യർ സെക്കൻഡറി പഠനത്തിനൊപ്പം തൊഴിൽ പരിശീലനം കൂടിയായാലോ ?. ശാസ്ത്ര-സാങ്കേതികവിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിടുന്നവർക്ക് മികച്ച അടിത്തറ ലഭിക്കാൻ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പഠനം നടത്താം. ചിട്ടയായ പഠനവും മികച്ച പ്രായോഗിക പരിശീലനവും തുടർപഠനത്തിന് മുതൽക്കൂട്ടാകും. വിവിധ ജില്ലകളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്‌മെൻറിൻെറ (ഐ.എച്ച്.ആർ.ഡി.) നിയന്ത്രണത്തിൽ 15 സ്കൂളുകളിലാണ് തൊഴിലധിഷ്ഠിത പ്ലസ് വൺ പഠനം.

രണ്ട് കോഴ്സുകൾ

ഇലക്‌ട്രോണിക്സ് അടിസ്ഥാനമാക്കിയ ഫിസിക്കൽ സയൻസ്, ബയോളജി അടിസ്ഥാനമാക്കിയ ഇൻറഗ്രേറ്റഡ് സയൻസ് എന്നിവയാണ് കോഴ്സുകൾ. ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി., ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയാണ് ഫിസിക്കൽ സയൻസിലെ വിഷയങ്ങൾ. പ്രധാനമായും എൻ‍ജിനിയറിങ് അനുബന്ധമേഖലകളിൽ തുടർപഠനത്തിന്‌ ഫിസിക്കൽ സയൻസ് സഹായിക്കും.

ഇൻറഗ്രേറ്റഡ് സയൻസിന് ഫിസിക്കൽ സയൻസിൽനിന്നുള്ള വ്യത്യാസം ഒന്നുമാത്രം. ഇലക്ട്രോണിക് സിസ്റ്റംസിനുപകരം ബയോളജിയാണ്. മെ‍ഡിക്കൽ, പാരാമെഡിക്കൽ മേഖലകളിലെ തുടർപഠനമാണ് കോഴ്സ് ലക്ഷ്യമിടുന്നത്. പ്രായോഗികപരിശീലനത്തിനാണ് മുൻതൂക്കം. ഇതാണ് ടെക്നിക്കൽ ഹയർസെക്കൻഡറി പഠനത്തെ വ്യത്യസ്തമാക്കുന്നതും. പ്ലസ് ടു കഴിഞ്ഞ് സാങ്കേതിക തുടർപഠനം താത്‌പര്യമില്ലാത്തവർക്ക് മറ്റുകോഴ്സുകൾ പഠിക്കാം. ഫിസിക്കൽ സയൻസിൽ 1425 സീറ്റുകളും ഇൻറഗ്രേറ്റഡ് സയൻസിന് 845 സീറ്റുകളുമുണ്ട്.

അപേക്ഷ: ihrd.kerala.gov.in/thss വഴിയോ സ്‌കൂളുകളില്‍ നേരിട്ടോ നല്‍കാം. അവസാനതീയതി ജൂലായ് 24. ഇമെയില്‍- ihrd.itd@gmaiil.com | വാട്‌സാപ്പ്: 854 7373 851.

പ്രത്യേകതകൾ

• ഇംഗ്ലീഷിനുപുറമേയുള്ള രണ്ടാംഭാഷ ഒഴിവാക്കിയിട്ടുണ്ട്. കംപ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി. ആണ് ഇതിനുപകരം പഠിക്കേണ്ടത്. ഇതാണ് സാധാരണ പ്ലസ് വൺ കോഴ്സുമായുള്ള പ്രധാന വ്യത്യാസം.
• പരീക്ഷ നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും സംസ്ഥാന ഹയർ സെക്കൻഡറി വകുപ്പാണ്
• ഏകജാലകസംവിധാനത്തിലല്ല പ്രവേശനം. അതത് സ്കൂളുകളിലാണ് അപേക്ഷ നൽകേണ്ടത്. പരമാവധി മൂന്ന് സ്കൂളുകളിൽ അപേക്ഷ നൽകാം.
• പഠനമാധ്യമം ഇംഗ്ലീഷ്
• ഫീസ് ഒന്നാം വർഷം 12,900 രൂപ. പിന്നാക്കവിഭാഗത്തിന് ഫീസ് ഇളവുണ്ട്.
• ഹോസ്റ്റൽ സൗകര്യം ലഭ്യമല്ല
• പ്രായപരിധി 20 വയസ്സ്. പട്ടികവിഭാഗത്തിന് പരമാവധി പ്രായം 22
• സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. വിഭാഗക്കാർക്കും അപേക്ഷിക്കാം.
സീറ്റുകളുടെ എണ്ണവും വിവരങ്ങൾക്കും www.ihrd.ac.in.

അഭിരുചി വളര്‍ത്താം

സാങ്കേതിക അഭിരുചിയുള്ള കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമാണ് ടി. എച്ച്.എസ്.എസ്. പഠനം. എന്‍ജിനിയറിങ് അനുബന്ധ മേഖലകളില്‍ മികച്ച അടിത്തറ കിട്ടുന്നത് തുടര്‍പഠനത്തെ സഹായിക്കും. 
-ഡോ. പി. സുരേഷ് കുമാര്‍ (ഡയറക്ടര്‍, ഐ.എച്ച്.ആര്‍.ഡി.)

Content Highlights: Technical Higher Secondary Admissions: Apply by 24 July