ഭാഷാവിനിമയത്തിനും അനുഭവങ്ങളുടെ സ്വാഭാവികാവിഷ്‌കാരത്തിനും പ്രാധാന്യം ലഭിക്കുംവിധമായിരുന്നു ആദ്യ എസ്.എസ്.എല്‍.സി. പരീക്ഷയായ മലയാളം ഒന്നാംപേപ്പര്‍. വ്യത്യസ്ത വ്യവഹാരരൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചോദ്യങ്ങള്‍ എല്ലാ നിലവാരക്കാരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു. കഴിഞ്ഞ പരീക്ഷയില്‍ 25 ശതമാനം അധികചോദ്യങ്ങള്‍ ഉണ്ടായിരുന്നത് ഇത്തവണ 30 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ശരാശരിക്കാര്‍ക്കും എ പ്ലസ് നേടാനുള്ള സാധ്യത കൂടി. 

ഒരു സ്‌കോര്‍ വീതമുള്ള ആദ്യ നാലുചോദ്യങ്ങളില്‍ മൂന്നെണ്ണം ബഹുവികല്‍പ്പമാതൃകയിലുള്ളതും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായിരുന്നു. ഭാരതീയ നാടകങ്ങളുടെ മുന്നണിയില്‍ നില്‍ക്കുന്ന രചനയാണ് അഭിജ്ഞാന ശാകുന്തളം എന്ന വാക്യത്തില്‍ അടിവരയിട്ട 'ഭാരതീയ നാടകങ്ങളുടെ' വിഗ്രഹരൂപമാണ് ആദ്യചോദ്യം. തന്നിരിക്കുന്ന ഉത്തരത്തില്‍നിന്ന് വാക്യം ഗ്രഹിച്ച് 'ഭാരതീയമായ നാടകം' എന്ന ഉത്തരം കണ്ടെത്താം.

ചിത്രകലയുടെ ഗുണവിശേഷങ്ങളില്‍ പെടാത്തതേത് എന്ന രണ്ടാംചോദ്യത്തിന് 'ചലനമാണ് ചിത്രകലയുടെ ജീവന്‍' എന്നെഴുതാന്‍ പ്രയാസമില്ല. ദസ്തയേവ്സ്‌കിയുടെ ജീവിതാവസ്ഥയെ കുറിക്കുന്ന കഴുകന്റെ നഖങ്ങളിലേക്ക് എന്ന പ്രയോഗത്തിന്റെ സൂചന ദസ്തയേവ്സ്‌കിയുടെ ജീവിതസന്ദര്‍ഭങ്ങള്‍ നന്നായി ഉള്‍ക്കൊണ്ട കുട്ടികള്‍ക്ക് 'എപ്പോഴും ഇരയായിത്തീരുന്നതിന്റെ നിസ്സഹായാവസ്ഥ' എന്ന ഉത്തരത്തിലെത്താം.

ഒരുമാര്‍ക്കിന്റെ നാലാംചോദ്യവും അര്‍ഥവ്യത്യാസംവരാതെ ലഘുവാക്യങ്ങളാക്കാന്‍ ബുദ്ധിമുട്ടില്ല. 'അന്നുഞാന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്നു. അക്കാലത്ത് ഉണ്ടായ ഒരു സംഭവമാണ് എന്നെ ചെറുകഥകള്‍ എഴുതാന്‍ പ്രേരിപ്പിച്ചത്' എന്നോ 'ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഒരു സംഭവമുണ്ടായി. 
അതാണ് എന്നെ ചെറുകഥകള്‍ എഴുതാന്‍ പ്രേരിപ്പിച്ചത്' എന്നോ 'ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലം. അന്നുണ്ടായ ഒരു സംഭവമാണ് എന്നെ ചെറുകഥകള്‍ എഴുതാന്‍ പ്രേരിപ്പിച്ചത്'. എന്നോ എഴുതാം.

തുടര്‍ന്ന് രണ്ട് സ്‌കോര്‍ വീതമുള്ള മൂന്നുചോദ്യങ്ങളില്‍നിന്ന് രണ്ടെണ്ണം തിരഞ്ഞെടുക്കാം. പ്രിയദര്‍ശനം എന്ന ശീര്‍ഷകം കാവ്യഭാഗത്തിന് എത്രമാത്രം യോജിക്കുന്നു എന്ന ചോദ്യം നളിനിയുടെ കാത്തിരിപ്പ് പാഠഭാഗത്തുനിന്ന് മനസ്സിലാക്കിയതിനാല്‍ വേഗത്തില്‍ എഴുതാം. 'ഇവര്‍ ചെയ്യുന്നതെന്തെന്നിവരറിവീല' എന്ന വരികളുടെ അര്‍ഥവ്യാപ്തി രണ്ടുവരിയില്‍ ഒതുക്കാന്‍ പ്രയാസമാണ്. 

നാല് സ്‌കോര്‍ വീതമുള്ള ആറുചോദ്യങ്ങളില്‍ ആദ്യത്തേത് ഒ.വി.വിജയന്റെ 'കടല്‍ത്തീരത്ത്' എന്ന കഥയെ ആസ്പദമാക്കി ഗ്രാമ-നഗര ജീവിതങ്ങളുടെ വ്യത്യാസം ഉള്‍ക്കൊണ്ട് വിശകലനക്കുറിപ്പ് തയ്യാറാക്കാനുള്ളതാണ്. 'മൈക്കലാഞ്ജലോ, മാപ്പ്' എന്ന കവിതയിലെ വരികള്‍ മുന്‍നിര്‍ത്തി കവിതയുടെ ചലനാത്മകത വിശകലനംചെയ്യാനുള്ള ചോദ്യവും 'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന സുഭാഷ് ചന്ദ്രന്റെ കഥയിലെ കിഴവന്‍ മിറലിന്റെ ആന്തരികസംഘര്‍ഷങ്ങള്‍ വിശകലനംചെയ്യുന്ന ചോദ്യവും ഉയര്‍ന്ന നിലവാരക്കാരെ പരിഗണിക്കുന്നതാണ്.

