കോഴിക്കോട്: ''ഇങ്ങനെയൊന്നുമല്ല സ്‌കൂള്‍ പൂട്ടുമ്പോള്‍ വേണ്ടത്. എല്ലാരെയും കാണാന്‍കൂടി കഴിയാതെ എന്ത് പിരിഞ്ഞുപോക്കാണ്...?'' അമിത്തിന്റെ വാക്കുകളില്‍ നിരാശയുണ്ട്. കോവിഡ് കാലത്തെ ഒരധ്യയനവര്‍ഷം കൊഴിയുമ്പോള്‍ ആഘോഷമൊന്നുമില്ലാതെ പടിയിറങ്ങേണ്ടിവരുന്ന വിദ്യാര്‍ഥികളുടെ പ്രതിനിധി. പത്താം ക്ലാസിലെ വര്‍ണപ്പകിട്ടുള്ള സെന്റ്ഓഫ് ആഘോഷങ്ങളുടെ ഓര്‍മയിലാണ് ഈ പന്ത്രണ്ടാം ക്ലാസുകാരന്‍.

ഗ്രൂപ്പ് ഫോട്ടോയില്ല, കൂടിച്ചേരലുകളില്ല, കൈകോര്‍ത്തു പിടിക്കാന്‍പോലും പാടില്ല. ഇങ്ങനെയൊരു സ്‌കൂള്‍ക്കാലം ഇനിയുണ്ടാവരുതെന്നാണ് പടിയിറങ്ങുന്നവരുടെയെല്ലാം അഭിപ്രായം.

പത്തും പന്ത്രണ്ടും ക്ലാസുകളിലുള്ളവര്‍ക്കു മാത്രമാണ് ഇക്കുറി സ്‌കൂളുകളിലെത്താന്‍ കഴിഞ്ഞത്. സംശയങ്ങള്‍ തീര്‍ക്കാനായുള്ള ആ സ്‌കൂള്‍ സന്ദര്‍ശനവും വെള്ളിയാഴ്ച അവസാനിക്കും. സ്‌കൂളിലെത്തിയെങ്കിലും മുഴുവന്‍ കൂട്ടുകാരെയും കാണാനും മനംതുറന്നിടപെടാനും കഴിയാത്തതിന്റെ സങ്കടത്തിലാണ് വിടപറയല്‍.

''ഞങ്ങള്‍ക്ക് ഇങ്ങനെയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ, തീരേ സ്‌കൂളില്‍ വരാന്‍കഴിയാത്ത കുട്ടികളുടെ കാര്യമോ...'' ഇക്കുറി പത്താം ക്ലാസ് പരീക്ഷയെഴുതുന്ന ശ്രീഷ്‌നയുടെ ചോദ്യം. തിങ്കളാഴ്ചയാണ് പത്ത്, പന്ത്രണ്ട് ക്ലാസുകാര്‍ക്ക് മാതൃകാപരീക്ഷ തുടങ്ങുന്നത്. അതിന്റെ മുന്നൊരുക്കങ്ങളും പാഠഭാഗങ്ങളിലെ സംശയം തീര്‍ക്കലുകളുമാണ് ഇപ്പോള്‍ സ്‌കൂളുകളില്‍ നടക്കുന്നത്. അത് ഇനി രണ്ടുനാള്‍കൂടി. മാര്‍ച്ച് 17നാണ് പൊതുപരീക്ഷ തുടങ്ങുക.

പല ബാച്ചുകളായാണ് സ്‌കൂളിലെത്തുന്നതെന്നതിനാല്‍, ഒരേ ക്ലാസിലുള്ള കുട്ടികള്‍ക്കുതന്നെ പരസ്പരം കാണാന്‍ കഴിഞ്ഞിരുന്നില്ല. പരീക്ഷയ്‌ക്കെങ്കിലും എല്ലാവരെയും ഒന്നിച്ചുകാണാനാവുമല്ലോ എന്ന സന്തോഷത്തിലാണ് പന്ത്രണ്ടാം ക്ലാസിലെ മിഥുന്‍. കഴിഞ്ഞവര്‍ഷത്തെ പരീക്ഷയ്ക്കുശേഷം ഈ പരീക്ഷവരെ കാത്തിരിക്കേണ്ടിവരുന്നു പരസ്പരം കാണാന്‍. ഒന്നാം വര്‍ഷക്കാരെ കാണാതെ സ്‌കൂള്‍ വിടേണ്ടിവരുന്ന ആദ്യ പ്ലസ്ടു ബാച്ചുകാരെന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ കുട്ടികള്‍ക്ക്. ''പ്ലസ് വണ്‍കാരെ ഞങ്ങള്‍ മാത്രമല്ല, അധ്യാപകരും കണ്ടിട്ടില്ലല്ലോ...'' എന്ന് പ്ലസ്ടുക്കാരി നന്ദന.

പരീക്ഷയെക്കുറിച്ച് പേടിയൊന്നും വേണ്ടെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും നെഞ്ചിടിപ്പില്ലാതില്ല കുട്ടികള്‍ക്ക്. വിക്ടേഴ്‌സില്‍ ക്ലാസുകളുടെ 70 ശതമാനത്തോളവും അവസാനനാളുകളില്‍ ഓടിച്ചിട്ടു തീര്‍ക്കുകയായിരുന്നു. സ്‌കൂളില്‍ വന്ന് സംശയം തീര്‍ക്കാനും വേണ്ടത്ര സമയം കിട്ടിയിട്ടില്ല. ചോദ്യങ്ങള്‍ ലളിതവും മൂല്യനിര്‍ണയം ഉദാരവുമായിരിക്കുമെന്ന ഉറപ്പിലാണ് കുട്ടികള്‍ ആശ്വസിക്കുന്നത്.

Content Highlights: Students sharing their covid-19 school experience, school closing, sslc plus two exams