'ആകാശത്തിന് എന്തുനിറം കൊടുക്കും?' പച്ചയെന്ന് അസ്ന. സൂര്യന് കടുംനീല. അവയ്ക്കിടയിലെ മേഘങ്ങള്‍ക്ക് മെറൂണ്‍ നിറം. കാഴ്ചയില്ലാകണ്ണുകള്‍ ചിമ്മി. ഭാവനാലോകത്തിരുന്ന് അവളിങ്ങനെ നിറംകൊടുക്കുന്ന രംഗം ക്ലാസ്മുറിയില്‍ മലയാളം ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍, മുന്‍ബെഞ്ചില്‍ അസ്നയുണ്ടാകും.
പാഠപുസ്തകത്തിലെ ആ അധ്യായത്തില്‍ ചിത്രംസഹിതം താനുണ്ടെന്ന് അവള്‍ കേട്ടറിയും. ഒരേസമയം, അമ്പരപ്പും നൊമ്പരവും നിറയും പട്ടം സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലെ ഈവര്‍ഷത്തെ പ്ലസ്വണ്‍ ക്ലാസ്മുറിയില്‍. താന്‍അഭിനയിച്ച് ദേശീയഅവാര്‍ഡ് നേടിയ സിനിമ തനിക്ക് പഠിക്കാനായി മുന്നില്‍; ഇതാണ് സിനിമാക്കഥപോലുള്ള അസ്നയുടെ 'സിലബസ് കഥ'.
2009-ല്‍ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത 'കേള്‍ക്കുന്നുണ്ടോ' എന്ന കഥാചിത്രത്തിലെ അന്ധയായ പെണ്‍കുട്ടിയായി അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയതാണ് അസ്ന. പൂര്‍ണമായും കാഴ്ചയില്ലാത്ത അസ്നയുടെ കഥാപാത്രവും അങ്ങനെയായിരുന്നു. ഈ സിനിമയും തിരക്കഥാഭാഗവുമാണ് ഇക്കുറി പ്ലസ്വണ്‍ മലയാളം രണ്ടാംവിഷയത്തില്‍ പഠിക്കാനുള്ളത്. സിനിമയില്‍നിന്നുള്ള അസ്നയുടെ ചിത്രവും പുസ്തകത്തിലുണ്ട്. കേള്‍വിയിലൂടെ ലോകത്തെ അറിയുന്ന അന്ധയായ പെണ്‍കുട്ടിയുടെ കഥപറയുന്ന 'കേള്‍ക്കുന്നുണ്ടോ' ഗോവന്‍മേളയില്‍ ഗോള്‍ഡന്‍ ട്രീ ലാംപ് പുരസ്‌കാരവും നേടിയിട്ടുണ്ട്.
ആലുവ അന്ധവിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ അഞ്ചരവയസ്സിലാണ് അസ്ന ഈ സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രം സ്‌ക്രീനിലെത്തിയപ്പോള്‍ അഭിനയമല്ലിത്, കാഴ്ചയില്ലാ ലോകത്തുനിന്നുള്ള സ്വാഭാവിക പ്രതികരണങ്ങളായിരുന്നുവെന്നുകണ്ട് ആസ്വാദകര്‍ അമ്പരന്നു. രാഷ്ട്രപതിയായിരുന്ന പ്രതിഭാപാട്ടീലില്‍നിന്ന് കൊച്ച് അസ്ന ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രവും വാര്‍ത്തയുമൊക്കെ ഏറെ ആഘോഷിക്കപ്പെട്ടു.
പക്ഷേ, പിന്നാലെ സിനിമയുടെ വെള്ളിവെട്ടത്തില്‍നിന്നിറങ്ങി അസ്ന വീണ്ടും കഷ്ടതകളുടെ പഴയ ഇരുട്ടിലൂടെ നടന്നു. ചാലയിലെ പച്ചക്കറിക്കടയില്‍ സഹായിയായി നില്‍ക്കുന്ന അച്ഛന്‍ അസ്ലത്തിന് മകളുടെ ചികിത്സച്ചെലവുകള്‍ക്കുപോലും വഴികണ്ടെത്താനാകാഞ്ഞതോടെ ഇവരുടെ വാടകവീട്ടില്‍ സങ്കടങ്ങള്‍ നിറഞ്ഞു. ഞരമ്പുകളുടെ കുഴപ്പമായതിനാല്‍ ഏറെ ചികിത്സകള്‍ നടത്തിയിട്ടും നിറങ്ങളുടെ ലോകം അസ്നയ്ക്കുമുന്നില്‍ തുറന്നില്ല. അമ്മ അസീനയാണ് അസ്നയ്ക്ക് കാഴ്ചയിലേക്കുള്ള ഊന്നുവടി. വീടിനായി ഏറെ വാതിലുകള്‍ മുട്ടി. ഒടുവില്‍ തിരുവനന്തപുരം നഗരസഭയുടെ കൊഞ്ചിറവിള കല്ലടിമുഖത്തെ സമുച്ചയത്തില്‍ ഒരു ഒറ്റമുറി ഫ്‌ളാറ്റ് അനുവദിച്ചു.
ഇതിനിടെ അന്ധവിദ്യാലയത്തില്‍നിന്നുമാറി അസ്ന കുട്ടമശേരി ജി.എച്ച്.എസില്‍നിന്ന് പത്താംതരം ഉയര്‍ന്ന മാര്‍ക്കോടെ പാസായി. രസതന്ത്രം അധ്യാപികയാകണമെന്ന മോഹത്തിന് മുന്നിലും കണ്‍പോളകള്‍ തടസ്സംപറഞ്ഞ് ചിമ്മുകയാണ്. രസതന്ത്രലാബ് തനിക്ക് അപ്രാപ്യമായേക്കുമോ എന്നതാണ് പേടി.
പട്ടം ഗേള്‍സ് സ്‌കൂളില്‍ കംപ്യൂട്ടര്‍സയന്‍സിലാണ് ചേര്‍ന്നത്. ആദ്യദിനംതന്നെ അധ്യാപകര്‍ പറഞ്ഞറിഞ്ഞ് ഈ ദേശീയ അവാര്‍ഡ് താരത്തെ പരിചയപ്പെടാന്‍ സഹപാഠികള്‍ ചുറ്റുംകൂടി. 'കേള്‍ക്കാതിരിക്കാനാകാത്ത ശബ്ദങ്ങളിലൂടെ, കാണാതിരിക്കാനാകാത്ത കാഴ്ചകളെ തേടുന്ന ഒരു അഞ്ചര വയസ്സുകാരി' പാഠപുസ്തകത്തിലെ ഈ വരികള്‍ അവര്‍ അവളെ വായിച്ചുകേള്‍പ്പിച്ചു.
Content Highlights: Inspirational Story, national award winning plus one girl student