'അശ്വമേധ'ത്തിലെ വരികള്‍ നല്‍കി വയലാറിന്റെ കാവ്യദര്‍ശനത്തെക്കുറിച്ചുള്ള നിരീക്ഷണക്കുറിപ്പ് തയ്യാറാക്കാനുള്ള ചോദ്യവും ലളിതമായിരുന്നു. താരതമ്യേന സങ്കീര്‍ണമെന്ന് പറയുന്ന അശ്വമേധത്തിലെ ലളിതമായ വരികള്‍ സ്വീകരിച്ചത് നന്നായി. ലളിതാംബിക അന്തര്‍ജനത്തിന്റെ 'വിശ്വരൂപം' എന്ന കഥയിലെ മാഡം തലത്തിനെ തിരിച്ചറിവിലേക്കെത്തിക്കുന്ന സന്ദര്‍ഭവും അനായാസമായി. ബഷീറിന്റെ 'അമ്മ' എന്ന കഥയെ ആസ്പദമാക്കിയുള്ള ചോദ്യവും പുതിയ തലമുറയുടെ ജീവിതത്തെ സ്പര്‍ശിക്കുംവണ്ണം ഉത്തരം എഴുതാവുന്നതാണ്. 

ഉപന്യാസം, പ്രഭാഷണം, ആസ്വാദനം തുടങ്ങിയ വ്യത്യസ്ത വ്യവഹാരരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആറുമാര്‍ക്കിന്റെ മൂന്നുചോദ്യങ്ങളില്‍ രണ്ടെണ്ണം തിരഞ്ഞെടുക്കാം. 
എഴുത്തച്ഛന്റെ 'ലക്ഷ്മണസാന്ത്വന'വും തന്നിരിക്കുന്ന വരികളും ചേര്‍ത്തുള്ള ഉപന്യാസം നന്മയും ധാര്‍മികമൂല്യങ്ങളും ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയെയും മനുഷ്യജീവിതത്തിന്റെ നശ്വരതയെയും അടയാളപ്പെടുത്തുന്നതാണ്. 'യുദ്ധം മാനവരാശിക്ക് ആപത്ത്' എന്ന വിഷയത്തില്‍ പ്രഭാഷണം തയ്യാറാക്കാനുള്ള ചോദ്യം യുദ്ധത്തിന്റെ പരിണാമം എന്ന പാഠഭാഗത്തെ ആശയങ്ങളും സമകാലികാവസ്ഥകളും ചേര്‍ത്തുവെച്ച് എഴുതേണ്ടതാണ്. 

മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ദോഷകരമാകുന്ന യുദ്ധത്തിന്റെ പരിണതഫലങ്ങളെക്കുറിച്ചുള്ള പ്രഭാഷണം ക്ലാസുതല പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചതന്നെയാണ്. മലയാളിയുടെ പ്രദര്‍ശനപരതയെ പരിഹസിക്കുന്നതും കാലികപ്രസക്തവുമായ കുഞ്ഞുണ്ണിക്കവിതയുടെ ആസ്വാദനമായിരുന്നു അവസാന ചോദ്യം. എല്ലാ നിലവാരക്കാര്‍ക്കും ഉത്തരമെഴുതാമായിരുന്നെങ്കിലും അടിസ്ഥാനപാഠാവലിയുടെ പാഠഭാഗങ്ങളോടായിരുന്നു ഈ ചോദ്യത്തിന് ബന്ധം.

ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്നവണ്ണം ആസ്വാദനം, വിശകലനം, നിരീക്ഷണം, വിമര്‍ശനം, പ്രഭാഷണം, ഉപന്യാസം തുടങ്ങി വിവിധ വ്യവഹാരരൂപങ്ങളിലൂടെ കടന്നുപോകാന്‍ ചോദ്യകര്‍ത്താവിന് സാധിച്ചിട്ടുണ്ട്. ദളിത് ജീവിതം പശ്ചാത്തലമായിവരുന്ന ശരണ്‍കുമാര്‍ ലിംബാളെയുടെ 'അക്കര്‍മാശി' ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന പാഠമായിരുന്നെങ്കിലും അതില്‍നിന്ന് ചോദ്യങ്ങളൊന്നും വന്നില്ല എന്നതും ഏറ്റവും കുറച്ച് പ്രാധാന്യം ആ യൂണിറ്റിന് നല്‍കി എന്നതും ഒരു പരിമിതിയാണ്. 

പാഠപുസ്തകങ്ങളിലെ യൂണിറ്റുകള്‍ക്ക് മുന്നോടിയായി കാവ്യാത്മകവും തീവ്രവുമായ പ്രവേശകങ്ങള്‍ നല്‍കുകയും അവ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്‌തെങ്കിലും ചോദ്യങ്ങളില്‍ അവയ്ക്ക് സ്ഥാനമുണ്ടായില്ല.

(ലേഖിക എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തലയോലപ്പറമ്പിലെ അധ്യാപികയാണ്.)

Content Highlight: Education, SSLC, SSLC Exam, Board Exam.