സാമൂഹ്യശാസ്ത്രവിഷയത്തില്‍ ഫോക്കസ് ഏരിയയിലേക്ക്, തിരഞ്ഞെടുക്കപ്പെട്ട പാഠഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ പ്രതീക്ഷിച്ച ചോദ്യങ്ങള്‍ വളരെ ലളിതമായിത്തന്നെയാണ് ചോദിച്ചത്. എല്ലാ വിഭാഗം കുട്ടികളെയും പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണ് മിക്കവയും.

ശരാശരിക്കാര്‍ക്കുപോലും സ്‌കോര്‍ നഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത ചോദ്യങ്ങളാണ് മിക്കവയും. മൂന്ന് സ്‌കോറിന്റെ ചോദ്യങ്ങള്‍ ലളിതവും ഉപചോദ്യങ്ങള്‍ ഇല്ലാത്തവയും ആയതുകൊണ്ട് എല്ലാവിഭാഗക്കാര്‍ക്കും തിരഞ്ഞെടുത്തെഴുതാന്‍ സാധിക്കും.

എട്ടാമത്തെ ചോദ്യം 'ഇന്ത്യന്‍ തുണിവ്യവസായത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍ ഏവ' ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യന്‍ തുണിവ്യവസായത്തിന്റെ തകര്‍ച്ച എന്നായിരുന്നെങ്കില്‍ കൂടുതല്‍ സ്പഷ്ടമായേനേ. രണ്ട് ലോകയുദ്ധങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗത്തുനിന്ന് അച്ചുതണ്ട് ശക്തികളില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ പേര് മാത്രം ചോദിച്ചത് കുട്ടികള്‍ക്ക് ആശ്വാസമാണ്.

ആരോഗ്യമുള്ള വ്യക്തികള്‍ രാജ്യപുരോഗതിയില്‍ പങ്കാളികളാകുന്നതെങ്ങനെയെന്ന പത്താമത്തെ ചോദ്യത്തിന് പാഠഭാഗത്തിലൂടെ സ്വാംശീകരിച്ച ആശയങ്ങള്‍ പ്രയോജനപ്പെടുത്തി മറ്റ് വിവരങ്ങളും ഉത്തരമായി എഴുതാം. മുപ്പത്തിയൊന്നാമത്തെ എ, ബി. കോളം യോജിപ്പിക്കാനുള്ള ചോദ്യവും മുപ്പത്തിയാറാമത്തെ പട്ടിക പൂര്‍ത്തിയാക്കാനുള്ള ചോദ്യവും വളരെ ലളിതവും പഠനപ്രവര്‍ത്തനങ്ങളിലൂടെ പരിചയപ്പെട്ടവയുമാണ്.

നദികള്‍, പര്‍വതങ്ങള്‍, പീഠഭൂമികള്‍ ഈ മൂന്ന് വിവരങ്ങള്‍ മാത്രമേ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ഉണ്ടാവൂ എന്ന നേരത്തേയുള്ള നിര്‍ദേശം വിദ്യാര്‍ഥികള്‍ക്ക് തുണയായി. മുപ്പത്തി ഒന്‍പത് മുതല്‍ നാല്പത്തിരണ്ട് വരെയുള്ള ഉയര്‍ന്ന സ്‌കോറിന്റെ ചോദ്യങ്ങള്‍ക്ക് ഓരോ ചോദ്യത്തിനും രണ്ട് സൂചനകള്‍ വികസിപ്പിച്ചാല്‍ പരമാവധി സ്‌കോര്‍ കിട്ടും.

സമയവ്യത്യാസം കണക്കുകൂട്ടി കണ്ടു പിടിക്കുന്നതിനുപകരം ഗ്രീനിച്ച് സമയവും ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് സമയവും തമ്മിലുള്ള വ്യത്യാസം വിശദമാക്കാനുള്ള ആറ് സ്‌കോറിന്റെ ചോദ്യം കുട്ടികള്‍ക്ക് കൂടുതല്‍ ആശ്വാസമായി. സാമൂഹ്യശാസ്ത്രവിഷയത്തില്‍ ഉള്ളടക്കത്തിന്റെ ആധിക്യം ഉണ്ടെങ്കിലും 'ഫോക്കസ് ഏരിയ' ആയി നിജപ്പെടുത്തിയ ഭാഗങ്ങള്‍ കുട്ടികള്‍ക്ക് പഠനഭാരം കുറയ്ക്കാന്‍ സഹായിച്ചു.

പഴശ്ശി കലാപത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനുള്ള 23ാമത്തെ ചോദ്യത്തിലൂടെ കേരളചരിത്രവും പരിഗണിക്കപ്പെട്ടു.

ഇന്ത്യയുടെ വിദേശനയം, ശാസ്ത്രസാങ്കേതിക പുരോഗതി, വിദ്യാഭ്യാസ,,ന ആരോഗ്യരംഗം, മണ്ണ്, നദികള്‍, ഭൂരൂപങ്ങള്‍, ഹിമാലയം എന്നീ ഭാഗങ്ങളും സമഗ്രതയോടെ കണ്ട് തയ്യാറാക്കിയ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് തിരഞ്ഞെടുത്തെഴുതാന്‍ കൂടി സൗകര്യം നല്‍കിയതോടെ പേടിയില്ലാത്ത പരീക്ഷയായി സാമൂഹ്യശാസ്ത്രം മാറി.

(മലപ്പുറം പരപ്പനങ്ങാടി എസ്.എന്‍.എം.എച്ച്.എസ്.എസിലെ അധ്യാപകനാണ് ലേഖകന്‍)

Content Highlights: SSLC Question paper analysis, Social science