മറ്റു പരീക്ഷകളെപ്പോലെ ഫോക്കസ് ഏരിയ, കൂടുതല്‍ മാര്‍ക്കിനുള്ള ചോയ്‌സ് എന്നിങ്ങനെ വിദ്യാര്‍ഥി സൗഹൃദമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് ചോദ്യപ്പേപ്പര്‍ പൊതുവേ എളുപ്പമായിരുന്നു. മറ്റു വിഷയങ്ങളില്‍നിന്നും വ്യത്യസ്തമായി, സയന്‍സില്‍ ഉപരിപഠനത്തിന് പോകുന്നവര്‍ക്ക് അടിസ്ഥാന കാര്യങ്ങളെകുറിച്ച് ധാരണ കിട്ടേണ്ടതുകൊണ്ട്, പത്താംക്ലാസ് ഫിസിക്‌സിന്റെ ഫോക്കസ് ഏരിയ കൂടുതല്‍ വിശാലമായിരുന്നു.

അതുകൊണ്ടുതന്നെ മറ്റുവിഷയങ്ങളെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കുട്ടികള്‍ പഠിക്കേണ്ടിയിരുന്നു. അതോടൊപ്പം സയന്‍സ് പോലുള്ള വിഷയങ്ങളില്‍ ആര്‍ജിക്കേണ്ട, പരീക്ഷണ-നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിവുനിര്‍മാണ പ്രക്രിയകളിലൂടെ പൂര്‍ണമായും കടന്നുപോകാതെ, ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയുള്ള പഠനം സൃഷ്ടിച്ച പരിമിതികളും കുട്ടികള്‍ക്കുണ്ടായിരുന്നു.

എന്നിരുന്നാലും ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍, സ്‌കൂളില്‍നിന്നുള്ള ഓണ്‍ലൈന്‍- ഓഫ്‌ലൈന്‍ ക്ലാസുകള്‍ എന്നിവയിലൂടെ നേടിയ ധാരണയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ സ്‌കോറും നേടാന്‍ കഴിയുന്നതരത്തിലുള്ളതായിരുന്നു ഇത്തവണത്തെ ഫിസിക്‌സ് ചോദ്യപ്പേപ്പര്‍.

വൈദ്യുതി, പ്രകാശം, ഊര്‍ജപരിപാലനം എന്നീ പ്രധാന ആശയങ്ങളെയാണ് പത്താംക്ലാസ് പാഠപുസ്തകം വിനിമയംചെയ്യുന്നത്. അതില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട ആദ്യത്തെ മൂന്നുപാഠഭാഗങ്ങളിലെ ചോദ്യങ്ങള്‍മാത്രം നന്നായി എഴുതിയാലും മുഴുവന്‍ മാര്‍ക്കും ലഭിക്കും.

വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുതകാന്തിക പ്രേരണം, പ്രകാശത്തിന്റെ അപവര്‍ത്തനം എന്നീ മൂന്നു പാഠങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ മാര്‍ക്കിനുള്ള ചോദ്യങ്ങള്‍. ഗണിതപ്രശ്‌നങ്ങള്‍ ഫിസിക്‌സിന്റെ ഭാഗമാണെങ്കിലും അതിലെ ഗണിതം പരമാവധി ലഘൂകരിച്ചിട്ടുണ്ട്. ഒന്നാമത്തെ പാഠഭാഗത്തുനിന്നാണ് കൂടുതല്‍ ഗണിത ചോദ്യങ്ങള്‍ ഉണ്ടായിരുന്നത്. ദര്‍പ്പണങ്ങളെ കുറിച്ചുള്ള നാലാംപാഠത്തില്‍നിന്നും ലഘു ഗണിത പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

കൂടുതല്‍ ചോദ്യങ്ങളും ഫോക്കസ് ഏരിയയില്‍ നിന്നുതന്നെയായിരുന്നു. ഒരു സ്‌കോര്‍ വീതമുള്ള ആദ്യ എട്ട് ചോദ്യങ്ങള്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നവയായിരുന്നില്ല. രണ്ട് സ്‌കോര്‍ വീതമുള്ള 12 ചോദ്യങ്ങളുണ്ടായിരുന്നു. ഇതില്‍ ആറുചോദ്യങ്ങള്‍ നേരിട്ടുള്ളതായിരുന്നു. 16-ാം ചോദ്യത്തിലെ പതനകോണ്‍, 17- ദര്‍പ്പണത്തിന്റെ ഗണിത പ്രശ്‌നം, 18-ാം ചോദ്യത്തിലെ പ്രകാശവേഗത കൂടിയ മാധ്യമം എന്നിവയാണ് അല്പം ചിന്താപ്രക്രിയ ആവശ്യമായിവരുന്ന ചോദ്യങ്ങള്‍

മൂന്നു സ്‌കോറിന്റെ എട്ട് ചോദ്യങ്ങളുണ്ട്. ഇതില്‍ ഒന്നാമത്തെ പാഠത്തിലെ രണ്ട് ഗണിത പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ ചോദ്യങ്ങള്‍ പരമാവധി എളുപ്പമാക്കാനും സ്ഥിരം ചോദ്യശൈലിയില്‍നിന്ന് വ്യത്യാസം ഉണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട്. 24-ാം ചോദ്യം ഗ്രാഫ് വിശകലനമാണ് ഈ വിഭാഗത്തിലെ മറ്റൊരു വ്യത്യസ്തത.

നാലു സ്‌കോറിന്റെ ആറു ചോദ്യങ്ങളില്‍ 32-ാമത്തേത് ഗണിത പ്രശ്‌നവും അവസാനത്തേത്ത് ലെന്‍സിലെ പ്രതിബിംബ ചിത്രീകരണവുമായിരുന്നു. നേരിട്ടുള്ള ചോദ്യങ്ങളല്ലാത്തരീതിയിലാണ് ഈ വിഭാഗത്തില്‍ ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഏതായാലും മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ഈ ഫിസിക്‌സ് പരീക്ഷയും മോഡല്‍ പരീക്ഷയിലേതുപോലെ കുട്ടികള്‍ക്ക് വളരെയധികം ആത്മവിശ്വാസവും ആവേശവും നല്‍കുന്നതായിരുന്നു.


(നന്ത്യാട്ടുകുന്നം എസ് എന്‍ വി സംസ്‌കൃതം എച്ച്.എസിലെ അധ്യാപകനാണ് ലേഖകന്‍)

Content Highlights: SSLC Physics Examination