കോഴിക്കോട്: അവശതകളെയും ശാരീരിക വൈകല്യങ്ങളെയും മറന്ന് ആര്യാ രാജിന് ഇനിയുമേറെ പഠിക്കണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ചില്‍ പഠിച്ച് ശാസ്ത്രജ്ഞയാവണം. അതിന് കരുത്തുണ്ടെന്നതിന്റെ തെളിവാണ് സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് പ്‌ളസ്ടു പരീക്ഷയില്‍ 1200-ല്‍ 1200 നേടിയുള്ള മിന്നുംവിജയം.

Arya
ആര്യാ രാജ്

ശാസ്ത്രമോഹങ്ങള്‍ മാനംമുട്ടേ ഉണ്ടെങ്കിലും തന്റെ ശാരീരികപ്രശ്‌നങ്ങള്‍ ഉപരിപഠനത്തെ ബാധിക്കുമെന്നത് തോന്നല്‍ ഉള്ളതുകൊണ്ട് ഈ വര്‍ഷം പഠനത്തിന് നീക്കിവെക്കാതെ ശരീരം ശക്തിപ്പെടുത്താനുള്ള ചികിത്സയ്ക്ക് വിനിയോഗിക്കാനാണ് തീരുമാനം. ആര്യയുടെ ഈ തീരുമാനത്തിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. മികച്ച ഫിസിയോതെറാപ്പി ലഭിച്ചാല്‍ ആര്യയുടെ ശാരീരികാവസ്ഥയില്‍ മാറ്റം വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, അതിന് വലിയ സാമ്പത്തിക ചെലവ് വരുമെന്നതാണ് ഇവരെ അലട്ടുന്ന വിഷയം.

വെസ്റ്റ്ഹില്‍ സെയ്ന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കീഴില്‍ പരീക്ഷയെഴുതിയാണ് മിന്നുന്ന വിജയം നേടിയത്. സ്വന്തമായി പരീക്ഷയെഴുതാനുള്ള ബുദ്ധിമുട്ട് കാരണം ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌ക്രൈബായി വെച്ചാണ് പരീക്ഷയെഴുതിയത്. അത്താണിക്കല്‍ വീട്ടില്‍ തൊടികയില്‍ വീട്ടില്‍ രാജീവിന്റെയും പുഷ്പജയുടെയും മകളാണ്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കില്ലാതെ സമ്പൂര്‍ണ എ പ്ലസ് നേടിയാണ് പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിച്ചത്.

പഠനത്തില്‍ ഏറ്റവും ഉന്നതനിലവാരം പുലര്‍ത്തുന്ന ആര്യയ്ക്ക് എല്ലാകാര്യങ്ങള്‍ക്കും പരസഹായം വേണം. വസ്ത്രം ധരിക്കാനും പ്രാഥമികകാര്യങ്ങള്‍ക്കും അമ്മയാണ് ആശ്രയം.

അക്കാദമിക് രംഗത്തെ നേട്ടങ്ങളെ മുന്‍നിര്‍ത്തി യൂണിസെഫിന്റെ ചൈല്‍ഡ് അച്ചീവര്‍ അവാര്‍ഡ് നേടിയിട്ടുണ്ട് ആര്യ. സെറിബ്രല്‍ പാള്‍സി ബാധിച്ചവരില്‍ സംസ്ഥാനത്ത് ആദ്യമായി എല്‍.എസ്.എസും യു.എസ്.എസും നേടിയതും ആര്യയാണ്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ഡല്‍ഹിയില്‍നടന്ന അന്താരാഷ്ട്ര സയന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു. സഹോദരന്‍ അര്‍ജുന്‍ രാജ് മാണ്ഡ്യ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു.

Content Highlights: Student with cerebral palsy got full marks in plus two, Plus Two results