കോഴിക്കോട്: കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിലൂടെ അധ്യയനവര്‍ഷം പൂര്‍ത്തിയാക്കിയ എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച പരീക്ഷാഹാളിലേക്ക്. അവസാനത്തെ കുറച്ച് ദിവസങ്ങളൊഴിച്ച് പൂര്‍ണമായും ഓണ്‍ലൈന്‍വഴി പഠിച്ച കുട്ടികളാണ് പരീക്ഷയെഴുതുന്നത്. അതുകൊണ്ടുതന്നെ പുതിയ രീതിയിലാണ് ഇത്തവണത്തെ ചോദ്യപ്പേപ്പര്‍. എസ്.എസ്.എല്‍.സി.ക്ക് മലയാളമാണ് ആദ്യവിഷയം. പരീക്ഷ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40ന് തുടങ്ങും.

കൂടുതല്‍ ചോദ്യങ്ങള്‍; കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാം

ഓരോ ചോദ്യപ്പേപ്പറിനും നിശ്ചയിച്ചിട്ടുള്ള പരമാവധി മാര്‍ക്കിലോ ഉത്തരമെഴുതാനുള്ള പരമാവധി സമയത്തിലോ ഇത്തവണയും മാറ്റമില്ല. എന്നാല്‍, കുട്ടികള്‍ക്ക് നന്നായറിയുന്ന ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരമുണ്ട്. ഇതിനായി പരമാവധി മാര്‍ക്കിന്റെ ഇരട്ടി മാര്‍ക്കിലുള്ള ചോദ്യങ്ങളുണ്ടാവും. ഓരോ പേപ്പറിനും അനുവദിച്ച പരമാവധി മാര്‍ക്കും സമയവും പരിഗണിച്ചാകണം കുട്ടികള്‍ ഉത്തരമെഴുതേണ്ടത്. പരമാവധി മാര്‍ക്കിലും അധികം ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരമെഴുതിയാല്‍ അവയും മൂല്യനിര്‍ണയത്തിന് വിധേയമാക്കും. ഈ സാഹചര്യത്തില്‍ മൂല്യനിര്‍ണയം നടത്തുന്നതിന് അധ്യാപകര്‍ക്ക് പ്രത്യേക നിര്‍ദേശം വിദ്യാഭ്യാസവകുപ്പ് നല്‍കിയിട്ടുണ്ട്.

നെട്ടോട്ടമോടി അധ്യാപകര്‍

പരീക്ഷാഡ്യൂട്ടിക്കുള്ള മിക്ക അധ്യാപകരും ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ളവരായിരുന്നു. ഇത് ഇത്തവണ അധ്യാപകരെ കുറച്ചൊന്നുമല്ല വലച്ചത്. പോളിങ് കഴിഞ്ഞ് തിരഞ്ഞെടുപ്പ് സാമഗ്രികളുംമറ്റും പലരും തിരിച്ചേല്‍പ്പിച്ചുകഴിഞ്ഞപ്പോഴേക്കും രാത്രി 12 കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പല അധ്യാപകരും ബുധനാഴ്ച ഉച്ചയോടെയാണ് സ്‌കൂളിലെത്തി പരീക്ഷാഡ്യൂട്ടിക്കുള്ള ഓര്‍ഡറുകള്‍ കൈപ്പറ്റിയത്.

തിരഞ്ഞെടുപ്പുഡ്യൂട്ടി, സ്‌കൂളുകളിലെ പരീക്ഷാ ഒരുക്കത്തെയും ബാധിച്ചു. മിക്ക പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും തിരഞ്ഞെടുപ്പുഡ്യൂട്ടിയുണ്ടായിരുന്നു. ഇവര്‍ക്കാണ് പരീക്ഷയുടെ ഒരുക്കത്തിന്റെയും ചുമതല. ഇവര്‍ ഡ്യൂട്ടി കഴിഞ്ഞുവന്ന ശേഷമാണ് സ്‌കൂളിലെ പരീക്ഷാ ഒരുക്കങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞത്.

മാത്രമല്ല, മിക്ക സ്‌കൂളിലും പോളിങ് ബൂത്തുകളായിരുന്ന ക്ലാസ്മുറികള്‍ പരീക്ഷയ്ക്കായി മാറ്റി ക്രമീകരിക്കേണ്ടിയും വന്നു. ബുധനാഴ്ച സ്‌കൂളുകളില്‍ തിരക്കിട്ട ഒരുക്കങ്ങള്‍നടന്നു. ക്ലാസുകള്‍ അടിച്ചുവാരി ബെഞ്ചും ഡെസ്‌കും ക്രമീകരിച്ചശേഷം വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശപ്രകാരം അണുനശീകരണം നടത്തി. തുടര്‍ന്ന് ക്രമനമ്പര്‍ പതിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ

കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കും പരീക്ഷകള്‍. തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ക്രമീകരിക്കും. ഇതിനുശേഷം കുട്ടികളെ കൂട്ടംകൂടാന്‍ അനുവദിക്കാതെ ക്ലാസുകളിലേക്കയക്കും. 

സാമൂഹിക അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയ്ക്കുമുമ്പുള്ള കൂള്‍ ഓഫ് ടൈം 15 മിനിറ്റില്‍നിന്ന് 20 മിനിറ്റായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഗ്ലൗസുകള്‍ ധരിച്ചുവേണം അധ്യാപകര്‍ ക്ലാസുകളില്‍ പ്രവേശിക്കാന്‍. ശരീരോഷ്മാവ് കൂടുതലുള്ളവരെയും ക്വാറന്റീനിലുള്ളവരെയും പരീക്ഷക്കിരുത്താന്‍ എല്ലാ കേന്ദ്രങ്ങളിലും ഒരു മുറി പ്രത്യേകമൊരുക്കും. കോവിഡ് രോഗികള്‍ക്ക് പരീക്ഷയെഴുതാനും ഒരു മുറി പ്രത്യേകം ക്രമീകരിക്കുന്നുണ്ട്.

കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* വിദ്യാലയത്തിലെ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ

* മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക

* ഒരു കുപ്പി സാനിറ്റൈസര്‍ കൈയില്‍ കരുതുക

* പരീക്ഷയ്ക്കുള്ള ഉപകരണങ്ങള്‍ കൊണ്ടുവരുക, കൈമാറാതിരിക്കുക

* വെള്ളം സ്വന്തമായി കൈയില്‍ കരുതുക

* ഒരുതരത്തിലുള്ള കൂട്ടംകൂടലുകളും പാടില്ല

* പരീക്ഷയ്ക്ക് വളരെ നേരത്തെ എത്താതിരിക്കുക, കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് പോവുക

* സ്‌കൂളിലുള്ള അധികൃതരുടെയും ആരോഗ്യവകുപ്പുകാരുടെയും പി.ടി.എ. അംഗങ്ങളുടെയും നിര്‍ദേശങ്ങള്‍ പാലിക്കുക

Content Highlights: SSLC, Plus two Exams starts today, New Exam patterns and covid protocols to be implemented