ബിരുദവിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലെ സര്‍വകലാശാലകളിലോ കോളേജുകളിലോ സ്‌കോളര്‍ഷിപ്പോടെ ഒരു സെമസ്റ്റര്‍ പഠിക്കാനും ഇന്ത്യയുടെ കള്‍ച്ചറല്‍ അംബാസഡര്‍ ആകാനും അവസരം. യു.എസ്. സര്‍ക്കാരിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ആണ് ഗ്ലോബല്‍ അണ്ടര്‍ഗ്രാജ്വേറ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം (ഗ്ലോബല്‍ യുഗ്രാഡ്) സംഘടിപ്പിക്കുന്നത്. യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റാണ് ഫണ്ടിങ് ഏജന്‍സി. പഠനമേഖലയിലും കരിയറിലും ഉന്നതിക്കുവേണ്ടിയാണ് പ്രോഗ്രാം. യു.എസിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുമായും ബന്ധം സ്ഥാപിക്കാം. പ്രൊഫഷണല്‍ കഴിവുകള്‍ നേടാനും സംസ്‌കാരികമൂല്യങ്ങള്‍ മനസ്സിലാക്കാനും പ്രോഗ്രാം സഹായിക്കും.

യോഗ്യത: 18 വയസ്സിനുമുകളിലുള്ള, അംഗീകൃത സര്‍വകലാശാലയില്‍ ബിരുദപഠനം നടത്തുന്നവരാകണം. പഠനകാലയളവില്‍ ഒരു സെമസ്റ്റര്‍ ബാക്കിയാകണം. ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനുമുള്ള കഴിവ്. യു.എസ്. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് വിസ (ജെ1) യ്ക്കുള്ള യോഗ്യതയും അത് നിലനിര്‍ത്തുകയുംവേണം. കോഴ്‌സ് കഴിഞ്ഞാല്‍ സ്വന്തം രാജ്യത്തേക്കു തിരിച്ചുവരണം. ഇന്ത്യയിലെ യു.എസ്. എംബസി പബ്ലിക് അഫയേഴ്‌സ് സെക്ഷനോ ഫുള്‍ബ്രൈറ്റ് കമ്മിഷനോ ആണ് അപേക്ഷയില്‍ തീരുമാനമെടുക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി ആറ്. 

അപേക്ഷാ നടപടികള്‍ സ്വന്തമായി ചെയ്യാം

യാത്രാച്ചെലവ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിസ, താമസം, ഭക്ഷണം ഉള്‍പ്പെടെ എല്ലാ ചെലവും യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് വഹിക്കും. ടോഫല്‍ പരീക്ഷ എഴുതാനുള്ള ഫീസ് പോലും അവര്‍ തന്നിരുന്നു. വിഷയവും ടോഫല്‍ സ്‌കോറും അനുസരിച്ചാണ് പഠിക്കാനുള്ള സ്ഥാപനം ലഭിക്കുക. ലൂസിയാന മാക്‌നീസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് പ്രവേശനം ലഭിച്ചത്. അവിടത്തെ റഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നാലുമാസം പഠിക്കാം.

ലാബ്, ലൈബ്രറി ഉള്‍പ്പെടെ എല്ലാ സൗകര്യവും ഉപയോഗിക്കാം. അപേക്ഷാ നടപടികള്‍ സ്വന്തമായി ചെയ്യാം. അപേക്ഷയോടൊപ്പം രണ്ട് ലെറ്റര്‍ ഓഫ് റെക്കമന്‍ഡേഷന്‍, രണ്ട് ഉപന്യാസം, സ്‌കോര്‍ കാര്‍ഡ് എന്നിവ നല്‍കണം. ഏതെല്ലാം മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉപന്യാസത്തില്‍ ഉള്‍പ്പെടുത്തണം. ഇത് വായിക്കുന്ന അധികൃതര്‍ക്ക് വിദ്യാര്‍ഥിയെ മനസ്സിലാക്കാനുള്ള കാര്യങ്ങളാണ് എഴുതേണ്ടത്. ആദ്യം ഒരു ഫോണ്‍ അഭിമുഖമായിരുന്നു. ഇതിനുശേഷം ടോഫല്‍ എഴുതാന്‍ നിര്‍ദേശിച്ചു. കോവിഡ് കാരണം ഓണ്‍ലൈനായിട്ടാണ് എഴുതിയത്. വിസാ നടപടികള്‍ക്കായി കാത്തിരിക്കുന്നു.

റീമ ഷാജി 
ബി.ടെക്ക് കംപ്യൂട്ടര്‍ സയന്‍സ് 
എം.ഇ.എസ് എന്‍ജിനീയറിങ് കോളേജ് കുറ്റിപ്പുറം

 

കള്‍ച്ചറല്‍ അംബാസഡര്‍

തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിവിധ രാജ്യങ്ങളില്‍നിന്ന് സുഹൃത്തുക്കളെ കിട്ടി. അക്കാദമിക് വിഷയങ്ങളില്‍ അവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞു. മാസ്റ്റേഴ്‌സ് യു.എസില്‍ പഠിക്കണമെന്നാണ് ആഗ്രഹിച്ചത്. അതിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് ഗ്ലോബല്‍ യുഗ്രാഡ് പ്രോഗ്രാമിനെക്കുറിച്ച് അറിയുന്നത്.

അഭിമുഖത്തില്‍ നല്ലരീതിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. അച്ഛന്‍ പാരാ മിലിട്ടറിയിലാണ് ജോലിചെയ്യുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗത്തെ സംസ്‌കാരവും ഭാഷയും അറിയാം. അതിനാല്‍, കള്‍ച്ചറല്‍ അംബാസഡര്‍ എന്നരീതിയില്‍ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്‍.എസ്.എസ്. ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഉപന്യാസത്തില്‍ ഇതെല്ലാം വ്യക്തമാക്കി. നേതൃഗുണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രോഗ്രാമിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷാര്‍ഥിയുടെ കഴിവുകള്‍ എന്തെല്ലാം, കാര്യങ്ങള്‍ ഒറ്റയ്ക്കുചെയ്യാന്‍ കഴിയുമോ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. ക്ലീവ്‌ലന്‍ഡ് ഡെല്‍റ്റ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് പ്രവേശനം ലഭിച്ചത്. വിസാ നടപടികള്‍ക്കായി കാത്തിരിക്കുന്നു. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, നീന്തല്‍, ടെന്നീസ് എന്നിവയാണ് ഞാന്‍ തിരഞ്ഞെടുത്തത്. ജെ1 വിസയില്‍ പോകുന്നതുകൊണ്ട് വിദ്യാര്‍ഥി 12 ക്രെഡിറ്റ് അവറെങ്കിലും പഠിച്ചിരിക്കണം. ലിങ്ക്ഡിന്‍ വഴി അവിടത്തെ വിദ്യാര്‍ഥിയുമായി ആശയവിനിമയം നടത്തിയിരുന്നു.

അനു വര്‍ഗീസ്

ബി.എ. ഇക്കണോമിക്‌സ്

ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കിനാനൂര്‍ കാസര്‍കോട്

Content Highlights: The Global Ugrade Program