപേക്ഷ, സ്ഥാപനത്തിലേക്കു നല്‍കേണ്ടതില്ല. സ്റ്റേറ്റ് ഏജന്‍സിയായിരിക്കും സീറ്റ് അലോട്ട്മെന്റ് നടത്തുക. (കേരളത്തില്‍, പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍). നീറ്റ് റിസല്‍ട്ട് വന്നശേഷം ഓപ്ഷന്‍ വിളിക്കുമ്പോള്‍ താത്പര്യമുള്ള കോളേജിലേക്ക് ചോയ്സ് നല്‍കുക.

ഈ വര്‍ഷം നീറ്റ് രണ്ടുതവണ നടത്തുമോ ?

ഇല്ല. 2019-ല്‍, നീറ്റ് ഒരുതവണ മാത്രമേ നടത്തുകയുള്ളൂ.

നീറ്റ് അപേക്ഷയില്‍, നല്‍കിയ ചില വിവരങ്ങള്‍ തെറ്റായിപ്പോയി. പ്രിന്റ് ഔട്ട് എടുത്തശേഷമാണ് കണ്ടത്. തിരുത്താന്‍ പറ്റുമോ?

നല്‍കിയ അപേക്ഷയിലെ, ചില ഫീല്‍ഡുകളിലെ പിശകുകള്‍ തിരുത്താന്‍, 2019 ജനുവരി 14 മുതല്‍ 31 വരെ സൗകര്യം കിട്ടും. നിങ്ങളുടെ ലോഗിന്‍ പേജ് വഴി അപ്പോള്‍ തിരുത്തലുകള്‍ നടത്താം.

നീറ്റ് 2019 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