കൊച്ചി: 'ടീച്ചറേ...നമ്മുടെ പരീക്ഷ വീണ്ടും മാറ്റി.' ക്ലാസിലെ നന്നായി പഠിക്കുന്ന കുട്ടിയാണ് മറുവശത്ത്. 'ഇപ്പോൾ ഞാൻ വാർത്ത കണ്ടതേയുള്ളൂ ടീച്ചറേ... ഇനിയും ഇങ്ങനെ പരീക്ഷ മാറ്റിയാ എന്തു ചെയ്യും. ഞങ്ങൾക്ക് ഇക്കൊല്ലമിനി വേറെയൊന്നിനും ചേരാൻ പറ്റുമെന്നു തോന്നുന്നില്ല...' ടീച്ചർക്ക് സംസാരിക്കാൻ അവസരം നൽകാതെ മറുപക്ഷത്തുനിന്ന് കരച്ചിൽ തുടരുകയാണ്. സംസ്ഥാനത്തെ പ്രശസ്തമായ ഒരു സർക്കാർ സ്കൂളിലെ അധ്യാപിക രണ്ടുദിവസം മുൻപ് അഭിമുഖീകരിച്ച പ്രശ്നമാണിത്.

ഒരു നിമിഷം ടീച്ചറും സമ്മർദത്തിലായി. ഫോൺ ചെവിയോടമർത്തിപ്പിടിച്ച് ന്യൂസ് ചാനലുകൾ നോക്കാൻ തുടങ്ങി. ഒരിടത്തും വാർത്ത കാണുന്നില്ല.

പരീക്ഷ മാറ്റിയെന്ന് എങ്ങനെ അറിഞ്ഞെന്ന ചോദ്യത്തിന് വാർത്ത വാട്സാപ്പിൽ ഒരു ഫ്രൻഡ് അയച്ചുതന്നുവെന്ന് മറുപടി. അതൊന്ന് ഫോർവേഡ് ചെയ്യാനാവശ്യപ്പെട്ടു. വാട്സാപ്പിൽ വന്നത് പരിശോധിച്ചപ്പോൾ ഞെട്ടിയത് ടീച്ചറാണ്. കഴിഞ്ഞ വർഷത്തെ തീയതിയിലുള്ള വാർത്തയാണ്. തലക്കെട്ട് മാത്രം വായിച്ചാണ് വിദ്യാർഥിയുടെ കരച്ചിൽ. എന്തുകേട്ടാലും കൊച്ചുങ്ങൾ വിശ്വസിക്കുമെന്ന അവസ്ഥയാണ് ഇപ്പോൾ. 'പരീക്ഷ പറഞ്ഞ ദിവസം തന്നെ നടക്കുമോയെന്നു ചോദിച്ച് എത്ര കുട്ടികളാണെന്നോ ഓരോ ദിവസവും വിളിക്കുന്നത്' - അധ്യാപികയുടെ വാക്കുകൾ.

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വീ ഹെൽപ്പ് ടെലിഫോൺ സഹായ കേന്ദ്രത്തിലേക്കും ഇതേ ചോദ്യമുന്നയിച്ച് വിളികളെത്തുന്നുണ്ട്. കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകാനുദ്ദേശിച്ചാണ് സഹായ കേന്ദ്രം. ഉപരിപഠനം പ്രശ്നത്തിലാകുമോയെന്ന ആശങ്കയാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്.

വീ ഹെൽപ്പ് തുടങ്ങിയ ദിവസങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഫോൺവിളികളുടെ എണ്ണം കുറഞ്ഞു. പരീക്ഷയുടെ ചോദ്യങ്ങൾ എങ്ങനെയായിരിക്കും, ചോയ്സ് ഉണ്ടാകുമോ എന്നെല്ലാമാണ് ഭൂരിഭാഗത്തിന്റെയും സംശയങ്ങൾ.

Content Highlights: Students are asking doubts about exam change,we helpline