സ്റ്റ് ബെല്ലിന്റെ നിറഞ്ഞ പിന്തുണകളും ജനുവരി മുതല്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നടന്ന പഠനപ്രവര്‍ത്തനങ്ങളും സംശയനിവാരണങ്ങളുമൊക്കെ നൂറുശതമാനം ഗുണപരമായി കുട്ടികള്‍ക്ക് അനുഭവപ്പെട്ട ഹിന്ദി പരീക്ഷയാണ് കഴിഞ്ഞുപോയത്. മുന്‍കൂട്ടി അറിയിച്ച ഫോക്കസ് ഏരിയയില്‍ നിന്ന് കുട്ടികള്‍ പ്രതീക്ഷിച്ച ചോദ്യങ്ങള്‍ വന്നതും ഇരട്ടി ചോദ്യങ്ങളുടെ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളൊക്കെ ഒന്നിനൊന്ന് നമ്മുടെ മക്കളോട് ചേര്‍ന്നുനിന്നു എന്നതും കുറച്ചൊന്നുമല്ല ആശ്വാസം പകര്‍ന്നത്.

പരീക്ഷാഹാളില്‍ ഇരുന്ന കുട്ടികള്‍ക്ക് മധുരം നല്‍കിയതുപോലെയായിരുന്നു ഒന്നുമുതല്‍ അഞ്ചുവരെയുള്ള 15 മാര്‍ക്കിന്റെ ചോദ്യങ്ങള്‍. അഞ്ചാം ക്ലാസിലെ റിസള്‍ട്ടിനുശേഷം ആറാം ക്ലാസിലേക്ക് പ്രവേശനം നേടാനൊരുങ്ങുന്ന ബേലയുടെയും സാഹിലിന്റെയും മനോവികാരങ്ങളെ കോര്‍ത്തിണക്കിയ ചോദ്യഭാഗം കുട്ടികള്‍ പ്രതീക്ഷിച്ചതുതന്നെയാണ്. തിരക്കഥയും ഡയറിയുമുള്‍പ്പെടെയുള്ള ഭാഷാവ്യവഹാര രൂപങ്ങളുടെ നിര്‍മിതിയും ഇവിടെ വളരെ എളുപ്പമായി.

പത്തുമാര്‍ക്കിന്റെ ചോദ്യഭാഗംവന്ന ആറു മുതല്‍ ഒമ്പത് വരെയുള്ള ചോദ്യങ്ങള്‍ക്കായുള്ള കവിതാഭാഗം കുട്ടികള്‍ ക്‌ളാസ് റൂം പ്രവര്‍ത്തനങ്ങളിലും സംശയനിവാരണ ക്ലാസുകളിലും പരിചയിച്ചതായിരുന്നു. വിശേഷണ ശബ്ദം എഴുതാനുള്ള ഏഴാം ചോദ്യം എല്ലാതരം കുട്ടികളെയും പരിഗണിക്കുന്നതാണ്. 'ഐ ആം കലാം കേ ബഹാനേ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിവന്ന 10 മുതല്‍ 13 വരെയുള്ള ചോദ്യങ്ങള്‍ നല്ല നിലവാരം പുലര്‍ത്തി. അഞ്ച് മാര്‍ക്കിന്റെ 12ാം ചോദ്യവും 13ാം ചോദ്യവും കുട്ടികള്‍ക്ക് പരിചിതമായിരുന്നു.

മുഴുവന്‍ കുട്ടികളും ആവേശത്തോടെ കാത്തിരുന്ന ചോദ്യരൂപം വന്നത് 17 മുതല്‍ 21 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനുള്ള 'സബ്‌സേ ബഡാ ശോ മാന്‍' എന്ന പാഠഭാഗത്തെ ആസ്പദമാക്കിവന്ന ചോദ്യമായിരുന്നു. അഞ്ചുമാര്‍ക്കിന്റെ 20-ാം ചോദ്യം സംഭാഷണം തയ്യാറാക്കാനും 21-ാം ചോദ്യം പത്രവാര്‍ത്ത തയ്യാറാക്കാനുമായിരുന്നു. ഇതെല്ലാം കുട്ടികള്‍ക്ക് പരിചയമുള്ളതുമായിരുന്നു.

ഫോക്കസ് ഏരിയയ്ക്ക് വെളിയില്‍ നിന്നുവന്ന 22-25 വരെയുള്ള ചോദ്യങ്ങളും മുമ്പെങ്ങും ഇല്ലാത്തവിധം കുട്ടികളെ നല്ലതുപോലെ പരിഗണിച്ചിട്ടുണ്ട്. 23-ാം ചോദ്യത്തിന്റെ ഉത്തരമായ 'ഗംഗീ ബോല്‍ത്തീ ഹെ' എന്നത് പാഠഭാഗം വായിക്കാത്ത കുട്ടിക്കുപോലും എഴുതാന്‍ കഴിയുന്ന വിധത്തിലാണ് ചോദിച്ചത്. 26 മുതല്‍ 28 വരെയുള്ള നാലുമാര്‍ക്കിന്റെ ചോദ്യങ്ങളും 29 മുതല്‍ 31 വരെയുള്ള ആറു മാര്‍ക്കിന്റെ ചോദ്യങ്ങളും ലളിതവും നിലവാരം പുലര്‍ത്തിയവയുമാണ്.

ചുരുക്കത്തില്‍ 60 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍നിന്നുവന്നത് മുഴുവനും എളുപ്പമായിരുന്നു. 15, 10, 12, 8, 15 എന്നീ ക്രമത്തില്‍ നാല് പാഠഭാഗങ്ങളില്‍നിന്ന് രസകരവും നിലവാരം പുലര്‍ത്തിയതുമായ 21 ചോദ്യങ്ങള്‍. വളരെക്കാലത്തിനുശേഷം കാര്യമായ ഒരു വിമര്‍ശനവും ഏറ്റുവാങ്ങാത്ത ഒരു രാഷ്ട്രഭാഷാ പരീക്ഷയായി ഇത് അടയാളപ്പെടുത്തുകതന്നെ ചെയ്യും. 40 മാര്‍ക്കിന്റെ മാത്രം ചോദ്യങ്ങള്‍ പരീക്ഷാഹാളില്‍ കണ്ടുപരിചയിച്ച കുട്ടി ഒരു പ്രത്യേക സാഹചര്യത്തില്‍ 80 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ കാണുമ്പോള്‍ ഉണ്ടായേക്കാവുന്ന ഭയാശങ്കകളെ ഇല്ലാതാക്കിയ രസകരമായ പരീക്ഷയാണ് കഴിഞ്ഞുപോയത്. ഒന്നാമത്തെ ചോദ്യത്തില്‍ 'കോന്‍സീ കക്ഷാമേം' എന്ന പ്രയോഗം 'കിസ് കക്ഷാമേം' എന്നായിരുന്നെങ്കില്‍ കുറച്ചുകൂടി ആ ചോദ്യത്തിന് ഭംഗിവരുമായിരുന്നു. ഈ ചോദ്യപ്പേപ്പര്‍ സെറ്റിങ്ങിന് മുഴുവന്‍ മാര്‍ക്കും എ പ്‌ളസും നല്‍കാന്‍ കഴിയുന്നതരത്തിലാണ് ഇതിന്റെ ഘടന.

(പത്തനംതിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കലഞ്ഞൂരിലെ അധ്യാപകനാണ് ലേഖകന്‍)

Content Highlights: SSLC Hindi question paper analysis