ന്യൂയോര്‍ക്ക് കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് ക്ലാര്‍മാന്‍ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച അഭിരുചിയും പ്രവര്‍ത്തനശൈലിയും കാഴ്ചവെക്കുന്ന യുവസ്‌കോളര്‍മാര്‍ക്ക് അപേക്ഷിക്കാം.

വിഷയങ്ങള്‍

കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ ലഭ്യമായ ഏതു വിഷയത്തിലും ആകാം ഗവേഷണം. നാച്വറല്‍, ക്വാണ്ടിറ്റേറ്റീവ്, സോഷ്യല്‍ സയന്‍സസ്, ഹ്യുമാനിസ്റ്റിക് ഇന്‍ക്വയറി, ക്രിയേറ്റീവ് ആര്‍ട്‌സ് തുടങ്ങിയ ഇവയില്‍ ഉള്‍പ്പെടും. പരമ്പരാഗത വിഷയ അതിരുകള്‍ക്കപ്പുറത്തേക്കു കടന്നുചെല്ലുന്ന, ഉയര്‍ന്നുവരുന്ന വിഷയങ്ങളിലും ഗവേഷണം നടത്താം.

മൂന്നു വര്‍ഷത്തേക്ക്

സ്‌കോളറുടെ താത്പര്യപ്രകാരം 2022 ജൂലായ് ഒന്നിനും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ തുടങ്ങാവുന്ന ഫെലോഷിപ്പില്‍ വാര്‍ഷിക സ്‌റ്റൈപ്പെന്‍ഡായി 75,000 യു.എസ്. ഡോളറാണ് (ഏകദേശം 55 ലക്ഷം രൂപ) അനുവദിക്കുക. വാര്‍ഷിക ഗവേഷണ ഫണ്ടായി 12,000 യു.എസ്. ഡോളറും (ഏകദേശം 8.86 ലക്ഷം രൂപ) നല്‍കും. കൂടാതെ, കോര്‍ണല്‍ സര്‍വകലാശാലാ ആനുകൂല്യങ്ങളും ലഭിക്കും. പുരോഗതിക്കു വിധേയമായി മൂന്നു വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

യോഗ്യത

പിഎച്ച്.ഡി. ബിരുദം നേടിയത് ഫെലോഷിപ്പ് ആരംഭിക്കുന്ന 2022 ജൂലായ് ഒന്നിനു മുമ്പുള്ള രണ്ടു വര്‍ഷത്തിനകമാകണം (2020 ജൂണ്‍ 30-നോ ശേഷമോ). ഫെലോഷിപ്പ് കാലയളവില്‍ വേതനത്തോടെയോ അല്ലാതെയോ ഉള്ള ഒരു ജോലിയിലും ഏര്‍പ്പെടാന്‍ പാടില്ല. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലുള്ള ഒരു സ്ഥിരം ഫാക്കല്‍റ്റി അപേക്ഷാര്‍ഥിയുടെ ഹോസ്റ്റ് (മെന്റര്‍) ആയി മൂന്നുവര്‍ഷവും പ്രവര്‍ത്തിക്കാന്‍ സന്നദ്ധത നല്‍കിയിരിക്കണം. താത്പര്യമുണ്ടെങ്കില്‍ ഒരു കോര്‍ണല്‍ ഫാക്കല്‍റ്റിയെ കോ-ഹോസ്റ്റ് ആയി സ്വീകരിക്കാം. ഈ രണ്ടുപേരുടെയും അനുമതി അപേക്ഷാര്‍ഥി രേഖയായി നേരിട്ടു നേടണം. അപേക്ഷിക്കുമ്പോള്‍ ഇവ നല്‍കണം. ഡോക്ടറല്‍ ഗൈഡ് ഉള്‍പ്പെടെ മൂന്നുപേരുടെ (റഫറികള്‍) റെക്കമന്‍ഡേഷന്‍ കത്തുകളും നല്‍കണം.

അപേക്ഷ

as.cornell.edu/research/Klarman-fellowships വഴി ഒക്ടോബര്‍ 15-ന് രാത്രി 11.59 (ഇ.ഡി.ടി.) വരെ നല്‍കാം. പൂര്‍ണമായ കരിക്കുലം വിറ്റ, അംഗീകരിക്കപ്പെട്ട പ്രസിദ്ധീകരണങ്ങള്‍, ഉദ്ദേശിക്കുന്ന ഗവേഷണത്തെ സംബന്ധിച്ച സംഗ്രഹം, ഹോസ്റ്റ്, കോ-ഹോസ്റ്റ്, റഫറികള്‍ എന്നിവരുടെ പേരും കോണ്ടാക്ട് വിലാസവും നല്‍കണം.

content highlights: stipend of 55 lakhs per year, Scholars can apply